വിസ്മയിപ്പിക്കുന്ന വിജയത്തിന്റെ പശ്ചാത്തലത്തിലും മരണത്തിന്റെ വ്യാപാരിയെന്നും ഹൈന്ദവതീവ്രവാദിയെന്നുമള്ള അധിക്ഷേപം ഏറ്റുവാങ്ങിയാണ് നരേന്ദ്രമോദി പ്രധാനമന്ത്രികസേരയിലെത്തുന്നത്. മുന്‍ഗാമി അടല്‍ ബിഹാരി വാജ്പേയിയെപോലെ സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ് മോദിയും. നിലയ്ക്കാത്ത രാഷ്ട്രീയതിരക്കുകള്‍ക്കിടയിലും മനസ്സില്‍ ഏകാന്തതയും കവിതയും സൂക്ഷിക്കുന്ന നേതാവ്. വിഭജനവും സ്നേഹവും സൗഹൃദവും പ്രകൃതിയുമാണ് മോദിയുടെ കവിതയിലെ വിഷയങ്ങള്‍. കര്‍ക്കശക്കാരനും ഉറച്ച നിലപാടുമുള്ള രാഷ്ട്രീയക്കാരനായിട്ടും കവിതയില്‍ രാഷ്ട്രീയമില്ല, ഒറ്റയ്ക്കായതുകൊണ്ടു കുടുംബവും. മോദി ഗുജറാത്തിയിലെഴുതിയ 67 കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താന്‍ സാക്ഷിയായതും അനുഭവിച്ചതും ചിലപ്പോള്‍ സങ്കല്‍പ്പിച്ചതുമായ ചിന്തകളുടെ ഒഴുക്കാണ് തന്റെ കവിതകളെന്ന് ആമുഖത്തില്‍ മോദി പറയുന്നു. അസാധാരണമായ സാഹിത്യസൃഷ്ടിയല്ല ഇതെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു. വിചിത്രാനുഭവങ്ങളുടെ കുത്തൊഴുക്കായ ജീവിതയാത്രയില്‍ നേടിയ ചില സൗഹൃദങ്ങളും കവിതയിലുണ്ട്. വിടപറഞ്ഞുപോയ പ്രിയ സുഹൃത്ത് രമേശ് പരേഖിനെക്കുറിച്ചുള്ള കവിത നഷ്ടസൗഹൃദത്തിന്റെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മയാണെന്ന് പരിഭാഷകന്‍. രവി മന്ത സാക്ഷ്യപ്പെടുത്തുന്നു. ‘സഹചാരികളോടുള്ള എന്റെ സ്നേഹം സത്യവും താരതമ്യമില്ലാത്തതാണ്, എന്നിട്ടും മറ്റുള്ളവരുടെ കണ്ണിലൂടെയാണോ ഞാനെന്നെ അറിയേണ്ടതെന്നാണ് ‘ കവിതയിലെ ചോദ്യം.
ഗോധ്രസംഭവത്തില്‍ കൊലയാളിയെന്ന് ചിലര്‍ തനിക്ക് നല്‍കുന്ന പ്രതിഛായ നരേന്ദ്രമോദി നന്നായി തിരിച്ചറിയുന്നുണ്ട്. അതിനാലാകാം ‘ചിത്രത്തിനുമപ്പുറം’ എന്ന കവിതയില്‍ ഇങ്ങനെ എഴുതിയത്. ‘നിങ്ങളെന്റെ ചിത്രം കാണുമ്പോള്‍ ഞാനവിടെയുണ്ടാകും, അതില്‍ വിരോധാഭാസമില്ല, പക്ഷേ ചിത്രമെന്നത് ആത്മാവല്ല, അത് വെള്ളത്തില്‍ നനയും, തീയില്‍ എരിയും, നനയുമ്പോഴും എരിയുമ്പോഴും ചിത്രം മാറും. പക്ഷേ വ്യക്തി എന്നും ഒരുപോലെ അവശേഷിക്കും’. ഏകാന്തതയുടെ ചില ദു:ഖസൂചനകളും മോദിയുടെ കവിതകളിലുണ്ട്. പക്ഷേ അവയെ വിരക്തിയുടെ നൂലുകൊണ്ട ബന്ധിപ്പിക്കാന്‍ മോദിയെന്ന കവി ഏറെ ശ്രദ്ധിക്കുന്നു. സ്വതന്ത്രമായ ഏകാന്തതയിലേക്കും തീവ്രമായ വിരക്തിയിലേക്കും നങ്കുരമിടുന്ന ഒരു മനുഷ്യന്റെ ചിന്തകളാണ് മോദിയുടെ കവിതകള്‍. ‘ഉള്ളിലെ തീവ്രദുഖം നാം തിരിച്ചറിയുമ്പോള്‍, ഒരു പങ്കാളിയുണ്ടാകുമോ പങ്ക് വയ്ക്കാനെന്നും താഴിട്ട് പൂട്ടിയ വാതിലിന് പിന്നില്‍ നിന്നാണ് അതുണ്ടാകുന്നതെന്നും’ അദ്ദേഹം എഴുതുന്നത് അതുകൊണ്ടുതന്നെയാകും.
ശക്തനായ വാഗ്മി, സഹൃദയനായ വായനക്കാരന്‍, യഥാര്‍ത്ഥ ചിന്തകന്‍. ലേഖനങ്ങളും കവിതകളും മാത്രമല്ല പ്രകൃതിയും സംസ്‌കാരവും സ്വാനുഭവങ്ങളും നിറഞ്ഞ ചിന്തോദ്ദീപകമായ ആശയങ്ങളുമാണ് മോദി മുന്നോട്ട് വയ്ക്കുന്നത്. ഭാഷയുടെയും പ്രയോഗത്തിന്റെയും തനിമയും ഗരിമയുമറിയണമെങ്കില്‍ മോദിയുടെ മാതൃഭാഷ തന്നെ അറിയണം. ഒരു പ്രാദേശിക ഭാഷയുടെ പരിധിക്കുള്ളില്‍ മോദിയെന്ന കവി ചുരുങ്ങിപ്പോകരുതെന്ന നിര്‍ബന്ധം കൊണ്ടചണ് മോദിയുടെ നയതന്ത്രകാര്യങ്ങളിലെ ഉപദേശകനായ രവി മന്ത ആ കവിതകളൊക്കെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. മോദിയെന്ന രാഷ്ട്രീയക്കാരന്‍ ഏറെ നാളായി മാധ്യമങ്ങളിലുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ മോദിയാരാണെന്ന് ആര്‍ക്കുമറിയില്ലെന്നും മന്ത് പറയുന്നു. മോദി എഴുതിയ കവിതകള്‍ ഓണ്‍ ലൈന്‍ വഴി വായച്ച താന്‍ അതിശയിച്ചുപോയെന്നും ഒരു വ്യക്തിയെന്ന നിലയില്‍ മോദിയെ മനസ്സിലാക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗുജറാത്തിയില്‍ പ്രാവീണ്യമില്ലാതിരുന്നിട്ടും ഹിന്ദി, സംസ്‌കൃത പരിജ്ഞാനം ഉപയോഗിച്ച് ഗുജറാത്തിയില്‍ നിന്ന് മോദിയുടെ കവിതകളെ മന്ദ ഇംഗ്ലീഷ് വായനക്കാരുടെ മുുന്നിലെത്തിക്കുകയായ.ിരുന്നു. സംസ്‌കൃതപദങ്ങളുടെ ഉപയോഗം പരിഭാഷക്ക് സഹായകമായി. തീരെ പരിചയമില്ലാത്ത പദങ്ങള്‍ ഗുജറാത്തി സുഹൃത്തുക്കള്‍ അദ്ദേഹത്തിന് പരിഭാഷപ്പെടുത്തിക്കൊടുത്തു. തന്റെ പരിഭാഷയില്‍ അമിത വിശ്വാസം മന്തക്കില്ല. പരിഭാഷകന് രണ്ട് ഭാഷകളിലും ഒഴുക്കുണ്ടാകണമെന്ന പക്ഷക്കാരനാണ് മന്ത. 67 കവിതകളില്‍ പതിനഞ്ചോളം കവിതകള്‍ ഏറെ പ്രിയപ്പെട്ടതാണെങ്കിലും മന്തയെ ഏറെ സ്വാധീനിച്ചത ‘ബ്ലിസ് ‘ എന്ന കവിതയാണ്. അസ്തിത്വത്തെക്കുറിച്ചുള്ള ചിന്തകളാണ് ഈ കവിത പങ്ക് വയ്ക്കുന്നത്.
പോളിറ്റിക്കല്‍ സയന്‍സാണ് മോദിയുടെ വിഷയം. പഠിച്ച പുസ്തകങ്ങളിലെ സൂത്രങ്ങള്‍ക്കും തത്വങ്ങള്‍ക്കും അപ്പുറം ചിലവ അദ്ദേഹം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി, വിശ്രമില്ലാതെ പണിയെടുത്തു, യോഗയും ധ്യാനവും ജീവിതത്തിന്റെ ഭാഗമാക്കി. രോഗമുക്തിയല്ല ഭോഗമുക്തിയാണ് താന്‍ യോഗയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മോദി പറയുന്നത്. എന്തായാലും എല്ലാത്തിനുമൊപ്പം കലയും സാഹിത്യവും ആസ്വദനശേഷിയുള്ള മനസും മോദിക്കുണ്ട്. ജപ്പാനിലെ സന്ദര്‍ശനത്തിനിടെ ഡ്രം വായിച്ച് താളബോധവും ഫല്‍ട്ട് വായിച്ച് സംഗീതബോധവും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഉള്ളില്‍ കലയില്ലാത്ത ഒരു വ്യക്തിയക്കും ഒരു പൊതുസദസ്സില്‍ സംഗീതോപകരണങ്ങളില്‍ കൈ വയ്ക്കാനാകില്ല. ലോകം മുഴുവന്‍ നോക്കി നില്‍ക്കെ മോദി അത് ചെയ്തെങ്കില്‍ ഉള്ളില്‍ കല ഉറച്ചതുകൊണ്ടാണ്. അതുണ്ടെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ്. ഭരണത്തിലായാലും വ്യക്തിജീവിതത്തിലായാലും മോദിയുടെ ആ ആത്മവിശ്വാസമാണ് മറ്റേതൊരു ഭരണകര്‍ത്താവിനേക്കാളും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും.
Post Your Comments