ചെന്നൈ: ജീവിച്ചിരുന്നപ്പോൾ ശശികലയെയും കുടുംബത്തെയും പാർട്ടിയിൽ നിന്ന് ജയലളിത പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കി തമിഴ്നാട് ഉപ മുഖ്യമന്ത്രി ഓ പനീർ സെൽവം. മുന്‍ മുഖ്യമന്ത്രി ജയലളിത ജീവിച്ചിരുന്ന കാലത്തുതന്നെ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി.ദിനകരന്‍ ചതിയിലൂടെ മുഖ്യമന്ത്രി പദത്തിലെത്താന്‍ ശ്രമിച്ചു. ജയലളിത അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് ദിനകരന്‍ കരുനീക്കങ്ങള്‍ ആരംഭിച്ചതെന്നും പനീര്‍സെല്‍വം ആരോപിക്കുന്നു.മന്നാര്‍ഗുഡിയില്‍ നടന്ന പൊതുപരിപാടിയില്‍ ആണ് പനീര്‍സെല്‍വം ദിനകരനെതിരെ ആഞ്ഞടിച്ചത്.
ജയലളിത ജീവിച്ചിരുന്നപ്പോള്‍ പോലും പാര്‍ട്ടിയിലും ഭരണത്തിലും മന്നാര്‍ഗുഡി കുടുംബം അനാവശ്യ ഇടപെടലുകള്‍ നടത്തിയിരുന്നു. ജയലളിതയെ അധികാരത്തില്‍നിന്നു നീക്കി മുഖ്യമന്ത്രിപദം തട്ടിയെടുക്കാന്‍ ദിനകരന്‍ ഗൂഢാലോചന നടത്തിയിരുന്നു. ഇത് മനസിലാക്കിയാണ് ജയലളിത ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും പനീര്‍സെല്‍വം പറഞ്ഞു .ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ദിനകരന്‍ തന്നെ നിര്‍ബന്ധിച്ചതായും, മന്നാര്‍ഗുഡി കുടുംബത്തെ അറിയാവുന്നതുകൊണ്ടു താന്‍ ആദ്യം അതു നിരസിച്ചെങ്കിലും പാര്‍ട്ടിയുടെ ഭാവി മുന്‍നിര്‍ത്തി മുഖ്യമന്ത്രി ആവുകയായിരുന്നുവെന്നും പനീര്‍സെല്‍വം അറിയിച്ചു.
ശശികല ജയിലില്‍ പോയതിനു പിന്നാലെ മുഖ്യമന്ത്രിയാവാന്‍ ദിനകരന്‍ ശ്രമിച്ചെങ്കിലും തന്റെ ധര്‍മയുദ്ധം അതു തടഞ്ഞതായും പനീര്‍സെല്‍വം വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 സീറ്റ് നേടുമെന്ന് ദിനകരന്‍ ദിവാസ്വപ്നം കാണുകയാണ്. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ ഇരുപത് രൂപയുടെ പിന്‍ബലത്തിലാണ് ദിനകരന്‍ വിജയിച്ചത്. വോട്ടെടുപ്പിന്റെ സമയത്ത് ആര്‍.കെ നഗറിലെ വോട്ടര്‍മാര്‍ക്ക് 20 രൂപ വീതം ‘കൈക്കൂലി’ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബാക്കി തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും പനീര്‍സെല്‍വം ആരോപിച്ചു.
Post Your Comments