Latest NewsKerala

കന്യാസ്ത്രീയുടെ അസ്വാഭാവിക മരണം ; അന്വേഷണം നിര്‍ണ്ണായകഘട്ടത്തിലേക്ക്

മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.

കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. കന്യാസ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന് നടക്കും. മഠത്തില്‍ നിന്ന് ശേഖരിച്ച സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്‍റെ മുടിയിഴകളും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.

കന്യാസ്ത്രീ രോഗിയായിരുന്നുവെന്നും ഇതിന്റെ നിരാശയിലാണ് മരണമെന്നും വിലയിരുത്തലുകളെത്തുന്നു. കന്യാസ്ത്രീയുടെ മുടിയും കൈത്തണ്ടകളും മുറിച്ച നിലയിലായിരുന്നു. കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുടിയും രണ്ടു കൈത്തണ്ടകളും മുറിച്ച നിലയിലാണ്. മുടിയുടെ ചില ഭാഗങ്ങള്‍ ഇവരുടെ മുറിക്കുള്ളില്‍നിന്നു പൊലീസ് കണ്ടെത്തി. ഇതിലൊന്നും ദുരൂഹത വേണ്ടെന്നാണ് മഠം അധികാരികള്‍ പറയുന്നത്.

രോഗിയായതോടെ നിരാശയിലായിരുന്നു സൂസമ്മ. ഈ നിരാശയില്‍ സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ സിസ്റ്ററിന്റെ മരണ ദിവസം മഠത്തില്‍ കന്യാസ്ത്രീകള്‍ തീരെ കുറവായിരുന്നു. ഈ അസ്വാഭാവിക സാഹചര്യം പൊലീസിന് മുൻപിലുണ്ട്. കൈത്തണ്ട മുറിച്ച ശേഷം കിണറ്റില്‍ ചാടിയെന്ന വാദം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരും ഉണ്ട്. മൗണ്ട് താബോര്‍ സ്‌കൂളിലെ അദ്ധ്യാപികയാണു സിസ്റ്റര്‍ സൂസമ്മ.

സിസ്റ്റര്‍ താമസിച്ച മുറിയില്‍ രക്തംപറ്റിയ ബ്ലേഡും രക്തം ഒഴുകിയപാടും കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി പരുമല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സിസ്റ്റര്‍ സൂസന്‍. ഓഗസ്റ്റ് 14 -ാംതീയതിയാണ് വീട്ടില്‍ പോയി വന്നത്. നാട്ടില്‍ പോയപ്പോള്‍ മെഡിസിറ്റിയിലും ചികില്‍സയിലായിരുന്നു. തുടര്‍ന്ന് 16-ാം തീയതി തിരികെ എത്തിയശേഷം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും ചികില്‍സ തേടിയതായി സഹോദരങ്ങള്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി 9.30 ന് ഫോണിലൂടെ സഹോദരങ്ങളുമായി സംസാരിച്ചിരുന്നു. പനിയാണെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നുമാണ് കോണ്‍വെന്റ് അധികൃതരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button