Latest NewsKerala

പ്രളയദുരിതമനുഭവിക്കുന്ന വ്യാപാരികളെ പുനരുജ്ജീവിപ്പിക്കണമെന്ന് മന്ത്രി ഇ.പി. ജയരാജന്‍

പ്രളയം നാശംവിതച്ച പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികളും വ്യവസായികളും വന്‍ പ്രതിസന്ധിയിലാണ്

തിരുവനന്തപുരം: പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെയും സംരംഭകരെയും പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാനത്തെ പ്രളയബാധിതരല്ലാത്ത വ്യാപാരികളും വ്യവസായികളും സഹകരിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത വ്യവസായ സംഘടനാ പ്രതിനിധികളുടെയും ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ബംഗാളിൽ നിന്നും സഹായം

പ്രളയം നാശംവിതച്ച പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികളും വ്യവസായികളും വന്‍ പ്രതിസന്ധിയിലാണ്. ഇവരുടെ ജീവിത പുന: സ്ഥാപനത്തിനും വ്യവസായത്തിലേക്കുള്ള തിരിച്ചുവരവിനും ചേംബര്‍ ഓഫ് കോമേഴ്സിന്റെയും വ്യവസായ സംഘടനകളുടെയും സഹകരണം കൂടിയേ തീരൂ. ഇതിനായി എന്തെല്ലാം ചെയ്യാനാവുമോ അതെല്ലാം ചെയ്യണമെന്ന് മന്ത്രി പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.

വ്യവസായ വായ്പകളിന്മേലുള്ള മോറട്ടോറിയം പ്രളയ പ്രദേശങ്ങളിലുള്ളവര്‍ക്കു മാത്രം ബാധകമാക്കിയാല്‍ പോരെന്നും സംസ്ഥാനത്താകെയുള്ള സംരംഭകര്‍ക്കും ഈ ആനുകൂല്യം അനുവദിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. നശിച്ചുപോയ സ്റ്റോക്കിന്‍മേലുള്ള ജിഎസ്ടി ഇന്‍പുട്ട് അടയ്ക്കണമെന്ന് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയ നടപടി പുന:പരിശോധിക്കണമെന്നും വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലാണെന്നത് പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികളുടെ കൂട്ടായ്മ രൂപീകരിച്ച് തകര്‍ച്ച നേരിടുന്ന വ്യവസായികളെ സഹായിക്കാനാവും. നാശനഷ്ടം സംഭവിച്ച സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ക്രെഡായിയുമായി സഹകരിച്ച് നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. തകര്‍ന്ന വ്യാപാരികള്‍ക്ക് സാമ്പത്തികപിന്തുണ നല്‍കാനും മുതല്‍മുടക്കാനും പ്രാപ്തരായ ബിസിനസ് പങ്കാളികളെയും നിക്ഷേപകരെയും ലഭ്യമാക്കും തുടങ്ങിയ തീരുമാനങ്ങള്‍ സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. വ്യവസായമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശന്‍ മാസ്റ്റര്‍, വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, ഡയറക്ടര്‍ കെ. ബിജു, വിവിധ ചേംബര്‍ ഓഫ് കോമേഴ്സുകളുടെയും വ്യവസായ സംഘടനകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button