യാങ്കോണ്‍: മ്യാന്‍മറില്‍ ഡാം തകര്‍ന്ന് 85 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. വെള്ളപ്പാച്ചിലില്‍ പാലങ്ങളുള്‍പ്പെടെ തകര്‍ന്നതോടെ പ്രധാന പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും, പേടിക്കാനൊന്നുമില്ലെന്നും ഡാം സുരക്ഷിതമാണെന്നുമായിരുന്നു അധികൃതരുടെ മറുപടി.
ബാഗോ പ്രവിശ്യയിലെ യെദാഷെ നഗരത്തിലുള്ള സ്വാര്‍ നഗരത്തിലുള്ള സ്വാര്‍ ചൗങ് ഡാമിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ബുധനാഴ്ച രാവിലെ 5.30ഓടെയാണ് സംഭവം. കനത്ത ജലപ്രവാഹത്തില്‍ പ്രദേശത്തെ റോഡുകളും സ്വാര്‍, യെദാഷേ എന്നീ നഗരങ്ങളും വെള്ളത്തിനടിയിലായി. 63,000ത്തോളം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു.
പ്രാദേശിക രക്ഷാസേനകളുടെ നേതൃത്വത്തില്‍ വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നത്.അതേസമയം ഡാം ദിവസേന പരിശോധന നടത്തിയിരുന്നതായും ബലക്ഷയം ഉള്ളതായി കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments