Latest NewsNews

കേന്ദ്രസർക്കാരിന്റെ സർജ്ജിക്കൽ സ്ട്രൈക്ക് മല്യയുടെ സ്വത്തിലും :ഉള്ള സ്വത്തും പോകുമെന്നതായതോടെ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ നെട്ടോട്ടമോടി മല്യ

കോടതി അനുമതി ലഭിച്ചാല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാകും.

ന്യൂഡല്‍ഹി : ഇന്ത്യയിലെ സ്വത്തുക്കള്‍ കൈവിട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ തിരിച്ചു വരാന്‍ സന്നദ്ധത അറിയിച്ച്‌ വിവാദ വ്യവസായി വിജയ് മല്ല്യ. ഇന്ത്യയിലെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ കൈവിട്ടുപോകാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് ബ്രിട്ടനില്‍നിന്നു തിരിച്ചുവരാന്‍ മല്ല്യ സന്നദ്ധത അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.. കഴിഞ്ഞ രണ്ടു മാസമായി തുടര്‍ച്ചയായി ദൂതന്‍മാര്‍ മുഖേന മല്യ തന്റെ ആഗ്രഹം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി തീരുമാനിച്ചാല്‍ പിന്നീട് ഇതൊരിക്കലും ഉടമസ്ഥന് തിരികെ ലഭിക്കില്ല. കോടതി അനുമതി ലഭിച്ചാല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാകും.

ഈ സ്വത്തുക്കള്‍ ലേലം ചെയ്തു കിട്ടുന്ന പണം ഉപയോഗിച്ച് തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകും.വായ്പാ തട്ടിപ്പ് നടത്തിയ മല്യ 9,990.07 കോടി രൂപയാണ് പലിശയടക്കം തിരിച്ചടക്കാനുള്ളത്. 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. മല്യ സര്‍ക്കാരിന് 6,203 കോടി രൂപ നല്‍കാനുണ്ടെന്നും ഇതിന് 11.5 ശതമാനം പലിശ ഈടാക്കണമെന്നും കടം വീണ്ടെടുക്കാനുള്ള ട്രൈബ്യൂണല്‍ അടുത്തിടെ വിധിച്ചിരുന്നു. ഇതോടെയാണ് സ്വത്തുക്കള്‍ നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായുള്ള വിവാദ വ്യവസായിയുടെ രംഗപ്രവേശമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

ബാങ്കുകളില്‍ നിന്നു കോടിക്കണക്കിന് രൂപ വായ്പയെടുത്തു മുങ്ങിയ മല്ല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നായിരുന്നു കേസ്. 2016 മാര്‍ച്ച്‌ രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്. അനധികൃത പണമിടപാടുകള്‍ നടത്തിയതായി സംശയം ഉണ്ടായതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ സീരിയസ് ഫ്രോഡ് ഓഫീസ് മല്ല്യക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കള്ളക്കമ്പനികളുടെ പേരില്‍ ഇന്ത്യയില്‍ നിന്ന് വളഞ്ഞ വഴിയിലൂടെ ബ്രിട്ടനിലേക്കും അവിടെ നിന്ന് സ്വിറ്റ്‌സര്‍ലണ്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും കോടികള്‍ കടത്തിയെന്നാണ് മല്ല്യയ്‌ക്കെതിരായ പ്രധാന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button