Latest NewsKerala

ജനങ്ങളുടെ ചെലവിലുള്ള മന്ത്രിമാരുടെ വിദേശരാജ്യ പണപ്പിരിവിനെ കുറിച്ച് ജോയ് മാത്യു

വിദേശരാജ്യപണപ്പിരിവിന് പ്രതിപക്ഷത്തുള്ളവരെ കൂടി കൊണ്ടുപോകാത്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പ്രളയത്തില്‍ മുങ്ങിത്തകര്‍ന്ന കേരളത്തെ പുനര്‍സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്ന് പണം സമാഹരിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുകയാണ്. മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും വിദേശത്ത് അയച്ച്‌ പണം സമാഹരിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. വിദേശരാജ്യപണപ്പിരിവിന് പ്രതിപക്ഷത്തുള്ളവരെ കൂടി കൊണ്ടുപോകാത്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

read also:‘എം.എം.മണിക്ക് ഡാം നടത്തിപ്പിന്റെ എ ബി സി ഡി അറിയില്ല’: വി.ഡി.സതീശന്‍ എം.എല്‍.എ

വിദേശത്തുള്ള മലയാളികള്‍ കേരളത്തിലേക്ക് സഹായം എത്തിക്കുമ്പോള്‍ എന്തിനാണ് ജനങ്ങളുടെ ചെലവില്‍ മന്ത്രിമാര്‍ സര്‍ക്കീട്ട് നടത്തുന്നത് എന്നാണ് ജോയ് മാത്യുവിന്റെ ചോദ്യം. ഇനി വിദേശത്ത് പോകുകയാണെങ്കില്‍ പ്രകൃതിയെ ദ്രോഹിക്കാതെ എങ്ങനെയാണ് വികസനം നടത്തേണ്ടതെന്ന് കണ്ടുപിടിക്കണമെന്നും അദ്ദേഹം തന്റെ ഫേയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

എന്തിനു ?
————
പ്രളയദുരിതാശ്വാസഫണ്ട് പിരിക്കുവാൻ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്രേ. എന്തിനു ?വിദേശ രാജ്യങ്ങളിൽ ജോലിചെയ്ത് സ്വന്തം നാടിനെ പുലർത്തിപ്പോരുന്ന മലയാളികൾ, മന്ത്രിമാർ അങ്ങോട്ട് എഴുന്നള്ളാതെതന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയർപ്പ് വിറ്റ് പണമായും
സാധനങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ട് .

വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തിൽ  പിന്നിലല്ല .പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവിൽ ഈ സർക്കീട്ട് ?  ഇനി അങ്ങിനെയൊരു പൂതി ഉണ്ടെങ്കിൽത്തന്നെ
നവകേരളം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് പറയുന്നവർ വിദേശരാജ്യപണപ്പിരിവ് സർക്കീട്ടുകളിൽ പ്രതിപക്ഷത്തിലുള്ളവരെക്കൂടി ഉൾപ്പെടുത്തി നവകേരള സൃഷ്ടിയിൽ യോജിപ്പിന്റെ മാതൃക കാണിക്കാത്തതെന്ത് ?

ഇനി ജനങ്ങൾ സമ്മതിച്ചില്ലെങ്കിലും ഞങ്ങൾ പോകും എന്നുതന്നെയാണ് വാശിയെങ്കിൽ ഇപ്രാവശ്യമെങ്കിലും നക്ഷത്രഹോട്ടലുകളിൽ താമസിച്ച് വെടിവട്ടം പറഞ്ഞു
സമയം കളയാതെ പുറത്തിറങ്ങി നടന്നു വിദേശരാജ്യങ്ങൾ എങ്ങിനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ രാജ്യത്തിന്റെ വികസനം നിർവഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും വേണം എന്നൊരപേക്ഷയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button