ആറന്മുള: രക്ഷാ ദൗത്യത്തിനിറങ്ങിയ ആറന്മുള അയിരൂർ സ്വദേശി രഞ്ജു എലിപ്പനി ബാധിച്ച് മരിക്കാൻ കാരണം ആരോഗ്യവകുപ്പിന്‍റെ അനാസ്ഥയാണെന്ന് ആരോപണമുയരുന്നു. ചികിത്സാ മാനദണ്ഡം ലംഘിച്ച് കാഞ്ഞേറ്റുകര സർക്കാർ ആശുപത്രിയിൽ നിന്നും രഞ്ജുവിന് പാരസെറ്റമോൾ ഗുളിക നൽകി. അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പനി ബാധിച്ചെത്തിയവർക്ക് ഡോക്സിസൈക്ളിൻ നൽകണമെന്നും പാരസെറ്റമോൾ നൽകരുതെന്നുമാണ് നിർദ്ദേശം.
കാഞ്ഞേറ്റുകര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ചികിത്സക്ക് പിന്നാലെ മൂന്ന് ആശുപത്രികളിലും ചികിത്സിച്ച് ശേഷം ശനിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അയിരൂരിലും പരസര പ്രദേശങ്ങളിലും വെള്ളം കയറിയ ആഗസ്റ്റ് പതിനഞ്ച് മുതല്‍ നാല് ദിവസം രഞ്ജുവും അച്ഛനും അടങ്ങുന്ന സംഘം രക്ഷാദൗത്യത്തിൽ സജീവമായിരുന്നു. വാഴപിണ്ടിയില്‍ തീർത്ത ചങ്ങാടത്തിലും ചെറുവള്ളത്തിലുമായി നരവധി പേരെ രഞ്ജുവും സംഘവും രക്ഷിച്ചു.
ദൗത്യത്തിന് ശേഷം തളർന്ന അവശനായ രഞ്ജു കാലിലെ മുറിവ് കാര്യമാക്കിയില്ല. കഠിനമായ പനിയെ തുടർന്ന് ആദ്യം കാഞ്ഞേറ്റുകര പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് പാരസെറ്റാമോൾ ഗുളിക നൽകിയത്. കഴിഞ്ഞ രാത്രിയോടെയാണ് എലിപ്പനിയാണന്ന് കണ്ടെത്തി, ചികിത്സ തുടങ്ങുന്നതിന് മുൻപ് തന്നെ രഞ്ജു മരിച്ചു. രഞ്ജുവിന്‍റെ മൃതദേഹം മൂന്ന് മണിയോടെ അയിരൂരിലെ വീട്ടില്‍ സംസ്കരിച്ചു.
Post Your Comments