ന്യൂഡല്‍ഹി : സംശയാസ്പദമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയുമായി ഹോട്ടല്‍മുറിയിലെത്തിയ മേജറിനെതിരെ സൈനിക വിചാരണ. ശ്രീനഗറിലെ ഹോട്ടലിലാണ് മേജര്‍ ലീത്തുല്‍ ഗൊഗോയി പെണ്‍കുട്ടിയുമായി എത്തിയത്. സംഭവത്തില്‍ മേജര്‍ ഗൊഗോയി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ മേയിലാണ് സംഭവം. തുടര്‍ന്ന് മേജറിനെതിരെ സൈന്യം വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക വിചാരണയ്ക്കു വിധേയനാക്കാന്‍ തീരുമാനിച്ചത്.
പെണ്‍കുട്ടിയുമായി ഹോട്ടലിലെത്തിയ സംഭവത്തില്‍ സൈനികന് കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ മാതൃകാപരമായി ശിക്ഷിക്കുമെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.
നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ച് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചു, മുന്‍കൂര്‍ അനുമതി വാങ്ങാതെ ജോലിസ്ഥലത്തുനിന്ന് മാറിനിന്നു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മേജറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വിചാരണയില്‍ തെളിയുന്ന കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ചായിരിക്കും ശിക്ഷ.
Read Also : മേജര്‍ അനാശാസ്യത്തിന് പിടിയിലായ സംഭവം: സൈനികനെക്കുറിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
ദാല്‍ തടാകത്തിനു സമീപമുള്ള ഹോട്ടലിലേക്കു മേയ് 23നു ഡ്രൈവര്‍ സമീര്‍ അഹമ്മദിനും ബഡ്ഗാം സ്വദേശിയായ പെണ്‍കുട്ടിക്കുമൊപ്പം എത്തിയ ഗൊഗോയിക്കു മുറി നല്കാന് ജീവനക്കാര്‍ വിസമ്മതിച്ചതാണു പ്രശ്നങ്ങള്‍ക്കു തുടക്കം. ഗൊഗോയ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍, പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നും മുറിയിലേക്കു വിടാനാവില്ലെന്നും ജീവനക്കാര്‍ നിലപാടെടുത്തു. തുടര്‍ന്നു വാക്കുതര്‍ക്കമുണ്ടായി. ജീവനക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് ഗൊഗോയിയെ കസ്റ്റഡിയിലെടുത്തു സൈന്യത്തിനു കൈമാറി.
ഇതിനിടെ, ഗൊഗോയി തങ്ങളുടെ വീട്ടില്‍ മുന്‍പു രണ്ടു തവണ രാത്രിയില്‍ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും വിവരം പുറത്തറിയിക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. തുടര്‍ന്നാണ് സൈന്യം വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
Post Your Comments