ഹ്യുണ്ടായി കാർ വാങ്ങാൻ ഒരുങ്ങുന്നവർക്കിത് ഒരു സുവര്‍ണാവസരം. കാറുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചത്. ക്രെറ്റയൊഴികെയുള്ള മോഡലുകള്‍ക്ക് ഒന്നരലക്ഷം രൂപ വരെയുള്ള വിലക്കിഴിവ് നേടാവുന്നതാണ്. ഇതിനായി സെപ്റ്റംബര്‍ മാസത്തെ ഓഫറുകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.
ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ കാറും പ്രാരംഭ മോഡലുമായ ഇയോണ്‍ ഹാച്ച്‌ബാക്കിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. വിവിധ വകഭേദങ്ങളില്‍ 40,000 രൂപയുടെ ഡിസ്കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപ നേടാനും അവസരമുണ്ട്.
ഗ്രാന്‍ഡ് i10 ഹാച്ച്‌ബാക്കില്‍ 70,000 രൂപ വരെയാണ് ഓഫര്‍ ആനുകൂല്യങ്ങള്‍. ഇതില്‍ 50,000 രൂപ വിലക്കിഴിവായും, പഴയ കാര്‍ നല്‍കുന്നവര്‍ക്ക് 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും ലഭിക്കുന്നു. അതേസമയം പരിഷ്‌കരിച്ച ഗ്രാന്‍ഡ് i10 ഈ മാസം വില്‍പനയ്‌ക്കെത്തുന്നതിനാൽ പതിനായിരം രൂപ കുറവ് പ്രതീക്ഷിക്കാം. ടാക്‌സി പതിപ്പില്‍ 25,00 രൂപ വിലക്കിഴിവും 20,000 രൂപ എക്‌സ്‌ചേഞ്ചും ലഭ്യമാണ്.
കോംപാക്ട് സെഡാനായ എക്‌സെന്റില്‍ 40,000 രൂപ വിലക്കിഴിവായും 45,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ടാക്‌സി പതിപ്പില്‍ 25,000 രൂപ വിലക്കിഴിവും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി നൽകുന്നു.
എലൈറ്റ് i20, i20 ആക്ടിവ് മോഡലുകളില്‍ വിലക്കിഴിവുണ്ടാവില്ല. പഴയ കാര്‍ കൊടുത്തു എക്‌സ്‌ചേഞ്ച് ബോണസായി 30,000 രൂപയുടെ ഇളവായിരിക്കും ലഭിക്കുക.
വെര്‍ണ സെഡാനില്‍ വാര്‍ഷികാഘോഷങ്ങളുടെ അടിസ്ഥാനത്തില്‍ 20,000 രൂപയുടെ ആനുകൂല്യം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയാവും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഓഫർ ആയി ലഭിക്കും. എലാന്‍ട്രയിൽ 1.30 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ആദ്യവര്‍ഷത്തെ കോമ്ബ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും അടുത്ത മൂന്നുവര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും സൗജന്യമായി ലഭ്യമാക്കും. പെട്രോൾ മോഡലിൽ 96,000 രൂപയും, ഡീസൽ മോഡലിൽ ഒരുലക്ഷം രൂപയും ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ ഇളവ് നല്‍കുമ്പോൾ 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും നേടാവുന്നതാണ്.
ട്യൂസോണിൽ വെര്‍ണ സെഡാന് സമാനമായ ഓഫർ ആണ് ഒരുക്കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ 1.06 ലക്ഷം, 1.20 ലക്ഷം രൂപ എന്നിങ്ങനെ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കില്‍ ഇളവും 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കുന്നു.
Post Your Comments