Latest NewsKerala

സെക്രട്ടറിയേറ്റ് പടിക്കല്‍ ശവപ്പെട്ടിയൊരുക്കി ശ്രീജിത്തിന്റെ നിരാഹാരസമരം

ആരോപണ വിധേയരായ പോലീസുകാര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുവെന്നും അവരെ തല്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യമുന്നയിച്ചുള്ള ശ്രീജിത്തിന്റെ സെക്രട്ടറിയേറ്റ് പടിക്കലുളള നിരാഹാര സമരം പുനരാരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. ഇന്നേക്ക് 1000 ദിവസം പിന്നിട്ടിരിക്കുന്നു, സഹോദരന്റെ ലോക്കപ്പ് മരണത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുളള ശ്രീജിത്തിന്റെ കടുത്ത നിരാഹാരസമരം. ഇത്രയും നാള്‍ സഹോദരന്റെ നീതി കിട്ടാനായി നിരാഹാരം കിടന്നിട്ടും വേണ്ട നടപടി കൈക്കൊള്ളത്തിനാല്‍ ശ്രീജിത്ത് സമരമുറ മാറ്റിയിരിക്കുകയാണ്. സ്വയം നിര്‍മ്മിച്ച ശവപ്പെട്ടിയില്‍ കിടന്നുറങ്ങിയാണ് ശ്രീജിത്തിന്റെ പുതിയ സമരമുറ.

കടുത്ത നിരാഹാരത്തിലാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ ശവപ്പെട്ടിയില്‍ കിടക്കുന്നത്. ഇപ്പോള്‍ കുടിക്കുന്ന വെള്ളത്തിന് വരെ കുറവ് വരുത്തിയിട്ടുണ്ട്. ആകപ്പാടെ അവശനിലയിലായ ശ്രീജിത്തിന് എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. ശവപ്പെട്ടിയില്‍ കിടന്നുറങ്ങുന്ന ശ്രീജിത്ത് താന്‍ കിടന്നുറങ്ങുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെടുന്നു. ഉറങ്ങുമ്പോള്‍ എന്തെങ്കിലും സംഭവിച്ചാല്‍ എടുത്ത് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടേണ്ടയെന്ന് വെച്ചാണ് താന്‍ ശവപ്പെട്ടി ഒരുക്കി സമരമുറ മാറ്റിയതെന്ന് ശ്രീജിത്ത് പറയുന്നു.

വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയിലാണ് ശ്രീജിത്ത്. പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സഹോദരന്‍ ശ്രീജിവ് ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയ ശ്രീജിത്തിന്റെ സമരം സെപ്റ്റംബര്‍ നാലായപ്പോള്‍ 1000 ദിവസം പിന്നിട്ടിരിക്കുകയാണ്. 2015 മെയ് 22നാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായെത്തിയത്. 760ാം ദിവസം പിന്നിട്ടപ്പോഴേക്കും സമരത്തിന് ജനകീയ പിന്തുണ ലഭിച്ചു. പിന്നീട് ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗ് ക്യാംപെയിനിന് തുടക്കമായതോടെയാണ് നീക്ക്പോക്കുകള്‍ ഉണ്ടായത്.

തുടര്‍ന്ന് സിബിഐ അന്വേഷണ വിജ്ഞാപനമിറക്കുകയും ഉത്തരവ് ശ്രീജിത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ സിബിഐ മൊഴി എടുക്കും വരെ സമരം തുടരാനാണ് ശ്രീജിത്ത് തീരുമാനിച്ചത്. 782ാം ദിവസം സിബിഐ അന്വേഷണനടപടികള്‍ ആരംഭിച്ചതോടെ 786ാം ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിബിഐ കേസ് ഏറ്റെടുത്തുവെന്നതിന് യാതൊരു രേഖകളുമില്ല എന്ന് കാണിച്ചു കൊണ്ട് ശ്രീജിത്ത് സമരം വീണ്ടും ആരംഭിച്ചു കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ മാസം 28ാം തീയതി സിബിഐയുടെ ഓഫീസില്‍ നിന്ന് ഒരു കത്ത് വന്നിരുന്നുവെന്നും അന്വേഷണം നടക്കുന്നുവെന്നും ശ്രീജിത്ത് ഇപ്പോള്‍ പറയുന്നു. എന്നിട്ടും സമരമെന്തിന് തുടരുന്നുവെന്ന ചോദ്യത്തിന് കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തന്നെ തുടരുന്നുവെന്നും അവരെ ജോലിയില്‍ നിന്ന് പുറത്താക്കി അന്വേഷണം തുടരണമെന്നാണ് ശ്രീജിത്ത് ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button