KeralaLatest News

പമ്പയിലെ ത്രിവേണി പാലം കണ്ടെത്തി

പാലം കണ്ടെത്തിയത് രണ്ട് നില കെട്ടിടത്തിന്റെ പൊക്കത്തില്‍ കല്ലും മണ്ണും അടിഞ്ഞുകൂടിയതിന്റെ അടിയില്‍

ശബരിമല : പ്രളയത്തില്‍ തകര്‍ന്ന് തരിപ്പണമായ ശബരിമലയ്ക്ക് ആശ്വാസ വാര്‍ത്ത. പ്രളയത്തില്‍ ഒലിച്ചുപോയതായി കരുതിയ ത്രിവേണി പാലം കണ്ടെത്തി. അയ്യപ്പ ഭക്തരുടെ യാത്രയ്ക്കു തടസ്സമായി ഗതിമാറി ഒഴുകുന്ന പമ്പാനദിയെ പഴയസ്ഥാനത്തു കൂടി ഒഴുക്കാന്‍ മണ്ണു നീക്കി ചാലുവെട്ടിയെത്തിയപ്പോഴാണു പാലം കണ്ടത്. വെള്ളപ്പൊക്കത്തില്‍ കുത്തിയൊലിച്ചുവന്ന കല്ലും മണ്ണും അഞ്ചര മീറ്റര്‍ വരെ ഉയരത്തില്‍ അടിഞ്ഞുകൂടി പണ്ടു നദി ഒഴുകിയിരുന്ന സ്ഥാനം മുഴുവന്‍ കരയായി മാറിയിരുന്നു. അതിനാല്‍ ത്രിവേണിയിലെ പാലം ഒലിച്ചു പോയതായാണ് ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ എല്ലാവരും കരുതിയിരുന്നത്.

അഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു മൂന്നു ദിവസമായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് പാലത്തിന്റെ കൈവരി കണ്ടത്. കേടുപാടുകള്‍ ഉണ്ടാകാത്ത വിധത്തില്‍ മണ്ണു നീക്കി ആദ്യം പാലം തെളിച്ചെടുത്തു. വേരുകളും മണ്ണും അടിഞ്ഞു കിടന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പാലം പുറത്തെടുത്തത്. പമ്പ, കക്കി എന്നീ നദികള്‍ ത്രിവേണി പാലത്തിനു മുകളിലാണു നേരത്തേ സംഗമിച്ചിരുന്നത്. കക്കിയാറ്റിലൂടെ ഒഴുകി വന്ന കല്ലും മണ്ണും രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തില്‍ മണ്‍തിട്ട തീര്‍ത്തതിനാല്‍ പമ്പാനദിക്കു നേരെ ഒഴുകാന്‍ കഴിയാതെയാണു ഗതിമാറിയത്.

read also : പമ്പയില്‍ പാലമില്ല :ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയില്‍

ത്രിവേണി നടപ്പാലത്തിനു താഴെയായിട്ടാണ് ഇപ്പോള്‍ പമ്പയും കക്കിയാറും സംഗമിക്കുന്നത്. ചാലുവെട്ടി പാലത്തിന്റെ രണ്ട് തൂണുകള്‍ക്കിടയിലൂടെ കക്കിയാറ്റിലെ വെളളം വൈകിട്ടോടെ തിരിച്ചു വിടാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷം വടം കെട്ടിയാല്‍ അതില്‍ പിടിച്ച് അയ്യപ്പന്മാര്‍ക്ക് ഒരുഭാഗത്ത് മറുകര കടക്കാന്‍ കഴിയുന്ന വിധമായിട്ടുണ്ട്. ഗതിമാറി ഒഴുകുന്ന പമ്പാനദിയെ പഴയ ഭാഗത്തുകൂടി തിരിച്ചു വിടാന്‍ കഴിഞ്ഞാലേ ബുദ്ധിമുട്ടില്ലാതെ അയ്യപ്പന്മാര്‍ക്ക് സന്നിധാനത്തേക്കു പോകാന്‍ സാധിക്കു.

shortlink

Related Articles

Post Your Comments

Related Articles


Back to top button