Latest NewsKerala

വിശാൽ മരണമില്ലാത്ത ഹീറോ ആയി എന്നും മനസ്സിൽ നിലനിൽക്കും : വിശാലിന്റെ ധീരതയെ പ്രകീർത്തിച്ച് പത്തനംതിട്ട കളക്ടർ

വിശാലിന്റെ വീട്ടിൽ എത്തുമ്പോൾ സാക്ഷ്യം വഹിക്കേണ്ടി വന്നത് കരളലിയിക്കുന്ന നിമിഷങ്ങൾക്കായിരുന്നുവെന്ന് ജില്ല കളക്ടർ പിബി നൂഹ് പറഞ്ഞു.

പത്തനം‌തിട്ട : തിരുവല്ല തുകലശ്ശേരിയിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെ പ്രളയത്തിൽ മരിച്ച വിശാലിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് പത്തനം‌തിട്ട ജില്ല കളക്ടർ. വിശാൽ മരണമില്ലാത്ത ഹീറോ ആയി എന്നും മനസ്സിൽ നിലനിൽക്കുമെന്ന് കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. സി ബി ഐ ഉദ്യോഗസ്ഥനായ അച്ഛനും അമ്മയ്ക്കും കുഞ്ഞുപെങ്ങൾക്കും ഒപ്പം ജീവിക്കുമ്പോഴും നാട്ടുകാരുടെ ആവശ്യങ്ങൾക്ക് രാവും പകലും കൈമെയ് മറന്ന് പ്രവർത്തിച്ചിരുന്ന വിശാൽ നമ്മുടെ നാടിന്റെ ഒന്നാകെ തീരാ ദു:ഖമാണ്.

വിശാലിന്റെ വീട്ടിൽ എത്തുമ്പോൾ സാക്ഷ്യം വഹിക്കേണ്ടി വന്നത് കരളലിയിക്കുന്ന നിമിഷങ്ങൾക്കായിരുന്നുവെന്ന് ജില്ല കളക്ടർ പിബി നൂഹ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ ഉണ്ടായ പ്രളയത്തിൽ നമ്മെ വിട്ടുപിരിഞ്ഞത് 19 പേരാണ്. ഇക്കൂട്ടത്തിൽ നാടിനെ ഒന്നാകെ പിടിച്ച് കുലുക്കിയ വേർപാട് തിരുവല്ലയിലെ 24 വയസുകാരൻ വിശാൽ നായരുടേതായിരുന്നു. പ്രളയം നാടിനെ വിഴുങ്ങിയ ദിവസം സ്വന്തം അമ്മയെ സുരക്ഷിത സ്ഥാനത്തെത്തിച്ച് നാട്ടുകാരെ രക്ഷിക്കാൻ എത്തിയ ഈ ചെറുപ്പക്കാരനെ ഒഴുകിയെത്തിയ പ്രളയജലം കൊണ്ടുപോയി.

തിരുവല്ല തുകലശ്ശേരി മുറിയാപ്പാലത്തിൽ ആഗസ്റ്റ് 16 ന് പ്രളയത്തിലകപ്പെട്ട ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് യുവമോർച്ച ടൗൺ സെക്രട്ടറിയായിരുന്ന വിശാൽ ഒഴുക്കിൽപ്പെട്ടത്. രണ്ടു ദിവസത്തിനു ശേഷം ഒഴുക്കിൽ പെട്ടതിന് ഇരുനൂറു മീറ്റർ മാറിയാണ് വിശാലിന്റെ മൃതദേഹം ലഭിച്ചത്. വിശാൽ മരണപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പ്രതിനിധികളാരും വീട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അച്ഛൻ വേണുഗോപാലൻ നായർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button