KeralaLatest News

പ്രളയദുരിതങ്ങളെ നാം ധീരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമീപകാലത്തുണ്ടായ പ്രളയം മനുഷ്യരുടെ വിവിധ പ്രവര്‍ത്തനങ്ങളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കാന്‍ അവസരം നല്‍കുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് സ്ഫിയര്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാരിതര ഏജന്‍സികളുടെ സ്റ്റേറ്റ് ഇന്റര്‍ ഏജന്‍സി കോ-ഓര്‍ഡിനേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ഉത്പാദനത്തിന് ജലസ്രോതസ്സുകളെ ഉപയോഗിക്കുന്ന രീതി കാലഹരണപ്പെട്ടതാണെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഓരോ വീട്ടിലും വൈദ്യുതി ഉത്പാദിപ്പിക്കുന്ന അവസ്ഥ വരണം. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒഴുകുന്ന സോളാര്‍ പാനലുകളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുകയും ബാക്കിവരുന്ന വൈദ്യുതി അയല്‍ക്കാര്‍ക്കു വില്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരം സുസ്ഥിര നടപടികള്‍ വികസിപ്പിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യണമെന്നും സ്പീക്കര്‍ പറഞ്ഞു.

മണ്‍സൂണ്‍ കാലങ്ങളില്‍ ആവര്‍ത്തിക്കുന്ന റോഡ് പുനര്‍ നിര്‍മാണം പോലുള്ള പ്രവൃത്തികളെക്കുറിച്ചും നാം ജാഗ്രത പാലിക്കണം. വെള്ളത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിര്‍മാണ സാങ്കേതിക വിദ്യയാണ് റോഡ് നിര്‍മാണത്തില്‍ അവലംബിക്കേണ്ടത്. സംസ്ഥാനത്ത് പരിസ്ഥിതി സന്തുലനത്തിന് സംഘകൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. സമുദ്രനിരപ്പിനു താഴെ ജലനിലയുള്ള കോള്‍നിലങ്ങളിലെ കൃഷി സംഘകൃഷി രീതിയിലുള്ളതാണ്. കൊയ്ത്തിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നതടക്കമുള്ള അതിനൂതന സമ്പ്രദായങ്ങളെക്കുറിച്ച് കര്‍ഷകര്‍ ആലോചിച്ചുതുടങ്ങിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

സംസ്ഥാനത്തുണ്ടായ പ്രളയദുരിതങ്ങളെ നാം ധീരമായി നേരിട്ടുകൊണ്ടിരിക്കുകയാണ്. സുനാമി തൂത്തെറിഞ്ഞ ഇന്‍ഡോനേഷ്യന്‍ ദ്വീപുകളെ മൂന്നു വര്‍ഷത്തിനുള്ളില്‍ പുന:സൃഷ്ടിച്ചതുപോലെ നമ്മുടെ സംസ്ഥാനവും വളരെ പെട്ടെന്ന് പുനര്‍നിര്‍മിക്കപ്പെടണമെന്നും സ്പീക്കര്‍ പറഞ്ഞു. പ്രളയാനന്തരം സംസ്ഥാനത്തുണ്ടായ ഭവന, ആരോഗ്യ, വിദ്യാഭ്യാസ, രംഗങ്ങളിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് മുപ്പതോളം സര്‍ക്കാരിതര ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ സ്പീക്കര്‍ വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button