Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

ബസ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം; തന്നെ സഹായിച്ച പൊലീസിന് നന്ദിയറിയിച്ച് യുവതി

ബസ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിൽ നടപടി സ്വീകരിച്ച പൊലീസിന് നന്ദി അറിയിച്ച്‌ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഗവേഷക വിദ്യാര്‍ത്ഥിയായ എ.ടി. ലിജിഷയ്ക്കാണ് തിരൂരില്‍ നിന്നും മഞ്ചേരിയിലേക്കുള്ള ബസ് യാത്രയ്ക്കിടെ ചില പുരുഷയാത്രക്കാരില്‍ നിന്നും ദുരനുഭവമുണ്ടായത്. ഫേസ്ബുക്കിലൂടെയാണ് ലിജിഷ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ബസിലെ ജനറല്‍ സീറ്റില്‍ യാത്രചെയ്ത തന്നോട്, സ്ത്രീകളുടെ സീറ്റിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ചിലര്‍ അപമര്യാദയായി പെരുമാറിയതെന്ന് ലിജിഷ പറയുന്നു.

Read also: തട്ടിക്കൊണ്ടു പോകാന്‍ ശ്രമം : ഓല ടാക്സി ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് മലയാളി യുവതി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നന്ദി കേരള പൊലീസ്
Thank you so much
Kerala Police

ഗവേഷണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച (4/9/2018) രാവിലെ കരുളായി പോകേണ്ടതിനാല്‍ തിങ്കളാഴ്ച്ച വൈകീട്ട് ക്ലാസ് കഴിഞ്ഞയുടന്‍ തന്നെ സര്‍വകലാശാലയില്‍ നിന്നും വീട്ടിലേക്കു പോവാന്‍ തീരുമാനിച്ചു.
വൈകുന്നേരം 5.45ന് തിരൂര് നിന്ന് ങഞഘ എന്ന ബസില്‍ മഞ്ചേരിയിലേക്ക് യാത്ര തിരിച്ചു.

ലേഡീസ് സീറ്റിന് തൊട്ടു പിറകിലെ ജനറല്‍ സീറ്റില്‍ , മലപ്പുറത്തേക്ക് ടിക്കറ്റെടുത്ത മറ്റൊരു യാത്രക്കാരിയുടെ അടുത്തായി ഞാനിരുന്നു. ബസില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. കോട്ടയ്ക്കലെത്തിയപ്പോള്‍ തൊട്ടു മുന്നിലെ ലേഡീസ് സീറ്റില്‍ ഒരൊഴിവുവന്നു.

ഉടനെ തൊട്ടടുത്ത് നിന്നിരുന്ന യാത്രക്കാരന്‍ (1) അങ്ങോട്ടു മാറിയിരിക്ക് എന്നു പറഞ്ഞു. ഞങ്ങളത് ശ്രദ്ധിച്ചില്ല. അപ്പോള്‍ മറ്റൊരാള്‍ ( 2)പറഞ്ഞു : ‘ ഒരാള് മാറീട്ട് കാര്യല്ലല്ലോ. ‘ അപ്പോഴേക്ക് ഒഴിഞ്ഞ സീറ്റില്‍ മറ്റൊരു പെണ്‍കുട്ടി വന്നിരിക്കുകയും ചെയ്തു. യാത്രക്കാരന്‍ 1: എന്തൊരു ഗമയാ ണ് ഇവറ്റകള്‍ക്ക് ! ആണുങ്ങള്‍ ടെ സീറ്റിലിലങ്ങ് കേറിയിരുന്നോളും.’
ഞാനും സഹസീറ്റുകാരിയും ഒന്നും മിണ്ടിയില്ല.

മാണൂരോ, പൊന്‍മളയോ എത്തിയപ്പോള്‍ സഹസീറ്റുകാരി ബസില്‍ നിന്നിറങ്ങിപ്പോയി. ആ സീറ്റില്‍ ഞാനൊറ്റയ്ക്കായി . ഉടനെ യാത്രക്കാരന്‍ (1) ‘അങ്ങോട്ടു മാറിയിരിക്ക് എന്നു പറഞ്ഞ് വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങി. ഞാന്‍ നോക്കുമ്ബോള്‍ എന്റെ സീറ്റിന്റെ എതിര്‍ വശത്തുണ്ടായിരുന്നത് ‘അമ്മയും കുഞ്ഞും ‘ സീറ്റാണ്. ആ സീറ്റില്‍ ഒരു ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു. മറ്റൊരു സീറ്റും നിലവില്‍ ഒഴിവുണ്ടായിരുന്നില്ല.
‘അമ്മയും കുഞ്ഞും സീറ്റ് ‘സംവരണ സീറ്റാണെന്നും അമ്മയും കുഞ്ഞും വരികയാണെങ്കില്‍ ഞാന്‍ എഴുന്നേറ്റു കൊടുക്കേണ്ടി വരുമെന്നും എനിക്ക് മഞ്ചേരി വരെ യാത്ര ചെയ്യാനുള്ളതാണെന്നും ഞാനാ യാത്രക്കാരനോടു പറഞ്ഞു.
ഉടനെ യാത്രക്കാരന്‍ 1: ‘ഇപ്പൊ അമ്മയും കുഞ്ഞുമൊന്നും കേറീട്ടില്ലല്ലോ. മാറിയിരിക്കങ്ങോട്ട്. ‘
യാത്രക്കാരന്‍ 3: ‘എന്താണ് ഈ കുട്ടീടെ വാശി ! അല്ലേലും ഈ പ്രായത്തിലെ കുട്ടികള്‍ ആര്‍ക്കും എഴുന്നേറ്റു കൊടുക്കൂല….’ എന്ന് തുടങ്ങി കുറേ കുറ്റങ്ങള്‍ പറയാന്‍ തുടങ്ങി.
സീറ്റില്‍ നിന്നു മാറിയിരിക്കില്ലെന്ന് ഞാന്‍ ശക്തമായി തന്നെ പറഞ്ഞു. ഉടനെ യാത്രക്കാരന്‍ 3: ‘ആ ബാഗെടുക്ക് ഞാനവിടെയിരിക്കും. ”

ലാപ് ടോപ്പടങ്ങിയ ബാഗ് ശരീരത്തോടു ചേര്‍ത്തു സീറ്റില്‍ വെച്ചിട്ടുണ്ടായിരുന്നു ഞാന്‍.
ബാഗെടുക്കാന്‍ പറ്റില്ലെന്ന് ഞാനറിയിച്ചു. അയാളവിടെ കേറിയിരുന്നു കൊണ്ട് ബാഗെടുക്കാന്‍ വീണ്ടും ആവശ്യപ്പെട്ടു. ഉടനെ ഞാന്‍ കണ്ടക്ടറെ വിളിച്ചെങ്കിലും കണ്ടക്ടര്‍ വന്നില്ല. അയാളവിടെ ഇരിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ടെന്നും എഴുന്നേല്‍ക്കണമെന്നും ഞാനയാളോടു ആവശ്യപ്പെട്ടു. കാരണം അത്ര നേരം വഴക്കടിച്ച അയാള്‍ തൊട്ടടുത്തിരുന്ന് എന്തെങ്കിലും ചെയ്താല്‍പ്പോലും ആരും എന്നെ സഹായിക്കാനുണ്ടാവില്ലെന്ന് എനിക്കുറപ്പായിരുന്നു. മറ്റാരെങ്കിലുമിരുന്നാല്‍ പ്രശ്‌നമില്ലെന്നും പറഞ്ഞിരുന്നു.

ബസ് മലപ്പുറം കുന്നുമ്മലെത്താനായപ്പോള്‍ കണ്ടക്ടര്‍ വന്ന് എന്നോട് സീറ്റ് മാറിയിരിക്കാന്‍ പറഞ്ഞു. മാറിയിരിക്കില്ലെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ സീറ്റ് മാറിയിരിക്കാന്‍ പറ്റില്ലെന്നും ഞാന്‍ പറഞ്ഞപ്പോള്‍ കണ്ടക്ടര്‍ ബാഗെടുക്കാന്‍ ആവശ്യപ്പെട്ട്, അത്ര നേരം ശല്യം ചെയ്ത യാത്രക്കാരെ സഹായിക്കും വിധമാണ് സംസാരിച്ചത്.
ഈയൊരവസ്ഥയില്‍ ബസില്‍ യാത്ര തുടരാനാവില്ലെന്നും മലപ്പുറത്തു നിന്ന് മഞ്ചേരിയിലേക്കുള്ള ടിക്കറ്റ് കാശ് മടക്കിത്തരണമെന്നും കണ്ടക്ടറോട് ഞാനവശ്യപ്പെട്ടു. അദ്ദേഹം അതവഗണിച്ചു കൊണ്ട് പിന്നിലേക്കു പോവുകയാണുണ്ടായത്.

ഞാന്‍ മലപ്പുറത്തിറങ്ങി ഉടനെ സുഹൃത്ത് അനൂപേട്ടനേയും ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ പ്രമോദ് വി.ആര്‍ നേയും വിളിച്ചു. ഉടന്‍ തന്നെ അവര്‍ മലപ്പുറത്തെത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. രാത്രി സമയം യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ വേണ്ട സുരക്ഷിതത്വം നല്‍കാതെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ച ബസ് കണ്ടക്ടര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. യാത്രക്കാര്‍ ആരാണെന്നു വ്യക്തമല്ലാത്തതിനാല്‍ അവര്‍ക്കെതിരെ ഒന്നും ചെയ്യാനാവില്ലായിരുന്നു.

രണ്ടു പെണ്‍കുട്ടികള്‍ ജനറല്‍ സീറ്റിലിരുന്നതാണ് ആ യാത്രക്കാരെ പ്രകോപിപ്പിച്ചത്. അവരുടെ ധാരണ ജനറല്‍ സീറ്റ് ആണുങ്ങള്‍ക്കുള്ളതാണ് എന്നാണ്. ഞാനെന്റെ അവകാശങ്ങളെക്കുറിച്ച്‌ സംസാരിച്ചതും നിയമം പറഞ്ഞതും അവരുടെ ആണഹന്തയെ പൊള്ളിച്ചു. ഒരു പെണ്‍കുട്ടിയുടെ അഹങ്കാരം കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് അവര്‍ എന്നെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയത്. രാത്രി സമയത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വമൊരുക്കേണ്ടത് ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമാണ്. ഇത് ലംഘിച്ചതിനാണ് ബസ് കണ്ടക്ടര്‍ക്കെതിരെ പരാതി നല്‍കിയത്.

ചൊവ്വാഴ്ച്ച തന്നെ പൊലീസ് കണ്ടക്ടറെ സ്റ്റേഷനില്‍ വരുത്തി, എന്നെ ഫോണില്‍ വിളിച്ച്‌ ,എപ്പോഴാണ് പോലീസ് സ്റ്റേഷനില്‍ എത്താനാവുക എന്നു തിരക്കി. ബുധനാഴ്ച്ച 10.30 ന് എന്ന് ഞാന്‍ മറുപടി നല്‍കി.

ഇന്ന് രാവിലെ 10.40 ന് ഞാന്‍ പ്രമോദേട്ടനോടൊപ്പം സ്റ്റേഷനിലെത്തി. സബ് ഇന്‍സ്‌പെക്ടറുമായി സംസാരിച്ചു. കണ്ടക്ടര്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. കണ്ടക്ടറെ മനുഷ്യാവകാശത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്തി തടവില്‍ വെച്ചിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ തൊഴില്‍ നഷ്ടപ്പെടുന്ന രീതിയില്‍ കടുത്ത നടപടിയൊന്നും ആഗ്രഹിക്കുന്നില്ല എന്ന് അറിയിച്ച്‌ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദിയറിയിച്ച്‌ മടങ്ങി.

യാത്രക്കാര്‍ ശല്യം ചെയ്തപ്പോള്‍ ഇടപെടാത്തതു കാരണം കണ്ടക്ടര്‍ക്ക് 2 ദിവസം പോലീസ് സ്റ്റേഷനില്‍ വരേണ്ടി വന്നു. വലിയ തുക പിഴയൊടുക്കേണ്ടി വരും. പൊലീസ് നടപടികള്‍ സ്വീകരിക്കേണ്ടി വരും.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ റഫീഖ് മുഹമ്മദ് , സിവില്‍ പൊലീസ് ഓഫീസര്‍ അജയ് കുമാര്‍ ടി തുടങ്ങി എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വളരെ സൗഹൃദപരമായാണ് പെരുമാറിയത്. എന്തു പ്രശ്‌നമുണ്ടായാലും ഭയപ്പെടാതെ പൊലീസ് സഹായം തേടാമെന്നും കൂടെയുണ്ടാവുമെന്നും അറിയിച്ചു.
കേരള പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനോടും മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥരോടും മനസു നിറഞ്ഞ നന്ദി അറിയിക്കുന്നു.
പിന്തുണ നല്‍കിയ ശാസ്ത്രസാഹിത്യപരിഷത്തിനും ജില്ലാ സെക്രട്ടറി പ്രമോദേട്ടനും സുഹൃത്തുക്കളായ അനൂപേട്ടന്‍മാര്‍, അനൂപ് മണ്ണഴി, പ്രജീഷ് ഖദിര എന്നിവര്‍ക്കും സ്‌നേഹവും നന്ദിയും അറിയിക്കുന്നു.

( NB: ലേഡീസ് സീറ്റ് ഒഴിവുണ്ടെങ്കില്‍ പുരുഷന്‍മാര്‍ ഇരിക്കണം എന്നു തന്നെ യാണ് അഭിപ്രായം. പക്ഷേ അര്‍ഹതപ്പെട്ടവര്‍ വരുമ്ബോള്‍ മാറിക്കൊടുക്കണം. എത് സീറ്റായാലും ഒഴിച്ചിട്ട് യാത്ര ചെയ്യണമെന്നില്ല.) ”

shortlink

Related Articles

Post Your Comments

Related Articles


Back to top button