നഷ്ടങ്ങളുടെ വലിയ കണക്കുകള്‍ക്കിടയിലും അഭൂതപൂര്‍വ്വമായ ഒരു കൂട്ടായ്മയുടെയും നന്മയുടെയും കാഴ്ച്ച ബാക്കിവച്ചാണ് കേരളത്തെ വിഴുങ്ങാനെത്തിയ പ്രളയം വഴിയൊഴിഞ്ഞ് പോയത്. വിവിധ മേഖലകളില്‍ നിന്ന് ആളും അര്‍ത്ഥവുമായി സഹായം ഒഴുകിയെത്തിയ മറ്റൊരു സന്ദര്‍ഭം ഓര്‍ത്തെടുക്കാന്‍ ഈ പ്രളയത്തിന് സാക്ഷിയായവര്‍ക്ക് ആവുമെന്ന് തോന്നുന്നില്ല. ഇതിനിടയില്‍ തീര്‍ത്തും ശ്രദ്ധിക്കപ്പെടാതെപോയെ സേവനങ്ങളും സഹായങ്ങളും ഒരുപാടുണ്ട്. അവയില്‍ എടുത്തു പറയേണ്ട ഒന്നു രണ്ട് കാര്യങ്ങള്‍ കുറിക്കട്ടെ. കഴിഞ്ഞ ദിവസം ശ്രീലേഖ ഐപിഎസ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് അതിന്റെ ഉള്ളടക്കം കൊണ്ട് വാര്‍ത്താപ്രാധാന്യം നേടിയതാണ്. അതിങ്ങനെ..
https://www.facebook.com/Sreelekhaips/posts/2125024207532364?__xts__%5B0%5D=68.ARDK6rpSu-S_UJA6e14VEBz_lIdmEY8fA5lFmefK7kLVdZZpzmmh8EGML0UKEcCVbNDcJ7XgRoKzc30Z7q4MUKvv58dCNhJ_8YzFkMu-t5up89yiLHe69byWZgTOHFNGg1bSGUaK-DM2GNz3HYHhDfgsov6lZDMwQXNVg6hP8DpK0lSeXMXrXg&__tn__=-R
‘ലോകചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്ത നന്മയാണ് കേരളത്തില്‍ അടുത്തിടെ ഉണ്ടായത്. പ്രളയക്കെടുതിയില്‍പെട്ടവരെ രക്ഷിക്കാന്‍ ജനം ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങിയപ്പോള്‍ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തു ജയിലില്‍ അടക്കപ്പെട്ടവരും അവരെക്കൊണ്ടാവുന്നതു ചെയ്യണം എന്ന് തീരുമാനിച്ചു. വേറെ എവിടെയാണ് ജയിലിലെ കുറ്റവാളികള്‍ ദുരിതം അനുഭവിക്കുന്ന സമൂഹത്തിലെ പൊതുജനങ്ങള്‍ക്ക് വേണ്ടി തന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നും വേണ്ട തുക എടുത്തുകൊള്ളാന്‍ പറഞ്ഞിട്ടുള്ളത്? കേരളത്തിലെ 52 ജയിലുകളില്‍ കിടക്കുന്ന (മൊത്തം 7200 പേരില്‍) 3100 ശിക്ഷാതടവുകാരും അവരെക്കൊണ്ടാവുന്നതുപോലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. 14,17,273 രൂപയുടെ ഡിഡിയാണ് ഈ മാസം ഒന്നാം തീയതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. ‘
മാത്രമല്ല ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിദഗ്ധരായ തടവുകാര്‍ പ്രളയബാധിത പ്രദേശങ്ങളിലെ വീടുളില്‍ ആവശ്യമായ സേവനത്തിന് സന്നദ്ധരാണെന്ന് അറിയിച്ചെന്നും ശ്രീലേഖ ഐപിഎസ് കുറിച്ചിട്ടുണ്ട്. പക്ഷേ സുരക്ഷാ കാരണങ്ങള്‍ കൊണ്ട് അത് അനുവദിക്കാനാകുന്ന സാഹചര്യമല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ജയിലുകളില്‍ കഴിയുന്നവരുടെ മാനസികാവസ്ഥയിലുണ്ടായ ഇത്തരത്തിലുള്ള മാറ്റം അതിശയത്തോടെയല്ലാതെ കേള്‍ക്കാനാകില്ല. മനുഷ്യത്വത്തിന്റെ കണ്ണ് നനയ്ക്കുന്ന സംഭാവനകളില്‍ ഈ തടവുകാരുടെ സേവനവും ഉള്‍പ്പെടുമ്പോള്‍ നമുക്ക് ആശ്വസിക്കാം തീരെ തള്ളിക്കളയാന്‍ മാത്രം എന്നും ക്രൂരനായിരിക്കാന്‍ ഒരു മനുഷ്യനും സാധ്യമല്ലെന്ന്.
അതുപോലെ തന്നെ എടുത്തുപറയേണ്ട സേവനം കാഴ്ച്ച വച്ചവരാണ് മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍. അഹ്മദ്‌നഗര്‍ ജില്ലയിലെ ലൈംഗികത്തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 21,000 രൂപയാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. പിന്നീട് ഒരു ലക്ഷം രൂപ കൂടി സമാഹരിച്ച് നല്‍കി. കോടികളുടെ സഹായം നല്‍കുന്ന പ്രമുഖര്‍ക്കിടയില്‍ ഇവര്‍ ഒന്നുമല്ലായിരിക്കും. പക്ഷേ തുച്ഛമായ വരുമാനത്തില്‍ നിന്ന് ഒരു വീതം നല്‍കാന്‍ കാണിച്ച ഇവരുടെ മനസിന്റെ മൂല്യം കോടികളേക്കാള്‍ എത്രയോ മേലെയാണ്. ചെയ്യുന്ന ജോലിയോ താമസിക്കുന്ന ഇടമോ അല്ല വ്യക്തികളുടെ മനസിന്റെ നൈര്‍മല്യം വെളിപ്പെടുത്തുന്നത്. മറിച്ച് ഇത്തരത്തിലുള്ള ചില നിര്‍ണായക ഘട്ടങ്ങളില്‍ അവരെടുക്കുന്ന തീരുമാനം തന്നെയാണെന്നാണ് ഇത്തരം സംഭവങ്ങള്‍ വിളിച്ചുപറയുന്നത്. ലോട്ടറി ടിക്കറ്റ് വിറ്റും ചെരുപ്പു നന്നാക്കിയും ജീവിക്കുന്ന വ്യക്തികള്‍ തങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറം തുക സര്‍ക്കാരിന്റെ ഫണ്ടിലേക്ക് കൈമാറുന്ന കഥ മാധ്യമങ്ങളിലൂടെ നാം അറിയുന്നുണ്ടല്ലോ.
സേവനത്തിന്റെ എല്ലാ കഥകളും നാം അറിഞ്ഞിരിക്കണമെന്നില്ല. മാധ്യമങ്ങള്‍ പോലും മാധ്യമധര്‍മം മറന്ന് നിക്ഷിപ്ത താത്പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമ്പോള്‍ ചില റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്ന് നടിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യാറുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെയോ പ്രത്യശാസ്ത്രങ്ങളുടെയോ ഒക്കെ പേരില്‍ നടക്കുന്ന അത്തരം നടപടികള്‍ക്ക് മറുപടി നല്‍കേണ്ടതില്ല. അതിനൊക്കെ അപ്പുറം കാരുണ്യവും നന്‍മയും അവസാനിക്കാതെ മനുഷ്യത്വത്തിന്റെ പച്ചപ്പ് അവശേഷിപ്പിച്ചുപോയ പ്രളയം പല വിധത്തിലാണ് നമ്മുടെ കണ്ണ് തുറപ്പിച്ചത്. ആര്‍ക്ക് മുന്നിലും കൈനീട്ടാതൈ ജീവിക്കാന്‍ കഴിയുന്നവര്‍ എന്ന മിഥ്യാഭിമാനത്തിന്റെ ഉടുപ്പുകൂടിയാണ് ഈ പ്രളയകാലത്തില്‍ ഒലിച്ചുപോയത്. മനുഷ്യന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് അപ്പുറമുള്ള പ്രകൃതിയുടെ ചില ഇടപെടലുകള്‍ വലിയ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ്. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും സഹായമനസ്ഥിതി ഉണരാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ സ്വയം തിരിച്ചറിയണം മനുഷ്യന്റെ രൂപാസാദ്യശ്യങ്ങളുള്ള മനുഷ്യത്വമില്ലാത്ത മറ്റേതോ ജീവികളാണ് തങ്ങളെന്ന്.
Post Your Comments