തിരുവനന്തപുരം: രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളായി ചാലക്കുടി താലൂക്ക് ആശുപത്രിയെയും നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെയും തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യൂ.എ.എസ്.) പ്രകാരം നടന്ന പരിശോധനയിലാണ് ചാലക്കുടി താലൂക്ക് ആശുപത്രി 98.07% മാര്‍ക്ക് നേടി രാജ്യത്തെ ഏറ്റവും നല്ല സബ് ജില്ലാ ആശുപത്രിയായി മാറിയത്. 98% മാര്‍ക്ക് നേടിയ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും നല്ല പ്രാഥമിക ആരോഗ്യ കേന്ദ്രമായി മാറി. ഇത് കൂടാതെ കാസര്‍ഗോഡ് ജില്ലയിലെ പനത്തടി സാമൂഹ്യ ആരോഗ്യ കേന്ദ്രം, കണ്ണൂര്‍ ജില്ലയിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമായ മൈതാനപ്പളളി എന്നിവയ്ക്കും നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അക്രഡിറ്റേഷന്‍ ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ലഭിക്കുന്ന ആശുപത്രികളുടെ എണ്ണം 13 ആയി. ഈ വര്‍ഷം കേരളത്തിലെ 70 തോളം സര്‍ക്കാര്‍ ആശുപത്രികളാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിനായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്.
Read also: രോഗികളെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ നയം ഇനി നടക്കില്ല
ആര്‍ദ്രം മിഷന്റെ ഭാഗമായി ആശുപത്രികളെ രോഗീ സൗഹൃദമാക്കി മികച്ച പശ്ചാത്തല സൗകര്യങ്ങളൊരുക്കി വരികയാണ്. ഇതിനുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അന്താരാഷ്ട്ര ഏജന്‍സിയായ ഐ.എസ്.ക്യു.യു.എ (ISQUA-International Society for Quality) അംഗീകരിച്ച മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് എന്‍.ക്യൂ.എ.എസ്. അക്രഡിറ്റേഷന്‍ നല്‍കുന്നത്. ഏകദേശം 6000ത്തോളം ചികിത്സ, സുരക്ഷാ, ശുചിത്വ, മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് എന്‍.ക്യൂ.എ.എസ്. അക്രഡിറ്റേഷന്‍ നല്‍കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടന്ന പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്‍.ക്യൂ.എ.എസ്. ലഭിക്കുന്ന ആശുപത്രികള്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വര്‍ഷം തോറും പ്രത്യേക ധനസഹായം ദേശീയ ആരോഗ്യ ദൗത്യം മുഖേന കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കും.
Post Your Comments