തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിദേശത്തേയ്ക്ക് കയറ്റിയയക്കപ്പെടുന്നു. കേരളത്തില്‍നിന്നുള്ള കുട്ടികളുടേയും അനേകം ചിത്രങ്ങളാണ് കേരള സൈബര്‍ ഡോം കണ്ടെത്തിയിരിക്കുന്നത്. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനും രാജ്യത്തിനു പുറത്തുള്ള ബെബ്‌സൈറ്റുകള്‍ക്ക് വില്‍ക്കാനും പ്രത്യേകം റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡാര്‍ക്ക് നെറ്റ് വഴിയാണ് ഇത്തരം ചിത്രങ്ങള്‍ വില്‍ക്കുന്നത്. അന്വേഷണ ഏജന്‍സിയായ സൈബര്‍ ഡോമിന് ഇതിനെ സംബന്ധിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില വൈബ്‌സൈറ്റുകളില്‍ നിന്നാണ് സൈബര്‍ ഡോം കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്. ചൈന, തായ്‌ലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കേരളത്തിലെ കുട്ടികളുടേയും ചിത്രങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
പരിശോധനയില്‍ ചിത്രങ്ങളുടെ പിന്‍ഭാഗത്ത് മലയാളം കലണ്ടര്‍ കണ്ടതോടെയാണ് ഇത് കേരളത്തിലെ കുട്ടികളുടേതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പരിശോധന ഊര്‍ജ്ജിതമാക്കിയ അന്വേഷണ വിഭാഗം ഏതാനും വെബ്‌സൈറ്റുകളില്‍ ഇത്തരം ചിത്രങ്ങള്‍ വില്‍ക്കുന്നുണ്ടെന്നും
മനസ്സിലാക്കി. ഇവ നല്‍കുന്നവര്‍ക്ക് പണം ലഭിക്കുന്നുണ്ടെന്ന വിവരവും വ്യക്തമായിട്ടുണ്ട്.
കൂടാതെ കേരളത്തില്‍ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.
സെര്‍ച്ച് എന്‍ജിനുകളുട പരിധിയിന്‍ വരാത്ത രഹസ്യ നെറ്റ് വര്‍ക്കുകള്‍ ആയതിനാല്‍,ഡാര്‍ക്ക് നെറ്റിലൂടെ പ്രചരിക്കുന്ന ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവയ്ക്ക് തടയിടാന്‍ കേരളത്തില്‍ വേണ്ടത്ര സംവിധാനമില്ല. പ്രത്യേക സോഫ്റ്റ്‌വെയറുകള്‍,അക്കൗണ്ടുകള്‍ എന്നിവയിലൂടെ മാത്രമാണ് ഇത്തരം സൈറ്റുകളിലേയ്ക്കുള്ള പ്രവേശനം. ബിറ്റ് കോയിന്‍പോലുള്ള ക്രിപ്‌റ്റോ കറന്‍സിയാണ് ഡാര്‍ക് നെറ്റിലെ നാണയം. ഡാര്‍ക് നെറ്റിലെ വെബ്‌സൈറ്റുകളും പ്രസ്ഥാനങ്ങളും രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നത്. അധോലോകപ്രവര്‍ത്തനം, ആയുധവ്യാപാരം, മയക്കുമരുന്ന് വില്‍പ്പന തുടങ്ങിയവയൊക്കെ ഡാര്‍ക് നെറ്റില്‍ നടക്കുന്നുണ്ട്.
ഇക്കാരണങ്ങളാലാണ് കാലിഫോര്‍ണിയ കേന്ദ്രമാക്കിപ്രവര്‍ത്തിക്കുന്ന ഒരു സൈബര്‍ സുരക്ഷാകമ്പനിയുമായി ചേര്‍ന്ന് ഇതിനുള്ള ടൂളുകള്‍ വികസിപ്പിക്കാന്‍ കേരളാ സൈബര്‍ഡോം തീരുമാനിച്ചിരിക്കുന്നത്. നിരവധി വന്‍കിട കമ്പനികള്‍ക്ക് ഇവര്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. ടൂളുകള്‍ വികസിപ്പിച്ചെടുത്ത് കേരളമായി ബന്ധപ്പെട്ടുള്ള വാക്കുകള്‍ തിരയുമ്പോള്‍ അവ തടയാനുള്ള സംവിധാനമാണ് ഒരുക്കുക. ഇതേസമയം സൈറ്റുകളില്‍ കണ്ടെത്തിയിട്ടുള്ള കേരളത്തില്‍നിന്നുള്ള ചിത്രങ്ങള്‍ എവിടെനിന്ന് പകര്‍ത്തിയതാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു
Post Your Comments