ആലപ്പുഴ: ഭാവിയിലുണ്ടാകുന്ന വെല്ലുവിളികളെകൂടി അതീജീവിക്കുന്ന പുതിയ കേരളസൃഷ്ടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ. നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണയജ്ഞം അരൂർ മണ്ഡലത്തിലെ പൂച്ചാക്കൽ, എരമല്ലൂർ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വലിയ സാമ്പത്തികസ്ഥിതിയുള്ളതല്ല ആലപ്പുഴ ജില്ല. എന്നിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സർവാത്മന ജനം പണം നൽകുയാണ്. പണം തരാൻ കഴിവും സന്മനസും ഉള്ളവരിൽ 40 ശതമാനം പേർ മാത്രമാണ് ഇപ്പോഴും സഹായം എത്തിച്ചിട്ടുള്ളത്. 20ന് ചെങ്ങന്നൂർ മണ്ഡലത്തിലെ ധനസമാഹരണത്തോടെ മണ്ഡലതല ധനസമാഹരണം സമാപിക്കുമെങ്കിലും ബാക്കിയുള്ള 60 ശതമാനത്തിലേക്കുകൂടി എത്തുന്ന പ്രവർത്തനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
നിലവിലെ നഷ്ടം 40,000 കോടി രൂപയോളമാകുമെന്നാണ് കരുതുന്നത്. ചെലവെത്രയായാലും നഷ്ടമായതെല്ലാം പുനർനിർമ്മിക്കണം. ദുരിതാശ്വാസനിധിയിൽ 1300 കോടി രൂപ ആയിട്ടുണ്ട്. ജില്ലാതല സമാഹരണം കഴിയുന്നതോടെ 280 കോടി കൂടി കിട്ടും. ബാക്കി ആവശ്യമായ തുക വിവിധ ആവിശ്യങ്ങളിൽ നിന്ന് വായ്പയെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രകൃതിയുമായി മല്ലിടാതെ പുതിയ കാലത്ത് പുതിയ രീതിയിൽ ജീവിക്കാൻ കേരളത്തെ സജ്ജമാക്കേണ്ടതുണ്ട്. ലോകത്തിന് മലയാളിയോടുള്ള സ്നേഹം പ്രകടമാകുന്ന സന്ദർഭമാണിത്. ഏതു രാജ്യത്തിന്റെയും വികസന പ്രക്രിയയിൽ മലയാളിയുണ്ട്. സാർവദേശിയ പൗരത്വമുള്ള മറ്റൊരു പൗരനും ഉണ്ടാകില്ല. അത്തരം നാടുകളിൽനിന്നുള്ള സാങ്കേതിക പരിജ്ഞാനവും കൂടി പുനർനിർമ്മാണത്തിന് വിനിയോഗിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരുമിച്ച് നിന്നാൽ എല്ലാം അതിജീവിക്കാമെന്ന സന്ദേശമാണ് ഈ ദുരന്തം മലയാളിക്ക് നൽകിയതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. പുതിയ കേരള സൃഷ്ടിക്കുമ്പോൾ ഈ ഒത്തൊരുമയുണ്ടാകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. ലോകം മുഴുവൻ ശ്ലാഘിക്കുന്ന ഒത്തൊരുമയും അതീജിവനുമാണ് നാം കാണിച്ചത്. ഇനിയുള്ള പ്രതിസന്ധികളെയും നാമൊറ്റക്കെട്ടയായി അതീജീവിക്കുമെന്ന് മന്ത്രി പറഞ്ഞു.
Post Your Comments