Latest NewsKerala

‘ജാതി ,മത, രാഷ്ട്രീയം’ മാത്രം നോക്കി സിപിഎമ്മിന്റെ പുതിയ സർവേ : അണികളിൽ അമർഷം പുകയുന്നു : ജാഗ്രതയോടെ കോൺഗ്രസ്സും ലീഗും

ജാതിയും മതവും രേഖപ്പെടുത്താന്‍ പ്രത്യേക കോളങ്ങള്‍ ഫോറത്തില്‍ ഉള്‍പ്പെടുത്തിയതിൽ പ്രവര്‍ത്തകര്‍ക്കും അമർഷമുണ്ട്.

കോഴിക്കോട്: ജാതിയും മതവും ചോദിച്ചുകൊണ്ടുള്ള സിപിഎം. ന്റെ സര്‍വ്വേക്കെതിരെ കോൺഗ്രസ്സും ലീഗും. ഇതിൽ ജാഗ്രത പുലർത്തണമെന്ന് അണികളോട് യുഡി എഫ് പറഞ്ഞു കഴിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഒട്ടേറെ വിശദ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഫോറവുമായി സിപിഎം. പ്രവര്‍ത്തകര്‍ വീടുകള്‍ തോറും എത്തുന്നത്. ജാതിയും മതവും രേഖപ്പെടുത്താന്‍ പ്രത്യേക കോളങ്ങള്‍ ഫോറത്തില്‍ ഉള്‍പ്പെടുത്തിയതിൽ പ്രവര്‍ത്തകര്‍ക്കും അമർഷമുണ്ട്.

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു സര്‍വ്വേ അവിടെ നടത്തിയിരുന്നു. സര്‍വ്വേ പ്രകാരം പ്രാദേശിക ഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതും ഭൂരിപക്ഷം മുന്‍കൂട്ടി കണക്കാക്കിയതും. സാമുദായിക പരിഗണ കൂടി നല്‍കിയാണ് ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സിപിഎം. നടത്തിയത്. അതിന് സമാനമായി 140 നിയോജക മണ്ഡലങ്ങളിലും സിപിഎമ്മിന്റേയും മറ്റ് കക്ഷികളുടേയും യഥാര്‍ത്ഥ പിന്‍തുണ എത്രയാണെന്ന് കണക്കാക്കുകയാണ് സര്‍വ്വേയുടെ ലക്ഷ്യം.

ബ്രാഞ്ച് കമ്മിറ്റികള്‍ മുഖേനയാണ് ഈ ഫോറം ഉപയോഗിച്ച്‌ സര്‍വ്വേ നടത്തുന്നത്.’ഞങ്ങളിലില്ല ഹൈന്ദവരക്തം. ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം. ഞങ്ങളിലുള്ളത് മാനവരക്തം. ‘എന്ന മുദ്രാവാക്യം വിളിച്ച്‌ പ്രകടനം നടത്തിയ ഡി.വൈ. എഫ്.ഐ. ക്കാര്‍ തന്നെയാണ് ജാതിയും മതവും അവര്‍ക്ക് മുമ്പില്‍ തെളിയിക്കേണ്ടി വരുന്ന ഫോറവുമായി വീടുകള്‍ തോറും കയറുന്നത്. ജാതിമത കോളത്തിന് പുറമേ രാഷ്ട്രീയ ആഭിമുഖ്യവും വെളിപ്പെടുത്താന്‍ കോളമുണ്ട്.മണ്ഡലത്തിന്റെ പേര്, പഞ്ചായത്ത്, വാര്‍ഡ്, വീട്ടു നമ്പര്‍, വീട്ടുപേര്, പാര്‍ട്ടി ലോക്കല്‍ ബൂത്ത് നമ്പര്‍ എന്നിവ സര്‍വ്വേ ഫോറത്തിന്റെ തലക്കെട്ടിനൊപ്പം രേഖപ്പെടുത്തണം.

ഫോറത്തിലെ മറ്റ് വിവരങ്ങള്‍ ഇങ്ങിനെ. ഐ.ഡി. നമ്പര്‍, പേര്, ആണ്‍ / പെണ്‍, വയസ്സ്, വിദ്യാഭ്യാസം, മൊബൈല്‍-ഇ.മെയില്‍, തൊഴില്‍-സ്ഥാപനത്തിന്റെ വിലാസം, വിദ്യാഭ്യാസം,(വിദ്യാര്‍ത്ഥിയാണെങ്കില്‍ സ്ഥാപനം) സമൂഹമാധ്യമങ്ങളില്‍ അംഗമാണോ? വിവാഹിതനാണോ? തുടങ്ങിയ വിവരങ്ങള്‍ക്ക് ശേഷം മതവും ജാതിയും രേഖപ്പെടുത്താന്‍ രണ്ട് കോളങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. ഏതെങ്കിലും സമുദായ സംഘടനയില്‍ അംഗത്വത്തെക്കുറിച്ചും ചോദ്യമുണ്ട്. അവസാനത്തെ കോളത്തിലാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നുണ്ടോ? എങ്കില്‍ എത് എന്ന ചോദ്യത്തോടെ ഫോറത്തിലെ വിവരശേഖരണം അവസാനിക്കുന്നു.

സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്കു വേണ്ടിയാണ് ഈ സര്‍വ്വേ എന്ന് പ്രചരിപ്പിക്കുന്നത് വഴി ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമെന്ന് ധരിച്ചാണ് വീട്ടുകാര്‍ വിവരങ്ങള്‍ കൈമാറുന്നത്.അതേ സമയം സിപിഎം. സര്‍വ്വേക്കെതിരെ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സിപിഎം. സര്‍വ്വേക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഈ രണ്ട് സംഘടനകളും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.ഒരു ബ്രാഞ്ചില്‍ ചുരുങ്ങിയത് പത്ത് ഫോറങ്ങളാണ് ഒരംഗത്തിന് നല്‍കുന്നത്. കൂടുതല്‍ വീടുകളുള്ള ബ്രാഞ്ചുകളില്‍ കൂടുതല്‍ ഫോറങ്ങള്‍ അനുവദിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button