
ലോകമുള്ളിടത്തോളം കാലം നമ്മൾ ഓർത്തു വയ്ക്കേണ്ടുന്ന പേരാണ് സ്റ്റെസി ഹെറാൾഡ് എന്നത്. ജനിതക വൈകല്യവുമായി പിറന്ന സ്റ്റെസി ഹെറാൾഡ് ലോകത്തിന് മുന്നിൽ മാതൃകയായത് മനകരുത്തും , തളരാത്ത പോരാട്ട വീര്യവുമായാണ്.
ഒസ്റ്റിയോ ജെനിസിസ് ഇംപെർഫെക്ട എന്ന അപൂർവരോഗം ബാധിച്ച സ്റ്റെസിക്ക് രണ്ടടി നാലിഞ്ച് ഉയരമാണ് ഉണ്ടായിരുന്നത്. രോഗത്തിന്റെ ഫലമായി വളർച്ച മുരടിച്ചു. വലിപ്പമില്ലാത്ത ശ്വാസകോശവും ബലമില്ലാത്ത എല്ലുകളുമായിരുന്നു സ്റ്റെസിക്ക് ഉണ്ടായിരുന്നത്.
രണ്ടടി നാലിഞ്ച് മാത്രം ഉയരമുണ്ടായിരുന്ന സ്റ്റെസിക്ക് ഒരിക്കലും ഗർഭിണിയാകാൻ പറ്റില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഗർഭിണിയായാൽ കുഞ്ഞ് വലുതാകുന്തോറും സ്റ്റെസിയുടെ ശ്വാസകോശവും, ഹൃദയവും പണി മുടക്കുമെന്നതായിരുന്നു കാരണമായി പറഞ്ഞിരുന്നത്, എന്നാൽ ഇതിനെയെല്ലാം മറി കടന്ന് സ്റ്റെസി ഗർഭിണിയായത് 3 വട്ടമായിരുന്നു. അമ്മയാകണമെന്ന അതീവ ആഗ്രഹത്താൽ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് സ്റ്റെസി ഇത് യാഥാർഥ്യമാക്കിയത് . 2004 ലാണ് സ്റ്റെസി വിവാഹിതയായത്.
കറ്റേരി (11) മഖ്യ (10) മലാച്ചി (8) എന്നിങ്ങനെ മൂന്ന് കൺമണികൾക്കാണ് സ്റ്റെസി ജൻമം നൽകിയത്. മൂന്ന് കുഞ്ഞുങ്ങളിൽ ആദ്യത്തെ രണ്ട് പേർക്കും അമ്മയെ പോലെ തന്നെ വളർച്ചാ മുരടിപ്പുണ്ട് എന്നാൽ മൂന്നാമത്തെ കുട്ടിയായ മലാച്ചിക്ക് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നത് സ്റ്റെസിയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. കെന്റുക്കിയിലാണ് സ്റ്റെസിയും ഭർത്താവും മൂന്ന് മക്കളും താമസിച്ചിരുന്നത്. 2011 ൽ കെന്റുക്കി മിസ് വീൽ ചെയറായും സ്റ്റെസി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പരിമിതമായ അവസ്ഥകൾക്കിടയിലും തളരാതെ മനോവീര്യം കൊണ്ട് സ്വന്തം ജീവിതം കൈപ്പിടിയിലൊതുക്കിയ സ്റ്റെസി യഥാർഥ ജീവിതത്തിലും മറ്റുള്ളവർക്ക് പകർത്താൻ ബാക്കി വച്ചത് സ്വപ്നം പോലെ സുന്ദരമായൊരു ജീവിതമാണ്. 44 ആം വയസിൽ യാത്രയാകുമ്പോഴും ലോകമെമ്പാടുമുള്ളവർക്ക് സഹനത്തിന്റെ , പോരാട്ടത്തിന്റെ, പ്രതീക്ഷയുടെ വെളിച്ചമായി സ്റ്റെസി എന്നും ഒാർമ്മയിലുണ്ടാകും.
Post Your Comments