തൃശൂര്‍: ചെവ്വൂര്‍ ചെറുവത്തേരിയില്‍ ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയസംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കേസെടുത്തു. താഴത്തുവീട്ടില്‍ ബിനീഷ്‌കുമാറിന്റെ ഭാര്യയും വാട്ടര്‍ അഥോറിറ്റി ഒല്ലൂര്‍ സെക്ഷനിലെ ജീവനക്കാരിയുമായ രമ്യയ്‌ക്കെതിരെയാണു (33) കൊലക്കുറ്റത്തിനു കേസെടുത്തത്. ഞായര്‍ രാത്രി പതിനൊന്നരയോടെയാണു സംഭവം. വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടു തുറന്നപ്പോള്‍ ഒരാള്‍ തന്നെയും മകളെയും ബലമായി കിണറ്റില്‍ തള്ളിയിട്ടെന്നായിരുന്നു രമ്യയുടെ മൊഴി.
സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണു മരണകാരണം പുറത്തുവന്നത്. ബിനീഷ്‌കുമാര്‍ മദ്യപിച്ചു വൈകി വീട്ടിലെത്തുന്നതിന്റെ പേരില്‍ ഇവര്‍ വഴക്കിടാറുണ്ട്. സംഭവദിവസം രാത്രി ഭര്‍ത്താവ് വരാന്‍ വൈകിയതോടെ ഫോണില്‍ ഇവര്‍ വഴക്കിട്ടു. തുടർന്ന് ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ രമ്യ മകളെയുമെടുത്തു കിണറ്റില്‍ ചാടുകയായിരുന്നു.
എന്നാൽ പൈപ്പില്‍ പിടിച്ചുനിന്ന രമ്യ അല്‍പനേരം കഴിഞ്ഞു പൈപ്പില്‍ പിടിച്ചു മുകളിലേക്കു കയറി. തുടർന്ന് മകളെക്കുറിച്ചോര്‍ത്തു കുറ്റബോധം തോന്നിയപ്പോള്‍ വീണ്ടും ചാടി വെള്ളത്തില്‍ തിരഞ്ഞു. ഇതു നിഷ്ഫലമായപ്പോള്‍ തിരികെ കയറുകയും ഭര്‍ത്താവിനെ വിളിച്ചുവരുത്തി കള്ളക്കഥ പറഞ്ഞു ഫലിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇവർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
Post Your Comments