വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക്ക് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് നേരെ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങ്ങെന്ന് പരാതി. എസ്‌എഫ്‌ഐക്കാരുടെ റാഗിങ്ങിന് ഇരയായി പെണ്‍കുട്ടി പഠനം ഉപേക്ഷിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മനോരമയാണ് പുറത്ത് വിട്ടത്.റാഗിങ്ങിന് ഇരയായ പെണ്‍കുട്ടി വിവരിക്കുന്നത് ക്രൂരമായ അനുഭവമാണ്. രാത്രി ഹോസ്റ്റല്‍ മുറിയിലേക്ക് കയറി വന്ന് അവര്‍ കാണിച്ച് കൂട്ടിയത് എന്തൊക്കെയെന്ന് പെണ്‍കുട്ടി തന്നെ ചാനലിനോട് വെളിപ്പെടുത്തിയിരിക്കുന്നു.
ആലപ്പുഴ സ്വദേശികളായ ജോണ്‍സണ്‍, ലിന്‍സി ദമ്പതികളുടെ മകള്‍ക്കാണ് കോളേജില്‍ നിന്നും ക്രൂരമായ അനുഭവം ഉണ്ടായിരിക്കുന്നത്. അടുത്തിടെ കോളേജില്‍ അഡ്മിഷന്‍ നേടിയ പെണ്‍കുട്ടി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചില്ല എന്ന് ആരോപിച്ചാണ് ഹോസ്റ്റലില്‍ വെച്ച് റാഗിങ്ങിന്റെ പേരില്‍ അക്രമം അഴിച്ച് വിട്ടത് എന്നാണ് ആരോപണം. തുടര്‍ന്ന് പെണ്‍കുട്ടി പഠനം ഉപേക്ഷിച്ചു. ആദ്യമായി ക്‌ളാസിലെത്തിയ ദിവസം തന്നെ സീനിയര്‍ ക്ലാസ്സിലെ കുറച്ച് പെണ്‍കുട്ടികള്‍ വന്ന് ചേട്ടന്മാര്‍ വിളിച്ചാല്‍ കൂടെ പോകണം എന്ന് പറഞ്ഞു. എന്നാല്‍ തനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ട് എന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല.
എസ്‌എഫ്‌ഐയുടെ പ്രകടനത്തിന് മുന്നില്‍ നിര്‍ത്തി നടത്തിച്ചു.മലയിറങ്ങുമ്പോള്‍ തന്നെ പിന്നില്‍ നിന്നും തള്ളി വീഴ്ത്തി. വഴിയില്‍ സീനിയര്‍ ആണ്‍കുട്ടികള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്ന് രാത്രി എട്ട് സീനിയര്‍ പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ മുറിയിലേക്ക് കയറി വന്നു. റാഗിങ് എന്ന പേരില്‍ തന്നെ മുട്ടിന്മേല്‍ നിര്‍ത്തി. കൈ പിടിച്ച് തിരിച്ചു. കട്ടിലിന് മുകളിലേക്ക് തള്ളിയിട്ടാണ് തല്ലിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.സംഭവം കഴിഞ്ഞ് അവര്‍ മടങ്ങിപ്പോയ ശേഷം താന്‍ മേട്രന്റെ മുറിയിലെത്തി പരാതി പറഞ്ഞു. അച്ഛനോട് വിളിച്ച് പറയണം എന്നാവശ്യപ്പെട്ടപ്പോള്‍ ഇതൊക്കെ സാധാരണമല്ലേ എന്നായിരുന്നു മേട്രന്റെ മറുപടി. പരാതി പറയരുത് എന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് പിതാവ് രാത്രി വിളിച്ചപ്പോഴും പെൺകുട്ടികൾ ചുറ്റും നിന്ന് മർദ്ദിച്ച വിവരം പറയാൻ സമ്മതിച്ചില്ല. എന്നാല്‍ വിവരം അറിഞ്ഞ് അച്ഛന്‍ കോളേജില്‍ എത്തുകയും തങ്ങള്‍ പ്രിന്‍സിപ്പലിനും പോലീസിനും പരാതി കൊടുക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു.പോലീസ് അന്വേഷണം നടന്നപ്പോൾ അത്തരം ഒരു സംഭവമേ നടന്നിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ അഞ്ജന ശിവദാസ് പ്രതികരിച്ചത്. പെണ്‍കുട്ടിയുടേത് താല്‍ക്കാലിക അഡ്മിഷന്‍ ആയിരുന്നുവെന്നും ടിസി കൊടുക്കാത്തത് കൊണ്ട് പുറത്താക്കിയതാണ് എന്നുമാണ് കോളേജ് അധികൃതരുടെ വിശദീകരണം.
അതെ സമയം 12ാം തിയ്യതി ടിസി ഹാജരാക്കണം എന്നാവശ്യപ്പെട്ട് അയച്ച കത്ത് തങ്ങള്‍ക്ക് കിട്ടിയില്ലെന്ന് പെണ്‍കുട്ടി പറയുന്നു. പുറത്താക്കാന്‍ ഒരു കാരണമുണ്ടാക്കുകയാണ് അവര്‍ ചെയ്തത് എന്നും പെണ്‍കുട്ടി പറയുന്നു. ആന്റി റാഗിങ് സെല്ലിന് മുന്നില്‍ തെളിവെടുപ്പിന് എത്തിയപ്പോള്‍ എസ്‌എഫ്‌ഐക്കാര്‍ തങ്ങളെ വളഞ്ഞുവെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.
Post Your Comments