Latest NewsEditorial

അനവസരത്തിലെ ഹര്‍ത്താലാഘോഷം

പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗായിരുന്നു എണ്ണവില നിശ്ചയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് കൈമാറിയതെന്ന കാര്യം ആരും മറന്നിട്ടില്ലല്ലോ

അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വില കുതിച്ചുയരുമ്പോള്‍ അതിനെതിരെ പ്രതികരിക്കുക എന്നത് ജനങ്ങളുടെ അവകാശമാണ്. എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചും പ്രതിഷേധിക്കണമെന്നുണ്ടോ..എന്തിന്റെ പേരിലായാലും അപ്രതീക്ഷിത ഹര്‍ത്താലുകള്‍ അംഗീകരിക്കാനാകില്ല, അത് ഏത് രാഷ്ട്രീയപാര്‍ട്ടി ആഹ്വാനം ചെയ്താലും. ഇന്ധനത്തിനായാലും ഭക്ഷ്യസാധനങ്ങള്‍ക്കായാലും നിര്‍മാണ മേഖലയിലേക്കുള്ള സാധനങ്ങള്‍ക്കായാലും വില കൂടിയാല്‍ അത് കൊണ്ട് വലയുന്നത് സാധാരണ ജനങ്ങള്‍ തന്നെയാണ്. ഇവര്‍ക്കുവേണ്ടി രാഷ്ട്രീയ സംഘടനകള്‍ അവരുടെ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തിയും ബുദ്ധിമുട്ടിച്ചും നടത്തുന്ന വിചിത്രമായ ഈ പ്രതിഷേധത്തിനെ എങ്ങനെ ന്യായീകരിക്കാനാകും.

പ്രളയക്കെടുതിയില്‍ നിന്ന് ഇനിയും കരകയറാതെ ദുരിതം അനുഭവിക്കുന്ന ഒരു ജനതയുടെ മുന്നിലാണ് ഏറ്റവും പുതിയ ഹര്‍ത്താല്‍ അരങ്ങേറുന്നതെന്ന് ഓര്‍ക്കുക. ഹര്‍ത്താല്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളെ ഹര്‍ത്താല്‍ സാരമായി ബാധിച്ചുകഴിഞ്ഞു. പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ലെന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇതൊന്നും വിലപ്പോകാത്ത സാഹചര്യമാണ് മിക്കയിടങ്ങളിലും. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരത്തിലിറങ്ങാത്തത് വലിയ ബുദ്ധിമുട്ടാണ് ഇവിടങ്ങളില്‍ സൃഷ്ടിക്കുന്നത്.

Read Also: ദുബായിയില്‍ യുവതിയുടെ പാസ്‌പോര്‍ട്ടും പണവും നഷ്ടമായി; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

കുട്ടനാട്ടിലെയും ആറന്‍മുളയിലെയും പത്തനംതിട്ടയിലെയും റാന്നിയിലെയും കിണറുകളിലെയും വീടുകളിലെയും സ്ഥാപനങ്ങളിലെയും ശുചീകരണം പൂര്‍ണമായിട്ടില്ല. കറുത്തുകൊഴുത്ത ചെളിവള്ളം നിറഞ്ഞിരിക്കുന്ന കിണറുകള്‍ ശുദ്ധീകരിച്ചു കിട്ടാന്‍ ആളുകളെത്താന്‍ കാത്തിരിക്കുന്നുണ്ട് ഈ പ്രദേശത്തെ സാധുക്കളായ ഒരു വിഭാഗം. വാഹനങ്ങള്‍ ഓടാത്തതിനാലും ഹര്‍ത്താലിന്റെ പേരില്‍ പണിക്കാരെത്താത്തതും കടകള്‍ തുറക്കാത്തതും ഒരു ദിവസം ഇവര്‍ക്ക് പൂര്‍ണമായും നഷ്ടമാക്കുന്നതാണ്. കടകളില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നു എന്ന പ്രഖ്യാപനത്തോടെ കോണ്‍ഗ്രസിന്റെ ആദരീണയനായ നേതാവ് രാഹുല്‍ഗാന്ധി ഈ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കില്‍ ആ യുവനേതാവിന്റെ പ്രതിച്ഛായ ഗ്രാഫ് അല്‍പ്പമെങ്കിലും മുന്നോട്ട് നീങ്ങിയേനേം.

രാവിലെ 9 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ദേശീയ നേതൃത്വത്തിന്റെ ബന്ദെങ്കില്‍ കേരളത്തില്‍ അത് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാക്കി ആഘോഷമാക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കാണിച്ച ശുഷ്‌കാന്തിയും എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രതിഷേധമോ ആചരണത്തിനോ അപ്പുറം ഹര്‍ത്താലുകള്‍ കേരളത്തിലെ ആഘോഷമാക്കുന്നവരുടെ മനോഭാവമാണിത്. അനവസരത്തിലെ ഈ ഹര്‍ത്താലിനോട് സഹകരിക്കാന്‍ തയ്യാറെടുത്ത ഇടത് പാര്‍ട്ടികളുടെ നയവും ചോദ്യം ചെയ്യേണ്ടതു തന്നെ.

Read Also: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍റെ കൈയും വിരലുകളും തല്ലിയൊടിച്ചു

പ്രളയബാധിതരെപ്പോലെ ഹര്‍ത്താലിനെ ശപിക്കുന്ന കുടുംബങ്ങള്‍ ഇനിയുമുണ്ട്. ഗുരുവായൂരില്‍ 127 വിവാഹമാണ് ഇന്ന് നടക്കുന്നത്. ഓര്‍ക്കുക ഇത്രയും കുടുംബങ്ങളും വേണ്ടപ്പെട്ടവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്. ഞായറാഴ്ച്ച തന്നെ കുടുംബങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ മിക്ക ഹോട്ടലുകളിലും ഭക്ഷണം നേരത്തെ തീര്‍ന്നതും താമസിക്കാന്‍ ലോഡ്ജുകള്‍ കിട്ടാത്തതും വിവാഹത്തിന് എത്തിയവരെ വലച്ചു. പ്രളയത്തില്‍ കേരളത്തിന്റെ ദു:ഖത്തില്‍ ഒപ്പം നിന്ന് മാറ്റിവച്ച വിവാഹങ്ങളാണ് ഹര്‍ത്താലില്‍ മുങ്ങിപ്പോയത്. പകരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ നിശ്ചയിച്ചിരുന്ന കാര്യക്രമങ്ങളില്‍ മാറ്റം വരുത്താനോ സമയം ലഭിക്കുന്നതിന് മുമ്പ് ഹര്‍ത്താല്‍ ദിനമെത്തിയതിന്റെ പ്രയാസം അത് അനുഭവിക്കുന്നവര്‍ക്ക് അറിയാം. അതുപോലെ തന്നെ രോഗികളും യാത്രക്കാരും അടങ്ങുന്ന മറ്റൊരു വലിയ വിഭാഗത്തിനും പതിവ് ദുരിതം സ്മ്മാനിച്ചാണ് ഈ ഹര്‍ത്താലും ആചരിക്കപ്പെടുന്നത്.

ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാര സൂചിക നിശ്ചയിക്കുന്നതില്‍ ഇന്ധനവിലവര്‍ധനയ്ക്കുള്ള പ്രാധാന്യം മാറ്റിനിര്‍ത്താനാകുന്നതല്ല. അടിയക്കടിയുള്ള വിലവര്‍ധന നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ അവകാശം തിരിച്ചെടുക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനും ഇക്കാര്യത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനുമുള്ള ആര്‍ജ്ജവം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ കാണിക്കേണ്ടിയിരിക്കുന്നു. പകരം ഇതേ പേരില്‍ മറ്റൊരു ഹര്‍ത്താലിന് കൂടി ആഹ്വാനം ചെയ്ത് രംഗപ്രവേശം നടത്തി അവഹേളിതരാകരുതെന്ന് ഓര്‍മ്മിപ്പിക്കുന്നു. പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗായിരുന്നു എണ്ണവില നിശ്ചയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് കൈമാറിയതെന്ന കാര്യം ആരും മറന്നിട്ടില്ലല്ലോ.

Read Also: നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറി; രണ്ട് മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button