കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്. എത്രനാള്‍ പൊലീസിന് തട്ടുമുട്ട് ന്യായങ്ങള്‍ നിരത്താനാകുമെന്ന് കണ്ടറിയണം. മിക്ക പീഡനകഥകളിലും കാണാറുണ്ട് ഉന്നതര്‍ സംരക്ഷിക്കുന്ന ഫ്രാങ്കോ ബിഷപ്പുമാര്‍. സമൂഹത്തിന് മുന്നില്‍ സദാചാര സംരക്ഷകരും പാവങ്ങളുടെ ദൈവവും ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താക്കളുമൊക്കെയായി പ്രശോഭിക്കുന്ന ഇവരുടെ അരമന രഹസ്യങ്ങള്‍ തെളിവ് സഹിതം പുറത്തുവന്നാലും പൊലീസും ഭരണാധികാരികളും അതത്ര പെട്ടെന്ന് വിശ്വസിക്കില്ല. പകരം സത്യസന്ധതയും സാമൂഹ്യപ്രതിബദ്ധതയും തെളിയിച്ച എടപ്പാള്‍ തീയേറ്റര്‍ ഉടമയെപ്പോലുള്ളവരുടെ പേരില്‍ പ്രത്യേകിച്ച് ആരോപണങ്ങളൊന്നും വേണ്ടിവരില്ല. ചോദ്യം ചെയ്യലും തെളിവെടുപ്പും ആരുടെയും സമ്മര്‍ദ്ദമില്ലാതെ ആവശ്യത്തിനും അനാവശ്യത്തിനും നടത്തി രായ്ക്ക് രാമാനം അറസ്റ്റ് ചെയ്ത് അകത്തിടാന്‍ ഇപ്പറഞ്ഞ പൊലീസിന് കഴിയും.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലല്‍ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ട് രണ്ടരമാസമാകുമ്പോഴും പരാതിക്ക് ആസ്പദമായ തെളിവുകള്‍ ലഭിച്ചിട്ടും ബിഷപ്പ് സ്വതന്ത്രനാണ്. ശരിയായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആവര്‍ത്തിക്കുമ്പോഴും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് തെളിവായിട്ടില്ല. ജനാധിപത്യ വ്യവസ്ഥയില്‍ നീതിനിര്‍വഹണം എത്രമാത്രം ദുര്‍ബലമാണെന്ന് എത്രയോ കേസുകളിലൂടെ നാം കണ്ടിരിക്കുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലും പതിവ് ആരോപണങ്ങളും മുന വച്ച വര്‍ത്തമാനങ്ങളുമായി ന്യായീകരണത്തൊഴിലാളികള്‍ രംഗത്തുണ്ട്. കന്യാസ്ത്രീ ദളിതായിരുന്നെങ്കില്‍ (പീഡനം നടന്നത് മറ്റൊരു സംസ്ഥാനത്തായാലും മതി) ദളിത് പ്രേമികളായ പുരോഗമനബുജികള്‍ ചാടിവീഴുമായിരുന്നു. കന്യാസ്ത്രീക്ക് പകരം ഹിന്ദുആശ്രമത്തിലെ അന്തേവാസിയായിരുന്നെങ്കില്‍ മതേതരവാദികളും സാമൂഹ്യപ്രവര്‍ത്തകരും പട്ടിണി കിടന്ന് പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെടുമായിരുന്നു. ഇവിടെ ആ പാവം കന്യാസ്ത്രീയ്ക്കായി ചിലരെങ്കിലും എറണാകുളത്തെ സമരപ്പന്തലില്‍ എത്തിയത് ആശ്വാസകരംതന്നെ. പക്ഷേ കഴിഞ്ഞ 75 ദിവസത്തിലേറെയായി കേരളം കേള്‍ക്കുന്ന പരാതിയില്‍ ഇടപെടാന്‍ സാംസ്‌കാരിക കേരളത്തില്‍ വിരളില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉള്ളോ എന്ന് ചോദ്യം അവശേഷിക്കുന്നുണ്ട്.
Read also: പാർക്കിങ് തർക്കം അവസാനിച്ചത് വെടിവയ്പ്പിൽ; ഡ്രൈവർ കൊല്ലപ്പെട്ടു
എങ്കിലും കാര്യങ്ങള്‍ മാറിവരുന്നതില്‍ സന്തോഷിക്കാം. തെരുവിലെ കന്യാസ്ത്രീമാരുടെ സമരപ്പന്തലിലേക്ക് കൂടുതല്‍ പേരെത്തുന്നുണ്ട്. വിഎസിനെ പോലുള്ളവര്‍ പ്രതികരിക്കുന്നു. ജസ്റ്റിസ് കെമാല്‍ പാഷെയെപ്പോലുള്ളവര്‍ സര്‍ക്കാരിനും സഭയ്ക്കുമെതിരെ കൈ ചൂണ്ടുന്നു. പിടി തോമസ് പതിവുപോലെ ഇരയ്ക്കൊപ്പമെന്ന് ആവര്‍ത്തിക്കുന്നു. സഭയുടെ പുരുഷാധിപത്യത്തെ എംഎ ബേബി ചോദ്യം ചെയ്യുന്നു. അതേ, ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ തരമില്ലെന്ന് ജനകീയ പ്രക്ഷോഭം പൊലീസിനെ ഓര്‍മ്മിപ്പിക്കുകയാണ്. ഇത്രയും ആരോപണവിധേയനായിട്ടും ബിഷപ്പിനെ സംരക്ഷിക്കാന്‍ വെമ്പല്‍കൊള്ളുന്ന സഭയും സര്‍ക്കാരും പൊലീസും കേരളത്തിന് നാണക്കേടാണ്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്തിന് വീണുകിട്ടിയ പീഡനക്കേസില്‍ കോട്ടയത്തെ സത്യക്രിസ്ത്യാനികളായ നേതാക്കളും മിണ്ടുന്നില്ല.
സഭ ഏതായാലും ബിഷപ്പും കന്യാസ്ത്രീയുമൊക്കെ സാധാരണക്കാരുടെ കണ്ണില്‍ കര്‍ത്താവിന്റെ അടുത്ത ആള്‍ക്കാരാണ്. അവരില്‍ പ്രതികളും ഇരകളും വളരുമ്പോള്‍ അത് കര്‍ത്താവിനെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നേ അവര്‍ക്ക് ചിന്തിക്കാനാകൂ. അളന്നുമുറിച്ച് ആരുടെ വിശ്വാസത്തെയും വ്രണപ്പെടുത്താതെങ്കിലും പ്രതികരിക്കാന്‍ കെഎം മാണി, ഉമ്മന്‍ചാണ്ട്യാദ്യ പൂജനീയ നേതാക്കള്‍ ചങ്കുറപ്പു കാണിക്കേണ്ടിയിരിക്കുന്നു. ഇതൊരു ജനാധിപത്യമര്യാദ മാത്രമല്ല സാമൂഹിക പ്രതിബദ്ധതയും മാനുഷിക ഗുണവുമാണ് നേതാക്കളേ..സര്‍ക്കാരിന്റെ വൃത്തികേടുകള്‍ ജനം കാണുന്നുണ്ടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞതുപോലെ നിങ്ങളുടെ ഈ നാണം കെട്ട മൗനവും അവര്‍ തിരിച്ചറിയുന്നുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയണം.
Read Also: ജനദ്രോഹ സര്‍ക്കാരിനെതിരെയുള്ള ഭാരത ബന്ദിന് അഭിവാദനങ്ങള്‍; പിന്തുണയുമായി വി.ടി ബല്‍റാം
ഇനി കൂട്ടത്തിലൊരാള്‍ക്ക് നേരിട്ട അപമാനത്തില്‍ കൂടെ നില്‍ക്കാന്‍ മനസുകാണിക്കുന്ന കന്യാസ്ത്രീയമ്മമാരെ സ്തുതിക്കാതെ വയ്യ. നേരിടേണ്ടിവരുന്ന ഭീഷണികളും ഒറ്റപ്പെടുത്തലും അറിയാഞ്ഞല്ല അവര്‍ തെരുവിലിറങ്ങിയത്. ‘ഇന്ന് ഞാന്‍ നാളെ നീ’ എന്ന ബൈബിള്‍ വാചകം ശവപ്പെട്ടിയുടെ മുകളില്‍ തൂക്കാനുള്ളതല്ല എന്നും ജീവിക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും സന്യാസജീവിതം അവരെ ബോധ്യപ്പെടുത്തിയിട്ടുള്ളതിനാലാണ് നീതിയ്ക്കായുള്ള ഈ പോരാട്ടം. ശാരീരികമായ പീഡനം മാത്രമല്ല ഒളിയ്ക്കാന്‍ സഭയ്ക്ക് അതുപോലെ പലതുമുണ്ടാകും. പണത്തിനും സ്വാധീനത്തിനും മുന്നില്‍ എല്ലാം ഒതുക്കാമെന്ന വ്യാമോഹം ലോകത്ത് നല്ലതൊന്നും വരുത്തിയിട്ടില്ല. അത് കത്തോലിക്ക സഭയ്ക്കും ബാധകമാണ്. അശുദ്ധനായ ഒരു പിതാവിനെയും വിശുദ്ധസഭയ്ക്ക് ഒളിപ്പിക്കാനാകില്ല.
Post Your Comments