തിരുവനന്തപുരം: പ്രളയം സര്‍ക്കാര്‍ സൃഷ്ടിയെന്ന് വീണ്ടും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റുകള്‍ ചൂണ്ടി കാണിക്കേണ്ടത് പ്രതിപക്ഷ ധര്‍മ്മമാണെന്നും വീഴ്ച മറച്ചു വെയ്ക്കുവാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയുധമാക്കിയെന്നും പ്രളയത്തിന്റെ ഉത്തരവാദിത്വം ജനങ്ങളുടെ തലയില്‍ കെട്ടി വെയ്ക്കരുതെന്നും വീഴ്ചയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വെറുതെ വിമര്‍ശിക്കുകയല്ലെന്നും വീഴ്ചകള്‍ ചൂണ്ടി കാണിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ബുധനാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കല്ല മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പാളിച്ചകളെ സംബന്ധിച്ച് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുതോണി അണക്കെട്ട് ഒഴിച്ച് മറ്റ് അണക്കെട്ടുകള്‍ തുറന്നത് വേണ്ടത്ര മുന്നറിയിപ്പ് ഇല്ലാതെയാണെന്നും അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.അര്‍ധരാത്രിയില്‍ തലയ്ക്ക് മീതെ വെള്ളം വന്നെന്ന് പറഞ്ഞത് രാജു എബ്രഹാമാണെന്നും ജനങ്ങള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ രക്ഷപ്പെട്ട് ഓടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രി ഒരു മണിക്കാണ് റാന്നിയില്‍ മുന്നറിയിപ്പ് നല്‍കിയത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിലും സര്‍ക്കാരിന് വീഴ്ച പറ്റി. ആളുകളെ ഒഴിപ്പിക്കാതെ അണക്കെട്ടുകള്‍ തുറന്നു വിട്ടു. കേന്ദ്ര ജല കമ്മീഷന്റെ നിര്‍ദേശങ്ങളും മുഖവിലയ്‌ക്കെടുത്തില്ല ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇത് കൂടാതെ ഭരണകക്ഷി എം.എല്‍.എമാരായ വീണാ ജോര്‍ജും സജി ചെറിയാനും ആശങ്കകള്‍ പങ്കുവച്ചിരുന്നു. ആലപ്പുഴ, ചെങ്ങന്നൂര്‍, വൈക്കം എന്നിവിടങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയില്ലെന്നും റാന്നിയില്‍ പുലര്‍ച്ചെ ഒന്നിനാണ് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ആളുകളെ ഒഴിപ്പിക്കേണ്ട രൂപരേഖ തയാറാക്കണമെന്നാണ് നിര്‍ദേശം. മരുന്ന് ഉള്‍പ്പെടെയുള്ള സാധാനങ്ങള്‍ ക്യാന്പുകളില്‍ ഉറപ്പുവരുത്തണമായിരുന്നു. റെഡ് അലര്‍ട്ടിന് മുന്‍പായി മുഴുവന്‍ അളുകളെയും ഒഴിപ്പിക്കണം. ഈ നിര്‍ദേശങ്ങള്‍ ഒന്നും സംസ്ഥാനത്ത് പാലിക്കപ്പെട്ടിട്ടില്ല,’ രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതും സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പെരിങ്ങള്‍ കൂത്ത്, ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നതോടെ വാച്ചുപുരത്തുള്ള ഷട്ടര്‍ ഉപയോഗിച്ച് ഇടമലയാറിലേക്കുള്ള വെള്ളം നിയന്ത്രിക്കാമായിരുന്നെന്നും ഇത് സര്‍ക്കാര്‍ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments