വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ പോകുന്നവര്‍ക്ക് വൈറലായി ഡോ.ജിതേഷിന്റെ ബോധവത്ക്കരണ കുറിപ്പ്
കോട്ടയം: വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ പോകുന്നവര്‍ക്കുള്ള ഡോക്ടര്‍ ജിതേഷിന്റെ ബോധവത്ക്കരണ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. . എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ബോധവത്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സുഹൃത്തിനോടുള്ള ഫോണ്‍ കോള്‍ വിവരങ്ങള്‍ ജിതേഷ് പുറത്തുവിട്ടത്.
ഫോണ്‍ കോളിന്റെ സുപ്രധാന ഭാഗങ്ങള്‍ ഇങ്ങനെ
‘ ഹലോ, ഡോക്ടര്‍ ജിതേഷ് അല്ലേ? ‘
‘അതെ ‘
‘ഇത് ഞാനാടാ, ആന്റോ ‘
‘ആ, എന്തുപറ്റി, കുറച്ചു ദിവസമായിട്ട് നിന്റെ വിളിയൊന്നുമില്ലല്ലോ’
‘അപ്പോള്‍ നീ അതൊന്നും അറിഞ്ഞില്ലേ? മൂന്ന് നാലുദിവസം നത്തോലിയും നീര്‍ക്കോലിയുമൊക്കെ നമ്മുടെ വീട്ടിലായിരുന്നു താമസം. മുട്ടോളം വെള്ളമുണ്ടായിരുന്നു. ചളിയും ചണ്ടിയുമൊക്കെ കോരി മനുഷ്യന്റെ ഊപ്പാട് ഇളകിയിരിക്കുകയാണ്. ‘
‘അയ്യോ, ഞാനറിഞ്ഞില്ല. സോറി ‘
‘ഞാനിപ്പോള്‍ വിളിച്ചത് ഒരു കാര്യം ചോദിക്കാനാണ്. എലിപ്പനി വരാതിരിക്കാനുള്ള Doxycycline ഗുളിക എല്ലാവരും കഴിക്കണമെന്ന് മൈക്കിലൂടെ അനൗണ്‍സ്മെന്റ് കേള്‍ക്കുന്നുണ്ട്. അത് ചോദിക്കാന്‍ വേണ്ടിയാണ്. ‘
‘അതെ, Doxycycline ഗുളിക കഴിച്ചാല്‍ എലിപ്പനി വരാതെ തടയാം. വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളില്‍ എലിപ്പനി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ‘
‘അത് കഴിച്ചാല്‍ എലിപ്പനി വരില്ലെന്ന് ഉറപ്പാണല്ലേ. ‘
‘100% ഉറപ്പുള്ള ഒരുകാര്യവും ഇല്ല, ആന്റോ. പഠനങ്ങള്‍ അനുസരിച്ച് 90%ഉറപ്പുണ്ട്.
പിന്നെ, എലിപ്പനി വന്നാല്‍ 20% വരെയാണ് മരണ നിരക്ക്. അതുകൊണ്ട് ഗുളിക കഴിക്കാതിരിക്കുന്നത് മണ്ടത്തരമാണ്. ‘
‘എന്റെ പ്രധാന സംശയം അതല്ല, ഈ ഗുളിക ഞാന്‍ മുമ്പ് കഴിച്ചിട്ടുണ്ട്. എനിക്ക് കഫക്കെട്ട് ഉണ്ടായപ്പോള്‍ ഒരു ഡോക്ടര്‍ കുറിച്ച് തന്നതാണ്. ‘
‘സാധ്യതയുണ്ട്. ഇത് പണ്ടുമുതലേ ഉള്ള ഒരു മരുന്നാണ്. ആന്റിബയോട്ടിക് ആയതു കൊണ്ട് തന്നെ പലതരം അണുബാധകളിലും ഇത് ഉപയോഗിക്കാറുണ്ട്. ‘
‘ഇത് മുഖക്കുരുവിന് കൊടുക്കുന്ന മരുന്നാണ് എന്ന് ഇവിടെ ഒരുത്തന്‍ പറഞ്ഞു. അതുകൂടെ കേട്ടപ്പോഴാണ് നിന്നെ ഒന്ന് വിളിക്കാമെന്ന് കരുതിയത്. ‘
‘നീ കേട്ടത് വാസ്തവമാണ്. ഇത് മുഖക്കുരുവിന് ഫലപ്രദമാണ്. ആന്ത്രാക്സിനും പ്ലേഗിനും സിഫിലിസിനും കോളറക്കും ഇതാണ് പ്രധാന മരുന്ന്. മന്തിനും മലമ്പനിക്കും ഇത് ഗുണം ചെയ്യും. ഇനിയും കുറെ അസുഖങ്ങള്‍ വേറെയും ഉണ്ട്. ഡോസിലും കഴിക്കുന്ന കാലയളവിലും മാത്രമാണ് വ്യത്യാസം. അതിലേക്കൊന്നും പോണ്ട. തത്കാലം നീ അവരു തരുന്ന ഗുളിക കഴിച്ചാല്‍ മതി. പിന്നൊരു കാര്യം, ഈ ഗുളിക കുടിച്ചാല്‍ 2 ഗ്ലാസ് വെള്ളം കൂടെ കുടിക്കണം. ഗുളിക കഴിച്ചയുടനെ എവിടെയെങ്കിലും ചെന്ന് കിടക്കാനും പാടില്ല. ‘
‘അത്രക്ക് ഭയങ്കര സാധനമാണോ ഈ ഗുളിക? ‘
‘ഭയങ്കരനും ഭീകരനൊന്നും അല്ല, ചിലര്‍ക്ക് ഇത് നെഞ്ചരിച്ചില്‍ ഉണ്ടാക്കും. ഈ പറഞ്ഞതുപോലെ ചെയ്താല്‍ അത് ഒഴിവാക്കാം’
‘എന്നാലും രണ്ട് ഗ്ലാസ്സ് വെള്ളം ഇത്തിരി കൂടിപ്പോയി കേട്ടോ ‘
‘നിന്നെയൊക്കെ ഉപദേശിക്കാന്‍ നിന്ന എന്നെ പറഞ്ഞാല്‍ മതി. നീ വേണമെങ്കില്‍ കഴിച്ചാല്‍ മതി ‘
‘അതുകൊണ്ടല്ല ഇഷ്ടാ, ഇവിടെയുള്ള കിണറുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കുപ്പിവെള്ളം കൊണ്ടാണ് അത്യാവശ്യ കാര്യങ്ങള്‍ നടന്നുപോകുന്നത്. അതുകൊണ്ട് ഞാന്‍ വെറുതെ അങ്ങനെ പറഞ്ഞെന്നേയുള്ളൂ ‘
‘ശരി, എങ്കില്‍ ഒരു വലിയ ഗ്ലാസ്സ് വെള്ളം ഗുളികയുടെ കൂടെ കുടിക്കുക ‘
‘പണി ഇനിയും കുറെ ബാക്കിയുണ്ട്. ഞാന്‍ ഫോണ്‍ വെക്കുകയാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കും കേട്ടോ ‘
ഈ സംഭാഷണങ്ങള്‍ പുറത്തുവിട്ടതിലൂടെ ജനങ്ങളെ കൂടുതല്‍ ബോധവത്ക്കരിയ്ക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ പറയുന്നു
Post Your Comments