ജനജീവിതം മാധ്യമങ്ങളാല്‍ ഏറെ സ്വാധീനിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം വിശ്വാസ്യതയും സത്യസന്ധതയും പുലര്‍ത്താന്‍ സാധിക്കുന്നുണ്ട്? മാധ്യമങ്ങളുടെ ബെല്ലും ബ്രേക്കുമില്ലാത്ത യാത്ര ജനങ്ങളെ എത്രമാത്രം ദുരിതത്തിലാക്കി എന്നു നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ദൈന്യം ദിന ജീവിതത്തില്‍ വാര്‍ത്താ മാധ്യമങ്ങള്‍ സര്‍വ വ്യാപിയായി നമ്മെ അറിഞ്ഞും അറിയാതെയും സ്വാധീനിക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. മുത്തശ്ശി പത്രങ്ങളും കുത്തക മാധ്യമങ്ങളും ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും അടക്കി പിടിച്ചിരിക്കുകയാണ് ചില മേഖലകള്‍. ചിലതിനെ ഒതുക്കി തീര്‍ക്കാനും മറ്റു ചിലതിന് ആവശ്യത്തില്‍ കവിഞ്ഞ പ്രധാന്യം നല്‍കുകയുമാണ് ഇന്നത്തെ മാധ്യമങ്ങള്‍.
രാഷ്ട്രീയക്കാരുടെ അല്ലെങ്കില്‍ മറ്റു പ്രമുഖരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു മുന്‍പില്‍ മാധ്യമങ്ങള്‍ വഴങ്ങുന്ന ചില കാഴ്ചയും സാധാരണമാണ്. സത്യസന്ധമായി അല്ലെങ്കില്‍ വിശ്വസനീയമായി ജനങ്ങള്‍ക്ക് കണ്ണുംപൂട്ടി വിശ്വസിക്കാവുന്ന മാധ്യമങ്ങള്‍ ഇന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്. ജനങ്ങള്‍ തന്നെ പരസ്യമായി മാധ്യമങ്ങള്‍ക്കെതിരെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു.
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു, അല്ലെങ്കില്‍ സത്യത്തെ മറച്ചുപിടിക്കുന്നു, സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്നു, തുടങ്ങി മാധ്യമ വാര്‍ത്തകളെ പലരീതിയിലാണ് വ്യാഖ്യാനിക്കുന്നത്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവം തന്നെ നമുക്ക് ഉദാഹരണമായി എടുക്കാം. മുന്‍പ് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭയാനകമായ ഒരു പ്രളയക്കെടുതിയാണ് ഈ വര്‍ഷം കേരളത്തെ വിഴുങ്ങിയത്.
Also Read: മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവ് അറിയിച്ച് നഗരസഭ
മാധ്യമങ്ങള്‍ മത്സരിച്ചു വാര്‍ത്ത കൊടുത്തുകൊണ്ടിരുന്നു. എന്നാല്‍ സംഭവത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ജനങ്ങള്‍ കൊടുത്തിട്ടുണ്ടോ? ദൃശ്യമാധ്യമങ്ങളുടെ സ്‌ക്രീനില്‍ ഏറ്റവും വലിയ അക്ഷരങ്ങളില്‍ തന്നെ ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ട് എന്നൊക്കെ എഴുതിക്കാണിച്ചു. എന്നാല്‍ എന്താണ് റെഡ് അലേര്‍ട്ട്, അല്ലെങ്കില്‍ എന്താണ് ഓറഞ്ച് അലേര്‍ട്ട്? എന്നൊരു വിശദീകരണം നല്‍കാനോ, ഇതിനു മുന്‍പില്‍ ജനങ്ങള്‍ എങ്ങനെയൊക്കെ മുന്‍കരുതല്‍ എടുക്കണം എന്ന് വ്യക്തമാക്കാനോ ഏതെങ്കിലും മാധ്യമങ്ങള്‍ ശ്രമിച്ചുവോ? സര്‍ക്കാരുമായി ബന്ധപ്പെട്ടവരില്‍ നിന്നോ മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നോ വിശ്വസനീയമായി വിശദീകരണം നല്‍കുന്നതിന് ഇവര്‍ക്ക് സാധിച്ചുവോ? മാധ്യമങ്ങള്‍ റേറ്റിങിന് വേണ്ടി ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്ന സംസാരം പൊതുവില്‍ ഉയര്‍ന്ന് ഡാം തുറക്കുന്നതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ലെന്നു തന്നെ വേണം തുടര്‍ന്ന് നടന്ന സംഭവങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.
ചാനല്‍ ചര്‍ച്ചകളിലും മറ്റ് പരിപാടികളിലുമെല്ലാം റെഡ് അലേര്‍ട്ടും ഓറഞ്ച് അലേര്‍ട്ടുമൊക്കെ മാറി മാറി വന്നു. സാധാരണ പോലെ തന്നെ ആളുകള്‍ ഇതിനെ കാര്യമാക്കിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ പോലും വേണ്ടത്ര ഗൗരവത്തില്‍ കാണാന്‍ ജനങ്ങള്‍ക്ക് സാധിക്കാത്തതിന് പിന്നിലും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്ന് തന്നെ വേണം കരുതാന്‍…
Also Read: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സുരക്ഷിതമായ വീട്; പ്രതികരണവുമായി റവന്യൂ മന്ത്രി
ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ദിവസങ്ങളില്‍ ചാനലുകളും പത്രങ്ങളും കാണാതിരുന്നാല്‍ മാത്രം മതിയെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയുണ്ടായി. ഇതിന് കാരണം സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ്. നല്ലൊരു ശതമാനം മുഖ്യാധാര മാധ്യമങ്ങളും ആദര്‍ശപ്രേരിതമായ വാര്‍ത്തകളില്‍ നിന്നും വ്യതിചലിച്ച് വന്‍ വ്യവസായമായി മാറുകയാണെന്നാണ് നിലവിലെ ആരോപണം. സാധാരണക്കാരന്റെ ശബ്ദമാകുന്നത് നവ മാധ്യമങ്ങളാണെന്നാണ് ഇപ്പോഴുള്ള സംസാരം.
എന്നാല്‍ നവമാധ്യമങ്ങളുടെ ആധികാരികത എത്രമാത്രമുണ്ടെന്നുള്ളതും പല വിഷയങ്ങളിലും നാം കണ്ടിട്ടുണ്ട്. ഈയിടെ തന്നെ യുഎഇ സര്‍ക്കാര്‍ 700 കോടി പ്രഖ്യാപിച്ചതെന്നതടക്കമുള്ള വിഷയങ്ങളിലും വിവാദങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിച്ചിരുന്നു. കൃത്യമായ അല്ലെങ്കില്‍ ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതിന് മുന്‍പ് തന്നെ യുഎഇ സര്‍ക്കാര്‍ 700 കോടി വാഗ്ദാനം ചെയ്ത വാര്‍ത്തയ്ക്ക് മാധ്യമങ്ങളും ഒപ്പം സോഷ്യല്‍ മീഡിയയും വന്‍ പ്രചാരണം നല്‍കി. മുഖ്യമന്ത്രി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഇങ്ങനെ നല്‍കിയതെന്ന് പറഞ്ഞ് വാര്‍ത്താ മാധ്യമങ്ങള്‍ തടിതപ്പി.
Also Read: കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത് 445 പേരുടെ ജീവന്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഇങ്ങനെ
ഏതാണ് വിശ്വസിക്കേണ്ടതെന്ന് അറിയാതെ സാധാരണക്കാരും. ഇങ്ങനെ വരുമ്പോഴാണ് മാധ്യമങ്ങളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്. എത്രത്തോളം ഉറപ്പുവരുത്തിയാണ് ഒരു വാര്‍ത്ത നല്‍കേണ്ടത് എന്ന ധാര്‍മ്മിക ഉത്തരവാദിത്വം മാധ്യമങ്ങള്‍ മറന്നുപോകുന്നു. പകരം തങ്ങള്‍ ആദ്യം നല്‍കിയാലെ തങ്ങള്‍ക്ക് റേറ്റിങ് ലഭിക്കുകയുള്ളു എന്ന മത്സരബുദ്ധിയാണ് ഈ വിശ്വാസ്യതയ്ക്കും സത്യസന്ധതയ്ക്കും വിലങ്ങാവുന്നത്. നിലവിലെ ഈ സ്ഥിതി മാറിയില്ലെങ്കില്‍ ജനങ്ങള്‍ തന്നെ മാധ്യമങ്ങളെ പൂര്‍ണ്ണമായും തള്ളിപ്പറയുന്ന കാലം വിദൂരമല്ലെന്ന് വേണം കരുതാന്‍…
Post Your Comments