
ആലപ്പുഴ: അമ്പലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതബാധിതരോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ക്യാമ്പ് കണ്‍വീനര്‍ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. കുഞ്ഞിന് ബിസ്കറ്റ് ചോദിച്ചെത്തുന്ന വൃദ്ധയെയും വസ്ത്രം ചോദിച്ചെത്തുന്ന സ്ത്രീയെയും പരിഹസിച്ച് ഇറക്കിവിടുന്നതും ദൃശ്യങ്ങളിലുണ്ട്. അമ്പലപ്പുഴയിലെ കെകെ കുഞ്ഞുപിള്ള മെമ്മോറിയല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പിന്‍റെ മൊത്തം ഭരണം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഏറ്റെടുത്തത്.
ക്യാമ്പിലെ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റോറിനുമുന്നിലേക്ക് അഞ്ചുവയസ്സുള്ള കൊച്ചുമകന് ബിസ്ക്കറ്റ് ചോദിച്ചെത്തിയ വൃദ്ധയോടുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ക്യാമ്പംഗങ്ങളോട് മോശമായി പെരുമാറുന്ന ഇയാള്‍ വനിതാ പഞ്ചായത്തംഗത്തെയും പരസ്യമായി ശാസിക്കുന്നത് ദൃശ്യങ്ങളുണ്ട്. കുട്ടനാട്ടിലെ പ്രളയബാധിതരടക്കം തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പാണിത്. ഇവിടെ പക്ഷേ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഒരധികാരവും ഇല്ല.
ക്യാമ്പിന്‍റെ കണ്‍വീനറായി ചുമതലയേല്‍പ്പിച്ച കാക്കാഴത്തെ ബ്രാഞ്ച് സെക്രട്ടറിയാണ് എല്ലാ കാര്യവും നിയന്ത്രിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിലേക്കെത്തുന്ന സാധനങ്ങള്‍ വിതരണം ചെയ്യുമ്പോഴും റവന്യൂ ഉദ്യോഗസ്ഥര്‍ എങ്ങുമില്ല. തങ്ങൾ യാചിക്കാൻ വന്നവരല്ല എന്നും, അർഹതപ്പെട്ടത് ചോദിക്കാനാണ് വരുന്നതെന്നും ക്യാമ്പ് അംഗങ്ങൾ പറയുന്നു. ഈ സ്കൂളിലെ ക്യാമ്പിന്‍റെ നടത്തിപ്പിനെതിരായി പരാതി നല്‍കാനൊരുങ്ങുകയാണ് പ്രളയബാധിതര്‍.
Post Your Comments