കണ്ണൂര്‍: പിണറായി കൂട്ടക്കൊലപാതകക്കേസില്‍ പ്രതിയായ സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കൂട്ടകൊലപാതകത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കുള്ളതായും ഇവര്‍ ആരോപിച്ചു. സൗമ്യയ്ക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നു രാവിലെ 10 മണിയോടെയാണ് കണ്ണൂര്‍ ജയില്‍ വളപ്പിലെ കശുമാവില്‍ സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വനിതാ ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയായിരുന്നു സൗമ്യക്ക്. രാവിലെ ജയില്‍ വളപ്പില്‍ പുല്ലരിയാന്‍ പോയ സമയത്താണ് സൗമ്യ സാരിയില്‍ കശുമാവില്‍ തൂങ്ങി മരിച്ചത്.
തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് തടസമായിരുന്ന മാതാപിതാക്കളെയും മക്കളെയും വിഷം നല്‍കി സൗമ്യ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. അച്ഛന്‍ വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(76), അമ്മ കമല (65), മകള്‍ ഐശ്വര്യ കിഷോര്‍(8) എന്നിവരെയാണ് സൗമ്യ കൊലപ്പെടുത്തിയത്. കേസില്‍ കഴിഞ്ഞ ഏപ്രില്‍ 24 ന് സൗമ്യയെ പൊലീസ് അറസ്റ്റുചെയ്തു.
എന്നാല്‍ കൊലപാതകത്തില്‍ മറ്റു പലര്‍ക്കും പങ്കുള്ളതായാണ് ബന്ധുക്കളുടെ സംശയം. കൂടാതെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ കേസ് അട്ടിമറിക്കുകയായിരുന്നെന്ന് അവര്‍ പറയുന്നു. സൗമ്യയുടെ അഞ്ചു മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പരിശോധിച്ചിട്ടും തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞതായും അവര്‍ ആരോപിച്ചു.
ALSO READ:സൗമ്യയുടെ അസ്വാഭാവിക മരണം : ജയില്‍ അധികൃതര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായേക്കും
സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്നും, തന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്നും കുറിപ്പില്‍ എഴുതിയിരുന്നു.
റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് സൗമ്യയെ സന്ദര്‍ശിച്ച കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ) പ്രവര്‍ത്തകരോട് ചിലരുടെ നിര്‍ദേശ പ്രകാരമാണു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ഇക്കാര്യം കോടതിയില്‍ തുറന്നു പറയുമെന്നും സൗമ്യ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നു വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
Post Your Comments