Latest NewsKerala

എലിപ്പനി ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്: എലിപ്പനി മരണം ഇല്ലാതാക്കാം

തിരുവനന്തപുരം•തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എലിപ്പനി പടര്‍ന്ന് പിടിക്കാതിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വീട് വൃത്തിയാക്കുന്നവരും വെള്ളത്തില്‍ ഇറങ്ങുന്നവരുമെല്ലാം മുന്‍കരുതലുകളെടുക്കണം. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി പറഞ്ഞു.

READ ALSO: അഞ്ച് ജില്ലകളില്‍ എലിപ്പനിയ്ക്ക് സാധ്യത

എന്താണ് എലിപ്പനി?

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.

രോഗവ്യാപനം

രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

രോഗ ലക്ഷണങ്ങള്‍

പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.
ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?

ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

ജാഗ്രത നിര്‍ദേശങ്ങള്‍

ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും പാലിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍

1. മലിനജലവുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങളില്‍ വ്യക്തി സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കുക (കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ)

2. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്‌സിസൈക്ലിന്‍ ഗുളിക 200 mg (100 mg രണ്ട് ഗുളിക) ആഴ്ചയിലൊരിക്കല്‍ കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഡോക്‌സിസൈക്ലിന്‍ പ്രതിരോധം തുടരേണ്ടതാണ്.

3. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.

4. താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ സ്ഥാപനങ്ങളിലും എലിപ്പനി കിടത്തി ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന ചികിത്സ ആയ ഡോക്‌സിസൈക്ലിന്‍ ഗുളിക, പെന്‍സിലിന്‍ ഇഞ്ചക്ഷന്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്

5. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗനിരീക്ഷണം ശക്തിപ്പെടുത്തേണ്ടതും സമൂഹത്തിലുള്ള എല്ലാ പനി രോഗികളുടെ വിവരങ്ങ ള്‍ ശേഖരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

6. സര്‍ക്കാര്‍ ആശുപത്രികള്‍, പ്രൈവറ്റ് ആശുപത്രികള്‍, ക്ലിനിക്കുകള്‍, സ്വതന്ത്ര പ്രാക്ടീഷണര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും സാംക്രമിക രോഗങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ടിംഗ് കൃത്യമായി ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ക്ക് (DSO) നല്‍കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button