ശങ്കു ടി ദാസ്
തെന്നാലി രാമന്റെ കാലം തൊട്ട് പ്രചാരത്തിലുള്ള ടെക്‌നിക്ക് ആണ്.ഒരു വലിയ വരയെ ചെറുതാക്കാൻ അതിന്റെ തൊട്ടടുത്ത് അതിലും വലിയൊരു വര കൂടി വരച്ചിട്ടാൽ മതിയാവും എന്നാണത്.
കേന്ദ്രം അടിയന്തര സഹായമായി പ്രഖ്യാപിച്ച 600 കോടിയാണ് ചെറുതാക്കേണ്ട ആദ്യ വര.
ഏത് നിലക്കും അതിനെ കുറച്ചു കാണിക്കേണ്ടതും തീരെ ചെറുതെന്ന് വരുത്തേണ്ടതും അത്യാവശ്യമായിരുന്നു.അതിന് വേണ്ടി 600ന്റെ തൊട്ടടുത്ത ഫിഗർ സ്ലാബ് ആയ 700നെ കോടി പുതപ്പിച്ചു അതിന്റപ്പുറത്ത് തന്നെ കിടത്തി.അതോടെ താരതമ്യത്തിൽ 600 കോടി ശുഷ്ക്കവും തുലോം പരിമിതവും ആയി.പറയുമ്പോൾ വലിയ അധ്വാനമൊന്നും ഇല്ലാത്ത പണിയാണ്.പക്ഷെ എന്തൊക്കെ അജണ്ടകൾക്കാണ് അതൊന്നിച്ച് വൈൽഡ് കാർഡ് എൻട്രി കൊടുത്തത്.
കേരളത്തിന്റെ പുനർനിർമ്മാണ കാര്യത്തിൽ ഇന്ത്യൻ യൂണിയനേക്കാൾ ശ്രദ്ധയും താല്പര്യവും യുണൈറ്റഡ് അറബ് എമിറേറ്റ്സിനാണ് എന്ന് വരുത്താൻ സാധിച്ചു. വിദേശ സൗജന്യങ്ങൾ സ്വീകരിക്കില്ലെന്ന നയം 2004 മുതൽ രാജ്യം പിന്തുടർന്ന് വരുന്നതിനാൽ ഇനി ആയിരം കോടി സഹായം ആരെങ്കിലും പ്രഖ്യാപിച്ചാലും അത് വേണ്ടെന്ന നിലപാട് കേന്ദ്ര സർക്കാർ എടുക്കുമെന്ന് ഉറപ്പായിരുന്നു.
ആ ഉറപ്പിൽ കേരളത്തോടുള്ള വിരോധം കൊണ്ട് കേന്ദ്രം യു.എ.ഇയുടെ വാഗ്ദാനം നിഷേധിക്കാൻ സാധ്യതയുണ്ടെന്നും, അങ്ങനെ ചെയ്‌താൽ ഒരൊറ്റ ബിജെപിക്കാരനെ വെറുതെ വിടരുതെന്നും, സംഘികളെ മുഴുവൻ കേരളത്തിൽ നിന്ന് നാട് കടത്തണമെന്നും ഉള്ള പ്രകോപനപരമായ ആഹ്വാനങ്ങൾ പരമാവധി മുഴക്കി ആളുകളിൽ എത്തിച്ചു.
READ ALSO: യു.എ.ഇ ധനസഹായം: പുതിയ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍
കേന്ദ്രം ചെയ്ത കാര്യങ്ങളെ മുഴുവൻ അപ്പാടെ വിസ്മരിക്കുന്നതും, കേരളത്തോട് യൂണിയൻ വിവേചനപരവും ദാക്ഷിണ്യ രഹിതവും ആയ സമീപനമാണ് പുലർത്തുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും ആയ നറേറ്റിവ് സൃഷ്ടിച്ചു.അത് വഴി കേരളം ഇന്ത്യൻ യൂണിയനിൽ നിന്ന് പിരിഞ്ഞു മാറണമെന്നും സ്വതന്ത്ര രാഷ്ട്രമായി തീരണമെന്നും ഉള്ള വിഘടനവാദ അജണ്ടകൾ രോഷത്തിന്റെ മറ കെട്ടി കളത്തിറക്കി.
പെരുമഴയെ പിടിപ്പുകേട് കൊണ്ട് പ്രളയമാക്കി തീർത്ത സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ചയിൽ നിന്ന് താൽക്കാലികമായെങ്കിലും ചർച്ച തിരിക്കാനും സാധിച്ചു.എല്ലാ ഡാമും ഒന്നിച്ചു തുറന്ന് വിട്ട ക്രിമിനൽ മിസ്റ്റേക്കിനെ പറ്റി ചോദ്യമുയരാതിരിക്കാൻ പ്രധാനമന്ത്രിയുടെ ഫേസ്ബുക് പേജിൽ ഡാം തുറന്ന് വിട്ട മാതിരി തെറിയും അശ്ലീലവും എഴുതി നിറച്ച് സോഷ്യൽ മീഡിയയെ ദിവസങ്ങളോളം അസഭ്യത്തിൽ കുളിപ്പിച്ചു നിർത്തി.
സംസ്ഥാന മുഖ്യമന്ത്രി നേരിട്ട് തുടങ്ങി വെച്ച നുണ പ്രചാരണം കൊണ്ട് സൈബർ സഖാക്കൾ കൊയ്ത രാഷ്ട്രീയ ലാഭമാണിതൊക്കെയും.നിർലോഭം പൂജ്യങ്ങൾ ചേർത്തൊരു സാങ്കൽപ്പിക സംഖ്യ കൊണ്ടവർ ഒരു ജനതയെ ആകെ കുരങ്ങു കളിപ്പിച്ചു.
പക്ഷെ, തെന്നാലി രാമന്റെ കാലത്തിനും മുൻപ് പ്രചാരത്തിലുള്ള വേറൊരു ടെക്‌നിക്ക് ഉണ്ടെന്നത് അവർ മറന്നു പോയി.എത്ര വിദഗ്ദമായി മൂടി വെച്ചാലും സത്യം ഒടുവിൽ പുറത്ത് വരിക തന്നെ ചെയ്യും എന്ന പ്രപഞ്ചത്തിന്റെ സ്വന്തം ടെക്‌നിക്ക് ആണത്. 700 കോടിയുടെ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു.എന്താണ് ചെയ്യാൻ സാധിക്കുക എന്നാലോചിച്ചു വരുന്നതേ ഉള്ളൂവെന്ന് യു.എ.ഇ അംബാസിഡർ അഹമ്മദ് അൽബന്ന തന്നെയാണ് മാധ്യമങ്ങളോട് വിശദീകരിച്ചിരിക്കുന്നത്.
വെറി തീരും; വെറിയിൽ പെട്ടത് തീരില്ല എന്ന് നാട്ടിലൊക്കെ ഒരു പ്രയോഗമുണ്ട്.ഒടുവിൽ പരിതസ്ഥിതി ശാന്തമാവുമ്പോൾ ആ പരിതസ്ഥിതിയിൽ ചെയ്തതും പറഞ്ഞതും മാത്രമാവും ബാക്കി നിൽക്കുക.ഈ പ്രളയവും ദുരിതവും പ്രാരാബ്ധവും പ്രതിസന്ധിയും ഒക്കെ ഒഴിഞ്ഞു പോവും.ഒരു വിദേശ സഹായവും കൂടാതെ ഇന്ത്യൻ യൂണിയനോടൊപ്പം ഉറച്ചു നിന്ന് കൊണ്ട് തന്നെ അഭിമാനിയായ മലയാളി ഈ ദുരവസ്ഥകളെ ഒക്കെ അതിജീവിക്കും. എന്നാൽ അപ്പോളും ഒഴിഞ്ഞു പോവാത്തതായി ഈ പ്രളയകാലത്ത് നിങ്ങൾ ചെയ്ത നെറികേടുകളുടെ ഓർമ്മ ബാക്കിയുണ്ടാവും. സൗത്ത് വിൽ റിമംബർ എന്നല്ലേ ഗോട്ട് കോട്ട്??
Post Your Comments