ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹോട്ടലില്‍ വെച്ച് പെണ്‍കുട്ടിക്കൊപ്പം അറസ്റ്റിലായ സംഭവത്തില്‍ സൈനികനെക്കുറിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് വഴിയാണ് മേജര്‍ ലീതുല്‍ ഗോയോയിയെ കണ്ടുമുട്ടിയത്. സൈനിക ഉദ്യോഗസ്ഥനെ കണ്ടത് സ്വന്തം ഇഷ്ടപ്രകാരമാണ്. തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നും കുറച്ച് സമയം ഒരുമിച്ച് ചെലവഴിക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നും പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കുകയായിരുന്നു. മേജര്‍ തന്റെ ഫേസ്ബുക്ക് സുഹൃത്താണന്നും തന്റെ അമ്മ വിലക്കിയിട്ടും താന്‍ സ്വന്തം താത്പര്യപ്രകാരമാണ് അദ്ദേഹത്തെ കാണാന്‍ പോയതെന്നുമാണ് പെണ്‍കുട്ടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ മൊഴി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശ്രീനഗറിനടുത്ത ദാല്‍ഗേറ്റിലെ ‘ദ ഗ്രാന്റ് മമത’ ഹോട്ടലില്‍ പെണ്‍കുട്ടിയും മറ്റൊരാളും സഹിതമെത്തിയ ഗൊഗോയിയെ അനാശാസ്യം ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയതിനെ തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞ പൊലീസ് ഗൊഗോയിയെ കേസെടുത്ത് വിട്ടയച്ചു. ബുദ്ഗാം ഗ്രാമത്തിലെ സമീര്‍ അഹ്മദ് എന്നയാളുടെ കൂടെ ഹോട്ടലിലെത്തിയ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. തങ്ങള്‍ ഇരുവരും നേരത്തേയും പല തവണ നേരില്‍ കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായും സൂചനയുണ്ട്. ആദില്അദ്നാന് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് താനാണ് ആദ്യം ബന്ധപ്പെട്ടതെന്നും പിന്നീടാണ് അത് ഗൊഗോയിയുടെ വ്യാജ അക്കൗണ്ടാണെന്ന കാര്യം അറിഞ്ഞതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. മേജര്‍ തന്നെയാണ് അദ്ദേഹം ആരാണെന്ന് വെളിപ്പെടുത്തിയതെന്നും അതിനു ശേഷം തങ്ങള്‍ സുഹൃത്തുക്കളായെന്നും പെണ്‍കുട്ടി വ്യക്തമാക്കിയെന്നാണ് സൂചന.
അതേസമയം, പെണ്‍കുട്ടി മജിസ്ട്രേറ്റിനു മുമ്പാകെ സമര്‍പ്പിച്ച ആധാര്‍ കാര്‍ഡ് പ്രകാരം 1999ആണ് ജനിച്ച വര്‍ഷമെന്ന് സൂചനയുണ്ട്. പത്താം തരംവരെ പഠിച്ച പെണ്‍കുട്ടി സ്വയം സഹായ സംഘത്തോടൊപ്പം ജോലി ചെയ്യുകയാണിപ്പോള്‍. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ ആളാേണാ എന്ന കാര്യം ഇപ്പോഴും അന്വേഷണ വിധേയമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. 2017 ഏപ്രിലില്‍ നാട്ടുകാരുടെ കല്ലേറിനെ പ്രതിരോധിക്കാന്‍ ബുദ്ഗാമിലെ ഖാന്‍സാഹിബ് സ്വദേശി ഫാറൂഖ് അഹ്മദ് ധര് എന്ന യുവാവിനെ സേനാവാഹനത്തിന് മുന്നില്‍ ഗൊഗോയിയുടെ ഉത്തരവനുസരിച്ച് കെട്ടിയിട്ടതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Post Your Comments