എറണാകുളം വാഴക്കാലയ്ക്ക് സമീപം പാറമടയിൽ കന്യാസ്ത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ശാസ്ത്രീയ തെളിവു ശേഖരണം ആരംഭിച്ചു. മരണത്തിലെ അസ്വാഭാവികത കണക്കിലെടുത്താണ്ണ് പൊലീസ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത്. സംഭവത്തിൽ കോൺവെന്റ് അധികൃതരുടെയും കന്യാസ്ത്രീയുടെ മാതാപിതാക്കളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി.
ഇന്നലെ വൈകിട്ട് 4മണിയോടെയാണ് സെന്റ് തോമസ് ഡിഎസ്ടി കോൺവെന്റ് അന്തോവാസിയായ 45വയസുള്ള സിസ്റ്റർ ജസീനയെ മഠത്തിൽ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മഠം അധികാരികൾ പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സെൻറ് തോമസ് കോൺവെന്റിലെ മറ്റ് അന്തേവാസികളുടെയും സിസ്റ്റർ ജസീനയുടെ ബന്ധുക്കളുടെയും വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കോൺവെന്റിന് പുറകുവശത്തുള്ള പാറമടയിലേക്ക് സിസ്റ്റർ ജെസീന എത്തിയതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അതേസമയം, കന്യാസ്ത്രീ വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് മഠം അധികൃതരുടെ വാദത്തിൽ വ്യക്തതയില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.
നിലവിൽ മരണം സംബന്ധിച്ച് അസ്വഭാവീകതയുണ്ടെന്ന് പറയാനാകില്ലെന്ന് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌റേ പറഞ്ഞു.
കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇടുക്കി കീരിത്തോട് സ്വദേശിയായ സിസ്റ്റർ ജെസീന 2018 ലാണ് വാഴക്കാല സെന്റ് തോമസ് കോൺവെന്റിൽ എത്തുന്നത്.
Post Your Comments