കല്‍പ്പറ്റ: വയനാട് തലപ്പുഴ നാല്‍പ്പത്തിമൂന്നാം മൈലില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടി തടാകം രൂപപ്പെട്ടു. കൊട്ടിയൂരിലെ പുഴയിലേക്ക് എത്തുന്ന അരുവിയുടെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് തടാകം രൂപപ്പെട്ടത്. ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തിയ മണ്ണും പാറക്കല്ലും, വലിയ മരങ്ങളുമെല്ലാം സമീപത്തെ മറ്റൊരു മലയോട് തട്ടിയാണ് നിന്നത്. ഇങ്ങനെ എത്തിയ മണ്ണ് വനത്തിന് നടുവിലൂടെ ഒഴുകുന്ന അരുവിയിലേക്ക് പതിച്ചു.
ഇങ്ങനെ അരുവിയുടെ ഒഴുക്ക് നിലച്ചതിലൂടെ ഒരു ഏക്കറില്‍ അധികം വിസ്തൃതിയിലാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. ഉരുള്‍പ്പൊട്ടലില്‍ അഞ്ച് ഏക്കറോളം വനഭൂമിയാണ് ഇവിടെ നശിച്ചിരിക്കുന്നത്. എന്നാണ് ഇവിടെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതെന്ന് അധികൃതര്‍ക്ക് വ്യക്തമല്ല. കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശമായതിനാല്‍ മഴ മാറി നാളുകള്‍ക്ക് ശേഷമാണ് അധികൃതര്‍ ഇക്കാര്യം അറിയുന്നത്. സ്വാഭാവിക വനത്തിനുളളിലെ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് അറിയാന്‍ ജിയോളജി വകുപ്പിന്റെ സഹായം തേടുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
Post Your Comments