KeralaLatest News

ശബരിമലയില്‍ കന്നിമാസപൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പമ്പ: ശബരിമലയില്‍ കന്നിമാസ പൂജയ്ക്കായി നാളെ നടതുറക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. കന്നിമാസപൂജയുമായി ബന്ധപ്പെട്ട് പമ്പയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. പ്രളയത്തില്‍ പമ്പയിലും ത്രിവേണിയിലും ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിച്ച് മണ്ഡലമകരവിളക്ക് ഉത്സവത്തിന് നടതുറക്കുന്നതിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ടാറ്റ പ്രോജക്ട് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ പമ്പയില്‍ നടന്നുവരുന്നത്. പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ നിലയ്ക്കലില്‍ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, ടോയ്‌ലറ്റ് സംവിധാനം, പാര്‍ക്കിംഗിന് ആവശ്യമായ സ്ഥലം എന്നിവ നിലയ്ക്കലില്‍ കൂടുതലായി സജ്ജീകരിച്ചിട്ടുണ്ട്.

ബേസ് ക്യാമ്പെന്ന നിലയില്‍ എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്തതിന് ശേഷം തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയില്‍ എത്തിക്കും. പ്രളയത്തില്‍ മണ്ണാറക്കുളഞ്ഞി മുതല്‍ പമ്പ വരെയുള്ള ഭാഗങ്ങളില്‍ റോഡുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുള്ളതിനാല്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പെരുനാട്, വടശേരിക്കര, മാടമണ്‍ എന്നിവിടങ്ങളിലും മണ്ണാറക്കുളഞ്ഞി മുതല്‍ നിലയ്ക്കല്‍ വരെയുള്ള ഭാഗങ്ങളിലും കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ ഉണ്ടാകും. പമ്പയിലെ ആശുപത്രിയുടെ ഒരു നില മണ്ണ് മൂടി പോയിട്ടുള്ളത് നീക്കം ചെയ്ത് അണുവിമുക്തമാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. താത്ക്കാലികമായി രണ്ടാമത്തെ നിലയില്‍ ഒ.പി സംവിധാനങ്ങളും ആശുപത്രിയും ക്രമീകരിച്ചിട്ടണ്ട്. ശബരിമലയിലെ വൈദ്യുത വിതരണ സംവിധാനങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിച്ചതായും പ്രസിഡന്റ് പറഞ്ഞു. ആര്‍ഡിഒ എം.എ റഹിം, ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന്‍ പോറ്റി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീര്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button