Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുടുംബശ്രീ വനിതകളുടെ 5 കോടി

ധാരാളം കുടുംബശ്രീ അംഗങ്ങളും ഈ ദുരന്തത്തിന് ഇരയായിട്ടുണ്ട്

പത്തനംതിട്ട: പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ സംഭാവനയായി 5 കോടിയിലേറെ രൂപ കൈമാറും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ സാന്നിധ്യത്തില്‍ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് തുക കൈമാറാനാണ് കുടുംബശ്രീ അധികൃതര്‍ ഒരുങ്ങുന്നത്. ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളും ഒരാഴ്ചത്തെ ലഘുസമ്പാദ്യ (ത്രിഫ്റ്റ്) തുകയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറിന്റെ അഭ്യര്‍ത്ഥന പ്രകാരം ലഭിച്ച തുകയാണിത്. ഇതിനു പുറമെ പ്രാദേശികമായി ഓരോ അയല്‍ക്കൂട്ടവും സംഭാവനയായി സ്വീകരിച്ച തുകയും ഓണാഘോഷ പരിപാടികള്‍ക്കും മറ്റുമായി ചേര്‍ത്തുവച്ച തുകയും ഇതിലുള്‍പ്പെടും. കുടുംബശ്രീയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരും പരിശീലന സംഘങ്ങളും കാസ് (കുടുംബശ്രീ അക്കൗണ്ട്‌സ് ആന്‍ഡ് ഓഡിറ്റ് സര്‍വീസ് സൊസൈറ്റി) അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

Read also: ശമ്പളത്തോടൊപ്പം സ്വർണമാലയും ദുരിതാശ്വാസനിധിയിലേക്ക് ഊരി നൽകി അധ്യാപിക

ധാരാളം കുടുംബശ്രീ അംഗങ്ങളും ഈ ദുരന്തത്തിന് ഇരയായിട്ടുണ്ട്. എങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അയല്‍ക്കൂട്ട വനിതകള്‍ തുടക്കം മുതല്‍ സജീവമായിരുന്നു. ഒരു ലക്ഷത്തിലധികം വീടുകളും പരിസരവും രണ്ടായിരത്തിലധികം പൊതുസ്ഥലങ്ങളും കുടുംബശ്രീ ശുചിയാക്കി. 8000ത്തോളം പേര്‍ക്ക് കൗണ്‍സലിങ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പ്രളയബാധിതരായ എണ്ണായിരത്തോളം പേര്‍ക്ക് സ്വഭവന ങ്ങളില്‍ അഭയം നല്‍കുകയും ചെയ്തു. ദുരിതം നേരിട്ടവര്‍ക്ക് ഭക്ഷണപ്പൊതികള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ പങ്കാളികളായിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് ഇന്നുവരെ 5.27 കോടി രൂപയാണ് കുടുംബശ്രീ സ്വരൂപിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 1.15 കോടി രൂപ ലഭിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ 1.14 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button