KeralaLatest News

നവകേരള നിർമ്മിതിക്കായി സർക്കാർ കണ്ടെത്തിയ വിദേശ ഏജൻസിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു തെളിവുകളുമായി സുധീരൻ

അതിഗുരുതരമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്നതാണ് ഈ കമ്പനിയെന്ന് സ്ഥാപിക്കുന്നതിനുള്ള രേഖകളടക്കമാണ് സുധീരന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം : നവകേരള നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ നെതര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി.എം.ജി എന്ന കമ്ബനിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത്.
സൗത്ത് ആഫ്രിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കെ.പി.എം.ജിയുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ചിട്ടുണ്ട് . അതിഗുരുതരമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്നതാണ് ഈ കമ്പനിയെന്ന് സ്ഥാപിക്കുന്നതിനുള്ള രേഖകളടക്കമാണ് സുധീരന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതിനാല്‍ ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. അതിഭീകരമായ ദുരന്തത്തെ ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നേരിടണമെന്നും അതിനാല്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്ന മാതൃകാപരമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം: അതിഭീകരമായ ദുരന്തത്തെ ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നേരിട്ടത് പോലെ തന്നെയാണ് നവകേരള നിർമ്മിതിക്കുള്ള പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ആർക്കുമുണ്ടാകുമെന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്ന മാതൃകാപരമായ സമീപനം സർക്കാരിൻ്റെ ഭാഗത്തുനിന്ന് തന്നെയാണ് ഉണ്ടാകേണ്ടത്.

നമ്മുടെ നാടിൻറെ പുനർനിർമ്മിതിക്കായുള്ള കർമ്മപദ്ധതികൾ ആവിഷ്കരിക്കുമ്പോഴും അതിൻറെ ഭാഗമായി ഏത് നടപടി സ്വീകരിക്കുമ്പോഴും അതെല്ലാം നടപ്പിലാക്കുമ്പോഴും സമ്പൂർണ്ണ സുതാര്യതയും കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു നടപടിയും വിവാദമാകാതിരിക്കാൻ പ്രത്യേക ജാഗ്രത ആവശ്യമാണ്.

എന്നാൽ ഈ മഹാദുരന്തത്തിൻ്റെ ഫലമായി തകർന്നുപോയ കേരളത്തിൻറെ പുനർനിർമ്മിതിക്കായി സംസ്ഥാന സർക്കാർ നിശ്ചയിച്ച നെതർലാൻ്റ് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന കെ.പി.എം.ജി എന്ന സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഇത് ആശങ്കാജനകമാണ്. ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സൗത്ത് ആഫ്രിക്ക, ബ്രിട്ടൻ ഉൾപ്പടെ പല രാജ്യങ്ങളിലും അന്വേഷണ നടപടികൾ മുന്നോട്ട് പോകുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വാർത്തകളുടെ ലിങ്ക് അനുബന്ധമായി ചേർത്തിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ സർക്കാർ കൺസൾട്ടൻസിയായി ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള കെ.പി.എം.ജി. എന്ന സ്ഥാപനത്തിൻറെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.

കേരളത്തിൻറെ നവനിർമ്മിതിക്കായുള്ള സർക്കാരിൻറെ ഭാഗത്തുനിന്നുള്ള ആദ്യ ചുവടുവയ്പ്പാണ് കൺസൾട്ടൻസി നിയമനം. അതുതന്നെ പാളിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്നും തികഞ്ഞ ജാഗ്രതയോടു കൂടിയ അന്വേഷണം നടത്തണം. കെ.പി.എം.ജി എന്ന സ്ഥാപനത്തിൻ്റെ കാര്യക്ഷമതയും വിശ്വാസ്യതയും സംബന്ധിച്ച സത്യാവസ്ഥ സ്വയം ബോധ്യപ്പെടാനും ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.

അതു നിറവേറ്റാൻ സർക്കാർ തയ്യാറാകണം.

ഇതെല്ലാം ചൂണ്ടിക്കാണിച്ച് ബഹു. മുഖ്യമന്ത്രിക്കും അതിൻ്റെ പകർപ്പുളോടൊപ്പം ബഹു. വ്യവസായ, റവന്യൂ, ധനം, നിയമം, ജല വിഭവ, പൊതുമരാമത്ത്, കൃഷി എന്നീ വകുപ്പ് മന്ത്രിമാർക്കും കത്തുകൾ നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button