ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയായ കോഴിക്കോട്ടുകാരൻ നൂഹ് റഷീദ് എന്ന മാങ്കാവ് റഷീദിനെ 20 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. കോയമ്പത്തൂർ സ്‌ഫോടനത്തിൽ 58 പേർ കൊല്ലപ്പെട്ടിരുന്നു. കോഴിക്കോട് തിരുവണ്ണൂര്‍ യമുന മന്‍സിലില്‍ എന്‍.പി. നൂഹ് റഷീദിനേ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘവും ചേര്‍ന്ന് ചെന്നൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മുതിർന്ന ബിജെപി നേതവ് എൽ കെ അദ്വാനിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ 1998 ഫെബ്രുവരി 14-നാണ് സ്‌ഫോടന പരമ്പര നടന്നത്.
സ്‌ഫോടനത്തിനു ശേഷം വിദേശത്തേക്ക് കടന്ന റഷീദ് ഖത്തറിലും ദുബായിലുമായി കഴിയുകയായിരുന്നു. നാടുവിട്ട ശേഷം റഷീദ് ബന്ധുക്കളെ ഒന്നും കണ്ടിരുന്നില്ല. അതിനു വേണ്ടി റഷീദ് അടുത്തിടെ കോഴിക്കോട്ടെത്തിയിരുന്നു. അതിനുശേഷം ചെന്നൈയിലേക്ക് തിരിക്കുന്നതിനിടയിലേക്കാണ് ഇയാളെ പിടികൂടിയത്. റഷീദ് നാട്ടിലെത്തിയ വിവരം അറിഞ്ഞ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സി ഐ ഡി സംഘം കോഴിക്കോട് എത്തുകയായിരുന്നു. കേരള പോലീസിന്റെ അറിവില്ലാതെ അതീവ രഹസ്യമായാണ് റഷീദിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഐ പി സി 302, 307, 449, 465,468,471,212 തുടങ്ങി പതിനാറു വകുപ്പുകളാണ് റഷീദിനെതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ റഷീദിനെ പതിനഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്നാണ് റഷീദിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അദ്വാനി പ്രസംഗിക്കേണ്ടിയിരുന്ന കോയമ്പത്തൂരിലെ വേദിക്ക് സമീപമുള്ള സ്ഥലങ്ങളിൽ സ്ഫോടനം നടത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് റഷീദ്. പ്രസംഗവേദിയിൽ എത്താൻ താമസിച്ചത് കാരണമാണ് അദ്വാനി ഈ സ്‌ഫോടനങ്ങളിൽ നിന്നും രക്ഷപെട്ടത്.
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, വീട്ടില്‍ അതിക്രമിച്ചുകയറല്‍, വ്യാജരേഖചമയ്ക്കല്‍, വഞ്ചന, വ്യാജരേഖ ഉപയോഗിച്ച് കബളിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കല്‍, മതസ്പര്‍ധ ഉണ്ടാക്കല്‍, മാരകായുധം ഉപയോഗിച്ച് കലാപത്തിനു ശ്രമിക്കല്‍, അന്യായമായി സംഘംചേരല്‍, തെളിവ് നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യം തടസ്സപ്പെടുത്തല്‍ എന്നി വകുപ്പുകൾ പ്രകാരമുള്ള കേസുകൾ ആണ് റഷീദിന് മേൽ ചുമത്തിയിരിക്കുന്നത്.
ഈ കേസിലാണ് പിഡിപി നേതാവ് മദനിയെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടന സമയത്ത് മദനിക്കൊപ്പം റഷീദ് ഉണ്ടായിരുന്നുവെന്നാണ് തമിഴ്‌നാട് സി.ബി.സിഐ.ഡി. സംഘം കണ്ടെത്തിയിട്ടുള്ളത്. കേസില്‍ അല്‍ഉമ സ്ഥാപകന്‍ എസ്.എ ബാഷ, മകന്‍ സിദ്ദിഖ് അലി, സഹോദരന്‍ നവാബ്ഖാന്‍ എന്നിവരടക്കമുള്ളവരെ കോടതി ശിക്ഷിച്ചിരുന്നു. മദനിയടക്കം 14 പേരെ കുറ്റക്കാരല്ല എന്ന് കണ്ട് വിട്ടയച്ചിരുന്നു.
Post Your Comments