ന്യൂഡല്‍ഹി: അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് സന്തോഷ വാർത്തയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആയിരക്കണക്കിന് ആശ, അംഗന്‍വാടി വര്‍ക്കര്‍മാരുടെ മാസ ഒാണറേറിയം വര്‍ധന വരുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വര്‍ധിപ്പിച്ച പ്രതിഫലം ഒക്ടോബര്‍ മുതല്‍ നടപ്പാക്കുമെന്നും രാജ്യത്തെ ആശ, ഒാക്സിലറി മിഡ്വൈഫ് വര്‍ക്കര്‍മാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് പരിപാടിയില്‍ പ്രധാനമന്ത്രി അറിയിച്ചു. ഒാണറേറിയത്തിലെ കേന്ദ്രവിഹിതം 3000 രൂപ വാങ്ങുന്നവര്‍ക്ക് 4500 രൂപയും 2200 രൂപ വാങ്ങുന്നവര്‍ക്ക് 3500 രൂപയും ലഭിക്കും.
ALSO READ: അംഗന്‍വാടികളെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
ആശ വര്‍ക്കര്‍മാര്‍ക്ക് സംസ്ഥാനങ്ങള്‍ വേറെ ഒാണറേറിയം നല്‍കുന്നുണ്ട്. ആശ വര്‍ക്കര്‍മാരെ വിവിധ സാമൂഹികസുരക്ഷാ പദ്ധതിയുടെ കീഴില്കൊണ്ടുവരുമെന്നും മോദി അറിയിച്ചു. പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷ ബീമ യോജന എന്നീ പദ്ധതികള്‍ക്കു കീഴിലായി സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. പ്രീമിയം അടക്കാതെ നാലു ലക്ഷം രൂപവരെയുള്ള ഇന്‍ഷുറന്‍സ് കവറേജ് ഇവര്‍ക്ക് ലഭിക്കും. ഐ.സി.ഡി.എസ്-സി.എ.എസ് സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് 250 മുതല്‍ 500 രൂപ വരെ അധിക ആനുകൂല്യവും ലഭിക്കും. നവജാത ശിശുക്കളുടെ ആരോഗ്യപരിചരണത്തിലും രാജ്യത്തെ ശുചിത്വപരിപാലനത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന ആശ-അംഗന്‍വാടി വര്‍ക്കര്‍മാര്‍ രാജ്യപുരോഗതിക്ക് അടിത്തറ പാകുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments