തിരുവനന്തപുരം•മോഹന്‍ലാലിനെ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എസ്.എസ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. മോഹന്‍ലാല്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തു വന്നത്. എന്നാല്‍ ആ വാര്‍ത്ത ആരാധകര്‍ ഉള്‍പ്പടെ ആരും അത്ര ഗൗരവമായല്ല കണ്ടത്. മോഹന്‍ലാലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായാതുമില്ല.
അതവിടെ അവസാനിച്ചു എന്ന്‍ കരുതിയിരിക്കുമ്പോഴാണ് ഇന്ന് കൂടുതല്‍ വ്യക്തമായ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പടെ 70 ഓളം സെലിബ്രിറ്റികളെ രംഗത്തിറക്കിയുള്ള തെരഞ്ഞെടുപ്പ് ഗെയിം പ്ലാനാണ് ബി.ജെ.പിയുടെ 2019 തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ പ്രധാനമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്ന് മോഹന്‍ലാലിന് പുറമേ സുരേഷ്ഗോപിയും പട്ടികയിലുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ രംഗത്തിറക്കി ബി.ജെ.പി ഒരു ശ്രമം നടത്തിയിരുന്നത് കേരളം കണ്ടതാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബി.ജെ.പിക്ക് സാധിക്കുകയും ചെയ്തു. മോഹന്‍ലാലിനെ പോലെ ഒരാളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അതിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ പത്ത് ശതമാനത്തിലധികം വോട്ട് നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. ഇതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. മോഹന്‍ലാല്‍ കൂടിയെത്തിയാല്‍ ഇവിടങ്ങള്‍ക്ക് പുറമേ മറ്റു മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാന്‍ കഴിയും.
കേരളത്തില്‍ ഏറ്റവും അധികം താരമൂല്യവും ആരാധര വൃന്ദവും ഉള്ള സിനിമ താരമാണ് മോഹന്‍ലാല്‍. പൊതുരാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും മോഹന്‍ലാലിനെ പലപ്പോഴും സംഘപരിവാറിന്റെ ആലയില്‍ കൊണ്ടുചെന്ന് കെട്ടാന്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം എപ്പോഴും തയ്യാറാകുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ അത് സംഭവിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
തിരുവനന്തപുരത്തേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ബി.ജെ.പിയ്ക്ക് ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വേളയില്‍ ബി.ജെ.പി ജയിക്കുമോ എന്ന് വരെ തോന്നിപ്പിച്ച മണ്ഡലം. ഒടുവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നറ്റിനെ പിന്നിലാക്കി ബി.ജെ.പി സ്ഥാനാര്‍ഥി രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയതും ചരിത്രം. നാല് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ രാജഗോപാലിന് ആയിരുന്നു. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡസങ്ങളില്‍ ബി.ജെ.പി ശരിക്കും കരുത്ത് തെളിയിച്ചിരുന്നു.
ഇവിടെ ഇത്തവണയും ശശി തരൂര്‍ തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നാണ് സൂചന. ബി.ജെ.പി സ്ഥാനാര്‍ഥിയായി മോഹന്‍ലാല്‍ എത്തിയാല്‍ ജനവിധി എന്തായിരിക്കും? ശശി തരൂരിനെതിരെ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചാല്‍, ഒരു പക്ഷേ, കാര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂമാകും. രാഷ്ട്രീയത്തിന് അതീതമായി മോഹന്‍ലാലിന് വോട്ടുകള്‍ സമാഹരിക്കാനും സാധിക്കും. പക്ഷേ, അവിടെ എല്‍ഡിഎഫ് നിലപാട് ഏറെ നിര്‍ണായകമായിരിക്കും. കഴിഞ്ഞ തവണ സിപിഐ താരതമ്യേന ദുര്‍ബലനായ ബെന്നറ്റ് എബ്രഹാമിനെ ആയിരുന്നു സ്ഥാനാര്‍ത്ഥിയാക്കിയത്. മോഹന്‍ലാല്‍ ആണ് ബി.ജെ.പി സ്ഥാനാര്‍ഥിയെങ്കില്‍ എല്‍.ഡി.എഫ് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അത് ബി.ജെ.പിക്ക് കൂടുതല്‍ അനുകൂലമാകുകയും ചെയ്യും.
ബി.ജെ.പിയ്ക്ക് വിജയ സാധ്യതയുള്ള മറ്റു മണ്ഡലങ്ങള്‍.
കാസര്‍ഗോഡ്
ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് കാസര്‍കോട്.2014 ല്‍ കെ.സുരേന്ദ്രനായിരുന്നു ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. തിരുവനന്തപുരം കഴിഞ്ഞാല്‍, ബിജെപി ഏറ്റവും അധികം വോട്ടുകള്‍ നേടിയത് കാസര്‍കോട് മണ്ഡലത്തില്‍ ആയിരുന്നു. 17.7 ശതമാനം വോട്ടുകളാണ് കെ സുരേന്ദ്രന്‍ അന്ന് സ്വന്തമാക്കിയത്. അതിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്.
പാലക്കാട്
തിരുവനന്തപുരവും കാസര്‍കോടും കഴിഞ്ഞാല്‍ ബി.ജെ.പിയ്ക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ ബി.ജെ.പിയുടെ ശോഭ സുരേന്ദ്രന്‍ 15.02 ശതമാനം വോട്ടുകള്‍ നേടി കരുത്ത് തെളിയിച്ചിരുന്നു. സി.പി.എമ്മിന്റെ എം.ബി രാജേഷിനായിരുന്നു ഇവിടെ വിജയം. നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താനും ബി.ജെ.പിക്ക് സാധിച്ചിരുന്നു. സി.പി.എം സ്ഥാനാര്‍ത്ഥി എന്‍.എന്‍ന്‍ കൃഷ്ണദാസിനെ മൂന്നാമതാക്കിയായിരുന്നു ബി.ജെ.പിയുടെ മുന്നേറ്റം. ഇത്തവണ പാലക്കാട് എന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
പത്തനംതിട്ട
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ശക്തമായ പ്രകടനം നടത്തിയ മണ്ഡലമാണ് പത്തനംതിട്ട. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എം.ടി രമേശ് 16.3 ശതമാനം വോട്ടുകള്‍ നേടി. പീലിപ്പോസ് തോമസിനെ സ്വതന്ത്രനായി ഇറക്കി സീറ്റ് പിടിക്കാന്‍ ശ്രമിച്ച സി.പി.എം പരാജയപ്പെട്ടു. ആന്റോ ആന്റണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. ആറന്മുള സമരം അടക്കമുള്ള കാര്യങ്ങളിലെ ഇടപെടലുകള്‍ ഇവിടെ ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കി. ഇത്തവണ സി.പി.എം സ്ഥാനാര്‍ത്ഥി ആരെന്നത് ഏറെ നിര്‍ണായകം ആണെങ്കിലും, ബി.ജെ.പി പുതിയതായി സ്വന്തമാക്കാന്‍ പോകുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും തലവേദനയാകും.
പത്ത് ശതമാനത്തിലധികം വോട്ടുകള്‍ നേടിയ മറ്റു മണ്ഡലങ്ങള്‍
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്ത് ശതമാനത്തിലധികം വോട്ടുകള്‍ ബി.ജെ.പി സ്വന്തമാക്കിയ മണ്ഡലങ്ങളാണ് കോഴിക്കോ്, തൃശൂര്‍, ചാലക്കുടി, എറണാകുളം എന്നിവ. ഇതില്‍ കോഴിക്കോട് ആയിരുന്നു കൂടുതല്‍ വോട്ട് ശതമാനം. സികെ പത്മനാഭന്‍ 12.4 ശതമാനം വോട്ടുകള്‍ നേടി. ഇത്തവണ ഈ മണ്ഡലങ്ങളില്‍ വലിയ അത്ഭുതങ്ങള്‍ ഒന്നും നടന്നില്ലെങ്കിലും ബി.ജെ.പി പിടിക്കുന്ന പുതിയ വോട്ടുകള്‍ നിര്‍ണായകമാകും.
കൊല്ലം
കൊല്ലത്ത് ബി.ജെ.പിയ്ക്ക് കാര്യമായ സാധ്യതയില്ലെങ്കിലും നിലവില്‍ രാജ്യസഭാ എം.പിയായ സുരേഷ് ഗോപിയെ കൊല്ലത്ത് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കി അവതരിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. തിരുവനന്തപുരം സീറ്റില്‍ മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ഒരുപക്ഷേ, കൊല്ലം സീറ്റ് ആയിരിക്കും സുരേഷ് ഗോപിക്ക് മുന്നില്‍ വയ്ക്കുക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ ഏറ്റവം മോശം പ്രകടനം കണ്ട സ്ഥലങ്ങളില്‍ ഒന്നാണ് കൊല്ലം. പക്ഷേ, സുരേഷ് ഗോപിക്ക് വ്യക്തമായ സ്വാധീനം ഈ മണ്ഡലത്തില്‍ ചെലുത്താനാകും എന്നാണു ബി.ജെ.പി പ്രതീക്ഷ.
ബി.ജെ.ഡി.എസ്
ബി.ഡി.ജെ.എസ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു. കേരളത്തില്‍ ബി.ജെ.പി ഉണ്ടാക്കിയ മുന്നേറ്റത്തില്‍ ബി.ഡി.ജെ.എസ് വഹിച്ച പങ്ക് ഏറെ നിര്‍ണായകം ആയിരുന്നു. ഇപ്പോള്‍ ബി.ജെ.പിയുമായി ബിഡിജെഎസ് അത്ര രസത്തിലല്ല. പക്ഷേ, എസ്.എന്‍ഡിപി പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തെ ബി.ജെ.പിയുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തവണ ബി.ഡി.ജെ.എസ് കൂടെ നിന്നില്ലെങ്കില്‍ പോലും വിപുലമാക്കിയ അടിത്തറിയില്‍ ബി.ജെ.പിയ്ക്ക് കാര്യമായ വിള്ളലുകള്‍ ഒന്നും തന്നെ ഉണ്ടാകാനും സാധ്യതയില്ല.
ഈ കണക്കുകള്‍ വച്ച് കേരളത്തില്‍ ബി.ജെ.പിയ്ക്ക് ഉടനടി വന്‍ മുന്നേറ്റം സാധ്യമല്ലെങ്കിലും മോഹന്‍ലാലിനെപ്പോലെ ഒരാളെ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ടാല്‍ ചിലതൊക്കെ നടന്നേക്കാം. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വരെ ഒന്നുമല്ലാതിരുന്ന ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതടക്കമുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
Post Your Comments