KeralaLatest News

‘എം.എം.മണിക്ക് ഡാം നടത്തിപ്പിന്റെ എ ബി സി ഡി അറിയില്ല’: വി.ഡി.സതീശന്‍ എം.എല്‍.എ

40 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ നോക്കിയ കെ.എസ്.ഇ.ബിയുടെ നടപടി മൂലം കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തി വെച്ചത്.

വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ വീണ്ടും രൂക്ഷ ആരോപണവുമായി വി ഡി സതീശൻ എം എൽ എ.മണിയുടെ കഴിവുകേടാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക് റാന്‍ മൂളുക മാത്രമാണ് മണി ചെയ്തതെന്നും ഇങ്ങനെയാണെങ്കില്‍ മന്ത്രിമാരുടെ ആവശ്യം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അണക്കെട്ട് തുറക്കുന്ന സമയത്ത് പാലിക്കേണ്ട കാര്യങ്ങള്‍ ചെയ്യാത്തത് കൊണ്ട് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തെ ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ന്യായികരിക്കുകയാണ് സര്‍ക്കാര്‍ ചെയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളെ വിചിന്തനം ചെയ്ത് നടപ്പാക്കുകയാണ് മന്ത്രിമാരുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനോ, ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കോ ഡാം മാനേജ്‌മെന്റിനെ കുറിച്ച്‌ ഒന്നുമറിയില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ഇടുക്കി ഡാം 2,397 അടി കവിഞ്ഞിട്ടും തുറക്കാതെ വെച്ച്‌ 40 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ നോക്കിയ കെ.എസ്.ഇ.ബിയുടെ നടപടി മൂലം കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തി വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. എം.എം.മണി ഈയൊരു നിലപാടെടുത്തതിനാലാണ് ദുരന്തം മനുഷ്യനിര്‍മ്മിതമാണെന്ന് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.വികസിത രാജ്യങ്ങള്‍ക്ക് പോലും വിദഗ്ധ ഉപദേശം നല്‍കുന്ന ഡാം എന്‍ജിനിയര്‍മാര്‍ ഇന്ത്യയില്‍ ഉണ്ടെന്നും അവരുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

കൂടാതെ ഡാം തുറക്കുന്ന സമയത്ത് ജനങ്ങള്‍ക്ക് വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി, മുല്ലപെരിയാര്‍, ഇടമലയാര്‍ ഡാമുകളില്‍ നിന്ന് ഒന്നിച്ചു വെള്ളം എത്തിയപ്പോള്‍ ആണ് ആലുവ, പറവൂര്‍ അടക്കമുള്ള പ്രേദേശങ്ങള്‍ വെള്ളത്തിലായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വി ഡി സതീശൻ ഇത് ചൂണ്ടിക്കാട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button