നാല് വോട്ടിനു വേണ്ടി ആദര്‍ശം ബലി കഴിക്കുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയ ഭരണ കക്ഷികള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുകളെല്ലാം നിരത്തിയിട്ടും ഇരയായ കന്യാസ്ത്രീയ്ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. അന്യ സംസ്ഥാനങ്ങളിലെ കന്യാസ്ത്രീകള്‍ക്ക് വേണ്ടി പോലും വാദിക്കുന്ന ന്യായീകരണ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനത്ത് നിന്നും ഒരു കന്യാസ്ത്രീ വിങ്ങിപ്പൊട്ടുന്നത് കാണുന്നില്ലേ? അതോ തുച്ഛമായ വോട്ടുകള്‍ക്ക് വേണ്ടി കന്യാസ്ത്രീ എന്തുവേണെങ്കിലും ചെയ്തു കൊള്ളട്ടേയെന്നാണോ നിലപാട്. വൈദികരില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിട്ട ഈ സ്ത്രീയെ അനുകൂലിച്ച് സംസാരിച്ചാല്‍ സഭാ നേതൃത്വം നിങ്ങള്‍ക്ക് എതിരാകും എന്ന പേടിയോ?
ഇടതുപക്ഷ സര്‍ക്കാരിന്റെ തീര്‍ത്തും നിഷ്ക്രിയ മനോഭാവമാണ് കന്യാസ്ത്രീ നല്കിയ പരാതിക്ക് മേല്‍ ഉണ്ടായിട്ടുള്ളത്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇടതുപക്ഷ പാര്‍ട്ടിയും കത്തോലിക്കാ സഭയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പറയാം. തീരുമാനങ്ങള്‍ കൈക്കൊള്ളണമെങ്കില്‍ മേല്‍ ഘടകത്തിന് മുന്പില് ഓച്ഛാനിച്ചു നില്‍ക്കണം. എതിര് സ്വരം ഉയര്‍ന്നാല്‍ അവരെ വിമതന്മാരായി മാറ്റി നിര്‍ത്തുന്നതാണ് ഇവരുടെ പാരമ്പര്യം.
Read Also: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൈയും വിരലുകളും തല്ലിയൊടിച്ചു
കഴിഞ്ഞ ദിവസമാണ് ഒരു കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ഒപ്പം ബിഷപ്പിന്റെ ക്രൂരമായ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. കന്യാസ്ത്രീയ്ക്ക് വേണ്ടി തെരുവില്‍ സമരമിരുന്ന സഹജീവികളെ മനുഷ്യത്വരഹിതമായി ആക്രമിച്ച ഒരു ജനപ്രതിനിധിയേയും നമ്മള് കണ്ടു. എംഎല്‍എയ്ക്കെതിരായ പരാതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ജനാധിപത്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കള്‍ ഒക്കെ വായ്മൂടിക്കെട്ടിയിട്ടാണോ ഉള്ളത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ തന്നെ നേരിട്ട് പരാതി നല്‍കിയിട്ടും കേസന്വേഷണം ദുര്‍ബലപ്പെടുത്തുകയാണ്. സമയബന്ധിതമായി കേസന്വേഷണം പൂര്‍ത്തിയാക്കി വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താത്ത പക്ഷം രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
സഭയെ പിണക്കിയാല്‍ വോട്ട്ബാങ്ക് ശൂന്യമായി പോകുമെന്ന തീര്‍ത്തും വിലകുറഞ്ഞ രാഷ്ട്രീയ ആദര്‍ശത്തെ കാറ്റില്‍ പറത്തണം. എന്നിട്ട് കന്യാസ്ത്രീക്ക് നീതി നേടിക്കൊടുക്കാന്‍ മുന്നില്‍ നില്‍ക്കണം. സാധിക്കുമോ ഇരട്ട ചങ്കനെന്ന് പറയപ്പെടുന്ന പിണറായിയ്ക്ക്.? ജനങ്ങള്‍ മണ്ടന്മാരല്ലെന്ന് ഇനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയണം. നാല് വോട്ടിന് വേണ്ടി ആത്മാഭിമാനവും അന്തസും പണയംവെക്കരുത്.
ജനാധിപത്യത്തെ വെല്ലുവിളിക്കരുത്. നാല് വോട്ടിന് വേണ്ടി നിങ്ങള്‍ കാണിക്കുന്ന നെറികേടിന് വോട്ടിങ് സംവിധാനത്തിലൂടെ തന്നെ ചിലപ്പോള്‍ ജനങ്ങള്‍ മറുപടി തന്നേക്കും. അതൊരു പക്ഷേ നിങ്ങള്‍ക്ക് താങ്ങാന്‍ പറ്റിയില്ലെന്ന് വരും. നിഷ്പക്ഷരായ ജനങ്ങള്‍ കന്യാസ്ത്രീയുടെ നീതിക്ക് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ എന്തിനും ഏതിനും പ്രതികരിക്കുന്ന ചില രാഷ്ട്രീയ നേതാക്കള്‍ക്ക് വായില്‍ നാവുണ്ടോയെന്ന് തന്നെ കോലിട്ട് കുത്തി നോക്കേണ്ട അവസ്ഥയാണ്.
സഭയില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ സമരമുഖത്തേക്ക് ഇറങ്ങിയ ദൈവത്തിന്റെ മാലാഖമാര്‍ ഇപ്പോഴും ഭരണസംവിധാനത്തില്‍ വിശ്വസിക്കുന്നുവെന്ന് വേണം കരുതാന്‍. അവരെ നിങ്ങള്‍ നിരാശരാക്കരുത്. സഭയും സര്‍ക്കാരും കൈവിട്ടാലും നീതി ലഭിക്കും വരെ പോരാടാനാണ് അവരുടെ തീരുമാനം. സര്‍ക്കാരും സഭയും ഒരുപോലെ ഫ്രാങ്കോ മുളയ്ക്കലിന് മുമ്പില്‍ കുമ്പിടുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇതിനെതിരെ പോരാടാന്‍ ഇറങ്ങിത്തിരിച്ച കന്യാസ്ത്രീകള്‍ വിപ്ലവത്തിന്റെ മക്കള്‍ തന്നെയാണ്. കേരളം ഇവരെ പിന്തുണയ്ക്കുമെന്നുറപ്പാണ്. അതേസമയം പിസി ജോര്‍ജിനെ പോലെയൊരു ഭാരത്തെ ചുമക്കേണ്ട അവസ്ഥയും കേരളത്തിനുണ്ടോയെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
Post Your Comments