ന്യൂഡൽഹി: ന്യായാധിപ ജീവിതത്തിന് വിരാമം ഇട്ട് കൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കാനൊരുങ്ങുന്നത്. അതിനിടെ ഒരു മാസത്തിനുള്ളില്‍ ദീപക് മിശ്ര നയിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുന്നില്‍ വിധി പറയാനുള്ളത് രാജ്യത്തിന്റെ ചരിത്രം തിരുത്തി കുറിക്കാന്‍ തക്ക നിര്‍ണായകമായ കേസുകളാണ്.സ്വവര്‍ഗ ലൈംഗികത മുതല്‍ ആധാര്‍ കേസും അയോധ്യ കേസും ശബരിമലയിലെ സ്ത്രീ പ്രവേശനം വരെയുള്ള കേസുകളില്‍ വിരമിക്കും മുന്‍പ് ദീപക് മിശ്രയ്ക്ക് വിധി പറയേണ്ടതുണ്ട്.
ഒക്ടോബര്‍ രണ്ടിനാണ് ജ. ദീപക് മിശ്ര വിരമിക്കുന്നത്. വിരമിക്കുന്നതിന് മുന്‍പ് തന്റെ പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം ദീപക് മിശ്രയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കുമെന്നാണ് സൂചന. ദീപക് മിശ്രയുടെ നിര്‍ദേശം ലഭിച്ചാല്‍ നിയമന്ത്രി രവിശങ്കര്‍ പ്രസാദ് അക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കും.
ദീപക് മിശ്ര നിര്‍ദേശിക്കുന്ന പേര് പ്രധാനമന്ത്രിയാണ് രാഷ്ട്രപതിക്ക് കൈമാറുക. സാധാരണയായി വിരമിക്കുന്നതിന് ഒരു മാസം മുന്‍പാണ് ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കാറുള്ളത്. ജ. ദീപക് മിശ്ര അടുത്ത ആഴ്ച തന്നെ പിന്‍ഗാമിയെ നിര്‍ദേശിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments