തിരുവനന്തപുരം: ചാരക്കേസിൽ പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന് നീതി ലഭിച്ചപ്പോള്‍ ലാലു ജോസഫിന് നീതി ലഭിക്കുമോ എന്ന ആശങ്കയിലാണ് പലരും. ചാരക്കേസിൽ പ്രതിയായിരുന്ന മറിയം റഷീദയ്ക്ക് ജാമ്യം നിന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അഡ്വ.ലാലുജോസഫിനെ സി പി എം തിരികെ എടുക്കുമോ എന്ന വിഷയം ചര്‍ച്ചയാകുകയാണ്.
സി.പി.എമ്മിന്റെ നേതാവും ,പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവുമായിരുന്ന പരേതനായ ഒ.ജെ.ജോസഫിന്റെ മകൻ ലാലു ജോസഫിനെ നിസാര കാരണങ്ങളുടെ പേരിലാണ് 1998 ൽ പാർട്ടി പുറത്താക്കിയത്.
എസ്.എഫ്.ഐ നേതാവ്, ഡി.വൈ.എഫ്.ഐ വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ദേശാഭിമാനി ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ലാലു ദേശാഭിമാനിയിൽ നിന്ന് രാജിവച്ച് ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ലാ ഓഫീസറും പബ്ളിക് റിലേഷൻസ് ഓഫീസറുമായി പ്രവർത്തിക്കുമ്പോഴാണ് ചാരക്കേസുമായി ബന്ധപ്പെട്ട് ലാലു പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കപ്പെടുന്നത്.
ചാരക്കേസിൽ വിചാരണ തടവുകാരിയായി വിയ്യൂർ ജയിലിൽ കഴിഞ്ഞ മറിയം റഷീദയെ രാജ്യത്തെ രണ്ടു പ്രമുഖ വാരികകളുടെ ലേഖകർ ജയിൽ അധികൃതരുടെ അനുമതിയോടെ ഇന്റർവ്യു ചെയ്തിരുന്നു.ജയിലിൽ നേരിട്ട പീഡനങ്ങളെക്കുറിച്ച് അവർ അന്ന് വിശദീകരിച്ചിരുന്നു. അവർ നൽകിയ മൊഴി പ്രസിദ്ധീകരിച്ചുവന്നപ്പോൾ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ അപകീർത്തിക്കേസ് നൽകി.
ആ കേസിൽ പത്രപ്രവർത്തകർക്ക് വേണ്ടി ജാമ്യം നിന്നത് ലാലു ജോസഫും സാമൂഹ്യപ്രവർത്തകനായ മൈത്രേയനുമായിരുന്നു. ഈ കേസിന്റെ വിചാരണ നടക്കുമ്പോൾ ഐ.എസ്.ആർ.ഒ ചാരക്കേസ് സുപ്രീം കോടതി തള്ളുകയും മറിയം റഷീദയടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. അപകീർത്തി കേസ് വീണ്ടുമെടുത്തപ്പോൾ മറിയം റഷീദയ്ക്ക് ജാമ്യം നിൽക്കാൻ ആളുവേണ്ടി വന്നു.
ഇടതു സഹയാത്രികൻ കൂടിയായ അഡ്വ.ചെറുന്നിയൂർ ശശിധരൻ നായരായിരുന്നു പത്രപ്രവർത്തകരുടെ അഭിഭാഷകൻ. അദ്ദേഹം ലാലുവിനോട് ചോദിക്കുകയും ലാലുവും മൈത്രേയനും ജാമ്യം നിൽക്കുകയുമായിരുന്നു. യഥാർത്ഥത്തിൽ മനുഷ്യത്വപരമായ ഒരു സഹായം മാത്രമാണ് ഇരുവരും ചെയ്തത്. മറിയം റഷീദയ്ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
എന്നാൽ പാർട്ടിയിൽ അതൊരു പ്രശ്‌നമായി മാറി. പാർട്ടി ഉയർത്തിക്കൊണ്ടു വന്ന ഒരു കേസിൽ പ്രതിയായവർക്കുവേണ്ടി ജാമ്യം നിന്നത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നുമായിരുന്നു’ പാർട്ടി വിശദീകരണം ചോദിച്ചത്. ലാലു നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു കാണിച്ച് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.
നിലവിൽ നമ്പി നാരായണന് സുപ്രീം കോടതി നീതി നൽകിയിരിക്കുകയാണ്. അങ്ങനെയെങ്കിൽ ലാലുവിനെ പാർട്ടി തിരിച്ചെടുക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ പാർട്ടി ഇപ്പോഴും മൗനം പാലിക്കുകയാണ്.
Post Your Comments