കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി വിഭാഗമായ ‘ഫെഡോ’യും കോഴിക്കോട് എന്‍.ഐ.ടി.യും ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്ത് അവയില്‍ നിന്ന് പെട്രോളും ഡീസലും ഉത്പാദിപ്പിക്കാന്‍ കേരളത്തില്‍ പദ്ധതിയൊരുങ്ങുന്നു.
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിലൂടെ പെട്രോളും ഡീസലും ഉത്പാദിപ്പിക്കാമെന്ന ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയത് കോഴിക്കോട് എന്‍.ഐ.ടി.യിലെ പ്രൊഫ. ലിസ ശ്രീജിത് ആണ്. വിഷവസ്തുക്കളോ ഹാനികരമായ വാതകങ്ങളോ ഇല്ലാതെ തരംതിരിക്കാത്ത പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഇന്ധനവും മറ്റും ഉത്പാദിപ്പിക്കാമെന്ന കെമിക്കല്‍ സാങ്കേതികവിദ്യ കോഴിക്കോട് എന്‍.ഐ.ടി.യില്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു.
ലബോറട്ടറിയില്‍ ഇതിന്റെ മാതൃകാ യൂണിറ്റുണ്ടാക്കി ഇന്ധനം പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി ഉത്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യം ഇന്ധനമായി മാറ്റുമ്പോള്‍ വന്‍തോതില്‍ വിഷവാതകങ്ങളും മറ്റുമുണ്ടാകുന്നത് വ്യാപകമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. എന്നാല്‍, കോഴിക്കോട് എന്‍.ഐ.ടി.യില്‍ വികസിപ്പിച്ചെടുത്ത പ്രക്രിയയില്‍ യാതൊരുവിധ വിഷവാതകങ്ങളൊ മറ്റു മാലിന്യങ്ങളൊ ഉണ്ടാകുന്നില്ല.
Post Your Comments