കൊച്ചി വാഴക്കാലയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മജിസ്റ്റീരിയലിന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് തൃക്കാക്കര പൊലീസ് വ്യക്തമാക്കി. സിസ്റ്റർ ജസീനയുടെ ബന്ധുക്കളും കൊച്ചിയിലെത്തിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 4മണിയോടെയാണ് സെന്റ് തോമസ് ഡിഎസ്ടി കോൺവെന്റ് അന്തോവാസിയായ 45വയസുള്ള സിസ്റ്റർ ജസീനയെ മഠത്തിൽ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മഠം അധികാരികൾ പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാൽ ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇടുക്കി കീരുത്തോട് സ്വദേശിയായ സിസ്റ്റർ ജസീനയുടെ മാതാപിതാക്കളും ബന്ധുക്കളും കൊച്ചിയിലെത്തിയിട്ടുണ്ട്. ബന്ധുക്കൾ പരാതി നൽകിയാൽ സംഭവത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
അത്സമയം, സിസ്റ്റർ ജസീന 10 വർഷമായി മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി മഠം അധികൃതർ വ്യക്തമാക്കി.
Post Your Comments