നിന്റെ നാക്ക് പൊന്നാകട്ടെ എന്നൊക്കെ കേട്ടാണ് നമുക്ക് ശീലം , എന്നാൽ സാക്ഷാൽ പൊന്ന് പോലും തോൽക്കുന്ന നാക്കുള്ള ഒരാളുണ്ട്, ലോകത്തെ ഏറ്റവും വിലയേറിയ നാക്കിന്റെ ഉടമ ബ്രിട്ടീഷുകാരനായ സെബാസ്റ്റ്യന്‍ മിഷേലിസ്. ഇദ്ദേഹത്തിന്റെ നാവ് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത് എഴുപതേകാല് കോടിയോളം രൂപയ്ക്കാണ് എന്ന് പറയുമ്പോഴാണ് ഈ നാക്കിന്റെ വില മനസിലകൂ.
ടെറ്റ്ലി എന്ന ലോകപ്രശസ്ത തേയില കമ്പനി വിപണിയിലിറക്കുന്ന വിവിധയിനം ചായകളുടെ ഗുണവും ഗണവും നിര്‍ണയിക്കുന്നത് സെബാസ്റ്റ്യന്റെ അനുഗൃഹീത നാവിലെ രുചിമുകുളങ്ങളാണ്. കഴിഞ്ഞ 12 വര്‍ഷത്തിനുളളില്‍ അഞ്ച് ലക്ഷത്തിലേറെ കപ്പു ചായയുടെ രുചിനിര്ണയിച്ച ഈ നാവിന്റെ ഉടമകളുടെ വേതനം എത്രയെന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഫിലോസഫിയില്‍ ബിരുദം നേടി ഒരു തൊഴിലിന് അലഞ്ഞു നടക്കുമ്പോഴാണ് സെബാസ്റ്റ്യന്റെ ഒരു സുഹൃത്ത് ഒരു പരസ്യത്തിലേക്ക് ശ്രദ്ധക്ഷണിച്ചത്. ‘നിങ്ങള്‍ക്ക് ഡിഗ്രിയുണ്ടോ, നിങ്ങള്‍ ചായ ഇഷ്ടപ്പെടുന്നോ,ചായയുടെ രുചിഭേദങ്ങളറിയാന്‍ യാത്ര ചെയ്യാന്‍ തയാറാണോ’ എന്നിങ്ങനെയുള്ള ചോദ്യ ശരങ്ങളടങ്ങുന്ന ടീടേസ്റ്ററുടെ ഒഴിവിലേക്കുള്ള പരസ്യം. അങ്ങനെയാണ് അദ്ദേഹം ഈ ജോലിയിലെത്തുന്നത്.
ഓരോ ഇനം തേയിലയുടെയും ഓരോ കപ്പുചായ ഒരു കവിള് രുചിനോക്കിയശേഷം പുറത്തേക്ക് തുപ്പിക്കളയും. അപ്പോള്‍ നാവിനുണ്ടാകുന്ന രുചിയനുസരിച്ചായിരിക്കും ഓരോ ഇനം തേയിലയുടെയും ഗുണ നിലവാര നിര്‍ണയമെന്ന് അദ്ദേഹം അടുത്തിടെ ഇവിടെ ഒരഭിമുഖത്തില്‍ അറിയിച്ചു.
നാവിന്റെ രുചിനിര്‍ണയ ശേഷി നിലനിര്‍ത്താന്‍ മദ്യപാനവും പുകവലിയും ഒഴിവാക്കിയ അദ്ദേഹം രുചി സംരക്ഷണത്തിന് പ്രത്യേക ഭക്ഷണക്രമവും പാലിക്കുന്നു. കാര്യമെന്തൊക്കെയായാലും ഇദ്ദേഹത്തിന്റെ നാവ് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത് കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം.
Post Your Comments