KeralaLatest News

സ്ത്രീകള്‍ക്കു പ്രയോജനമില്ലാത്ത വനിതാ കമ്മീഷനെ പിരിച്ചുവിടണം: എംഎം ഹസന്‍

മനുഷ്യനായാല്‍ തെറ്റു പറ്റുമെന്നു പറയാനല്ല വനിതാ കമ്മീഷനെ വച്ചിരിക്കുന്നതെന്നും ഹസന്‍

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കനുകൂലമായി നിലപാടെടുത്ത വനിതാ കമ്മീഷനെ പിരിച്ചു വിടണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാല്‍ കേസെടുത്തപ്പോള്‍ സംസ്ഥാന കമ്മീഷന്‍ നോക്കുകുത്തിയായെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കു പോലും പ്രയോജനമില്ലാത്ത വനിതാ കമ്മീഷനെ പിരിച്ചുവിടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ എംഎല്‍എയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മീഷനും ഉരുക്കുകോട്ടപോലെ സംരക്ഷണം തീര്‍ക്കുന്ന വിചിത്രമായ കാഴ്ചയാണു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കെതിരേ പരാമര്‍ശം നടത്തിയതിനുപോലും കേസെടുത്തിട്ടുള്ള കമ്മീഷന്‍ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ ലൈംഗിക ആരോപണ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറാവാത്തത് അതിശയിപ്പിക്കുന്ന ഒന്നാണെന്നും ഹസന്‍ പറഞ്ഞു. മനുഷ്യനായാല്‍ തെറ്റു പറ്റുമെന്നു പറയാനല്ല വനിതാ കമ്മീഷനെ വച്ചിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

സ്ത്രീത്വത്തിനുനേരേ നീളുന്ന കരങ്ങള്‍ ഏതു പ്രബലന്റേതാണെങ്കിലും പിടിച്ചുകെട്ടി നിയമത്തിനു മുന്നില്‍ എത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷവാങ്ങിക്കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോയെന്ന് അറിയാന്‍ കേരളം കാത്തിരിക്കുന്നു. സിപിഎമ്മിനു ലഭിച്ച പരാതി പൊലീസിനു കൈമാറി പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അതിന് ഇനിയും അമാന്തിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവരുമെന്നു ഹസന്‍ പറഞ്ഞു.

ALSO READ:പെണ്‍ക്കുട്ടിയുടെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന്‍ കേരളത്തിലേയ്ക്ക്: പ്രതികൂലമായാല്‍ എംഎല്‍എ കുടുങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button