കൊച്ചി• ‘വിഷമിക്കേണ്ട എല്ലാം ശരിയാകും’ ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികള്‍ക്കിടയില്‍ ഏഴാം ക്ലാസുകാരി വച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൈദരാബാദിലെ ടൈംസ് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മാളവിക അലീക്കലാണ് കേരളത്തിലെ ദുരിതബാധിതര്‍ക്കായി വിദ്യാലയത്തില്‍ ശേഖരിച്ച സാധനങ്ങള്‍ക്കൊപ്പം പ്രതീക്ഷയുടെ ഈ കുറിപ്പ് എഴുതി വച്ചത്.
പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിനു പുറത്താണെങ്കിലും ജന്മംകൊണ്ട് മലയാളിയാണ് മാളവിക. കേരളത്തില്‍ വെള്ളപ്പൊക്കം എന്ന് കേട്ടപ്പോള്‍ ആകെ വിഷമത്തിലായിരുന്നു. കേരളത്തിലെ ദുരിതബാധിതര്‍ക്ക് വിദ്യാലയത്തില്‍ നിന്നും അവശ്യസാധനങ്ങള്‍ കൊടുക്കാന്‍ തീരുമാനിച്ചതിനെ ഭാഗമായി കുട്ടികളോടും തങ്ങളാല്‍ കഴിയുന്നത് കൊണ്ടുവരാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം രണ്ടുദിവസം കൊണ്ട് സ്വരുക്കൂട്ടിയ വിവിധ സാധനങ്ങളാണ് മാളവിക സ്‌കൂളില്‍ ഏല്‍പ്പിച്ചത്. അമ്മയോട് പറഞ്ഞ തന്റെ കൊച്ചു ബുദ്ധിയില്‍ തോന്നിയ സാധനങ്ങള്‍ വാങ്ങിപ്പിച്ചു. കുറച്ചു വസ്ത്രങ്ങള്‍, മെഴുകുതിരി, തീപ്പെട്ടി, ബിസ്‌ക്കറ്റ്, നോട്ടുബുക്കുകള്‍ എന്നിങ്ങനെയുള്ള സാധനങ്ങള്‍ വാങ്ങി അത് പാക്കറ്റിലാക്കി സ്‌കൂളില്‍ ഏല്‍പ്പിച്ചു. അതിനൊപ്പം ആശ്വാസവാക്കുകളുീ അവള്‍ എഴുതിച്ചേര്‍ത്തു. മലയാളം എഴുതാന്‍ അറിയാന്‍ പാടില്ലാത്ത അവള്‍ don’t worry എന്നതിന്റെ മലയാളം അമ്മയോട് ചോദിച്ചു. അമ്മയാണ് അവളുടെ ആവശ്യപ്രകാരം വിഷമിക്കേണ്ട എല്ലാം ശരിയാവുമെന്ന് എഴുതി നല്‍കിയത്. അതിനുതാഴെ തന്റെ പേരും കുറച്ച് പൂക്കളുടെ ചിത്രങ്ങളും അവള്‍ വരച്ചുചേര്‍ത്തു.
നാട്ടില്‍ വെള്ളപ്പൊക്കം ആണെന്ന് കേട്ടപ്പോള്‍ അവള്‍ ആകെ വിഷമത്തില്‍ ആയിരുന്നുവെന്നും സ്‌കൂളില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ ആവേശത്തോടെയാണ് അവള്‍ സാധനങ്ങള്‍ വാങ്ങി സുരക്ഷിതമായി പൊതിഞ്ഞ് വിദ്യാലയത്തില്‍ ഏല്‍പ്പിച്ചതെന്നും അമ്മ സോണി പറയുന്നു. ഇത്തരമൊരു കുറിപ്പ് തന്നോട് എഴുതിത്തരാന്‍ പറഞ്ഞുവെങ്കിലും അത് ബോക്‌സിനൊപ്പം വച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്നും രണ്ടു ദിവസം അവള്‍ വാങ്ങിയ സാധനങ്ങള്‍ ആണ് ബോക്‌സില്‍ ഉണ്ടായിരുന്നതെന്നും അമ്മ പറയുന്നു.
ടൈംസ് സ്‌കൂളില്‍ പല വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച് സാധനങ്ങള്‍ ഹൈദരാബാദിലെ ഗൂഞ്ച് ട്രോപ്പിങ് സെന്ററിലാണ് ഏല്‍പ്പിച്ചത്. വിവിധ ഭാഗങ്ങളില്‍നിന്നും ഇവിടെ എത്തിയ സാധനങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്യുന്നതിനിടയിലാണ് മാളവികയുടെ കുറിപ്പ് ശ്രദ്ധയില്‍പെട്ടത്. ആ കുറിപ്പും സാധനങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് മാങ്കാവ് പട്ടേല്‍താഴം സ്വദേശിയായ രഘു അലീക്കലിന്റെയും സോണിയുടെയും മകളാണ് മാളവിക. അഞ്ചുകൊല്ലം ദില്ലിയിലെ പഠനത്തിനുശേഷം ഈ പതിനൊന്നു വയസ്സുകാരി തെലുങ്കാനയിലെ ടൈംസ് സ്‌കൂളില്‍ ചേര്‍ന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ.
Post Your Comments